Connect with us

National

പൊതുസ്ഥലങ്ങളില്‍ തടസങ്ങള്‍ സൃഷ്ടിക്കുന്ന അനിശ്ചിതകാല സമരങ്ങള്‍ പാടില്ല: സുപ്രീം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി | പൊതുസ്ഥലങ്ങളില്‍ ഗതാഗതമടക്കം തടസ്സം സൃഷ്ടിക്കുന്ന സമരങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി സുപ്രിം കോടതിയുടെ വിധി. പൊതുയിടങ്ങളില്‍ സമരം ചെയ്യാനുള്ള അവകാശത്തിനൊപ്പം തന്നെ സഞ്ചാര സ്വാതന്ത്ര്യവും ഒത്തുപോകേണ്ടതാണെന്ന് കോടതി നിരീക്ഷിച്ചു. ഷഹീന്‍ ബാഗ് സമരവുമായി ബന്ധപ്പെട്ട പൊതുതാത്പര്യഹര്‍ജിയിലാണ് ജസ്റ്റിസുമാരായ എസ് കെ കൗള്‍, കൃഷ്ണ മുരാരി, ഹൃഷികേശ് റോയ് എന്നിവരടങ്ങിയ ബെഞ്ച് വിധി പറഞ്ഞത്. പൊതുയിടങ്ങളിലെ സമരം ഒഴിപ്പിക്കാന്‍ ഭരണകൂടം കോടതിയുടെ ഉത്തരവിനായി കാത്തുനില്‍ക്കേണ്ടതില്ല. സമാധാനപൂര്‍വ്വമായ സമരം ഭരണഘടനാ അവകാശമാണ്. എന്നാല്‍ വ്യക്തികള്‍ക്കോ, സംഘടനകള്‍ക്കോ പൊതു ഇടം തടസ്സപ്പെടുത്തി സമരം ചെയ്യാന്‍ അവകാശമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

സമരങ്ങള്‍ പ്രത്യേകമായി അനുവദിച്ച സ്ഥലങ്ങളില്‍ നടത്തണം. ഗതാഗതം സുഖമമായി നടക്കുന്നുണ്ടെന്ന് പോലീസ് ഉറപ്പാക്കണം. ജനാധിപത്യ അവകാശവും എതിര്‍പ്പും ഒരുമിച്ച് പോകണം.

സാങ്കേതിക യുഗത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. എന്നാല്‍ സമൂഹ മാധ്യമങ്ങള്‍ സമൂഹത്തില്‍ ധ്രുവീകരണത്തിനായുള്ള അന്തരീക്ഷമാണ് സൃഷ്ടിച്ചത്. വെറും പ്രതിഷേധ സമരം ആയി ആരംഭിച്ച ഷഹീന്‍ ബാഗ് സമരം പൗരന്റെ സഞ്ചാര സ്വാതന്ത്ര്യത്തെ ബാധിക്കുന്ന തരത്തിലേക്ക് വളര്‍ന്നതില്‍ സമൂഹ മാധ്യമങ്ങള്‍ക്ക് പങ്കുണ്ടെന്നും കോടതി കുറ്റപ്പെടുത്തി.

സ്വാതന്ത്ര്യ സമര കാലത്ത് കൊളോണിയല്‍ വാഴ്ചയെ എതിരിടാന്‍ സ്വീകരിച്ച മാര്‍ഗങ്ങള്‍ ഇപ്പോള്‍ സ്വീകരിക്കാന്‍ കഴിയില്ല.  റോഡുകളിലെ തടസം നീക്കേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ്. അധികാരികള്‍ വീഴ്ച വരുത്തിയാല്‍ കോടതിയുടെ ഇടപെടല്‍ ക്ഷണിച്ചു വരുത്തുമെന്നും സുപ്രീം കോടതി ഉത്തരവിലുണ്ട്.

Latest