Connect with us

Covid19

ജാഗരൂകമായ നടപടികളിലൂടെ സംസ്ഥാനത്ത് കൊവിഡ് വ്യാപനം പിടിച്ചുനിര്‍ത്താനായി: മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം | ഇന്ത്യയില്‍ ഏറ്റവും ആദ്യം കൊവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സംസ്ഥാനമായിരുന്നിട്ടും സര്‍ക്കാരും ജനങ്ങളും ഒരുപോലെ ഉയര്‍ത്തിയ മികച്ച ജാഗ്രതയുടെ ഫലമായി വ്യാപനം വലിയ തോതില്‍ പിടിച്ചു നിര്‍ത്താന്‍ സാധിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ കുറച്ചു നാളുകളില്‍ രോഗ വ്യാപനം വര്‍ധിച്ചിട്ടു പോലും ദേശീയ ശരാശരിയുമായി താരതമ്യം ചെയ്യുമ്പോള്‍ നമ്മള്‍ മെച്ചപ്പെട്ട നിലയിലാണ്. ടെസ്റ്റ് പെര്‍ മില്യണ്‍ ദേശീയ തലത്തില്‍ 77,054 ആയിരിക്കുമ്പോള്‍ കേരളത്തിലത് 92,788 ആണ്. ദേശീയ തലത്തില്‍ പത്തു ലക്ഷത്തില്‍ 99 ആളുകള്‍ മരിച്ചപ്പോള്‍ കേരളത്തില്‍ അത് 24.5 ആണ്. കേസ് ഫറ്റാലിറ്റി റേറ്റിന്റെ ദേശീയ ശരാശരി 1.55 ശതമാനമാണെങ്കില്‍ കേരളത്തിലത് 0.36 ശതമാനം മാത്രമാണ്. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് ദേശീയ തലത്തില്‍ 8.3 ശതമാനം ആയിരിക്കുമ്പോള്‍ കേരളത്തിലത് 7.2 ശതമാനമാണ്.

ഇങ്ങനെ കണക്കുകള്‍ നോക്കിയാല്‍ നമ്മളിതു വരെ കാണിച്ച ജാഗ്രതയും സ്വീകരിച്ച നടപടികളും വെറുതെയായില്ല എന്നു മനസ്സിലാക്കാനാകും. അതുകൊണ്ടു തന്നെ അവ കൂടുതല്‍ ശക്തമായി മുന്നോട്ടു കൊണ്ടുപോയേ തീരൂ. ജാഗ്രതക്കുറവ് സമൂഹത്തില്‍ ഉണ്ടാകുന്നതിന്റെ ഭാഗമായി രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. കോഴിക്കോട്, തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം, കാസര്‍കോട്, എറണാകുളം എന്നീ ജില്ലകളില്‍ കേസ് പെര്‍ മില്യണ്‍ കഴിഞ്ഞ ആഴ്ചയില്‍ വര്‍ധിച്ചു. തിരുവന്തപുരം ഒഴികെയുള്ള ജില്ലകളിലെ ഇരട്ടിക്കല്‍ തോത് കുറയുകയും ചെയ്തു. ഈ സാഹചര്യത്തില്‍ എല്ലാ ജില്ലകളിലും ലക്ഷണമുള്ള ആളുകളെ പരമാവധി കണ്ടെത്താനും ഐസോലേറ്റ് ചെയ്യാനുമുള്ള നടപടികള്‍ ത്വരിതപ്പെടുത്താന്‍ നിര്‍ദേശം നല്‍കി. അതോടൊപ്പം മാര്‍ക്കറ്റുകളിലും പൊതുസ്ഥലങ്ങളിലും കൊവിഡ് പ്രോട്ടോക്കോള്‍ കൂടുതല്‍ കര്‍ശനമാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

കൊവിഡ് സംശയിക്കുന്നവരില്‍ ആന്റിജന്‍ ടെസ്റ്റ് നെഗറ്റീവ് ആയാലും ആര്‍ ടി പി സി ആര്‍ ടെസ്റ്റ് കൂടി നടത്താനും തീരുമാനിച്ചിട്ടുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 10 ല്‍ താഴെ നിര്‍ത്തുന്നതിനാവശ്യമായ ശക്തമായ നടപടികള്‍ എല്ലാ ജില്ലകളിലും സ്വീകരിക്കും. ഗര്‍ഭിണികള്‍ക്കും ഡയാലിസിസ് വേണ്ടവര്‍ക്കും കൊവിഡ് പോസിറ്റീവ് ആകുന്ന സാഹചര്യത്തില്‍ അവശ്യമായ ചികിത്സാ സൗകര്യം വിലയിരുത്തുന്നതിനും അതിനനുസരിച്ച് അത് തയ്യാറാക്കുന്നതിനും നിര്‍ദേശം നല്‍കി. ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും വേണ്ട രീതിയില്‍ ബെഡുകള്‍ തയ്യാറാക്കുന്നതിനു വേണ്ട നടപടികളും സ്വീകരിച്ചു.
എറണാകുളം ജില്ലയില്‍ കേസുകള്‍ കൂടിയ സാഹചര്യത്തില്‍ രോഗലക്ഷണം അനുഭവപ്പെടുമ്പോള്‍ തന്നെ ആളുകള്‍ക്ക് ബന്ധപ്പെടാനായി ഓരോ തദ്ദേശ ഭരണ സ്ഥാപനത്തിലും അതിനു മാത്രമായി ഫോണ്‍ സൗകര്യം ഏര്‍പ്പാടാക്കി. ജില്ലയില്‍ വീടുകളില്‍ കഴിയുന്ന കൊവിഡ് രോഗികള്‍ക്കായി ടെലി മെഡിസിന്‍ സൗകര്യവും ക്ലിനിക്കല്‍ ഫോളോഅപ്പിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ ചുമതലകള്‍ നല്‍കിക്കൊണ്ട് രോഗികള്‍ക്കു മികച്ച പരിചരണം നല്‍കുന്നതിനാണ് ശ്രമിക്കുന്നത്.

സമൂഹത്തില്‍ എത്ര ശതമാനം ആളുകള്‍ക്ക് രോഗം വന്നു പോയിട്ടുണ്ടാകാം എന്നു കണ്ടെത്തുന്നതിനായി ആഗസ്റ്റില്‍ ഐ സി എം ആര്‍ നടത്തിയ സെറോ സര്‍വേ (ലെൃീ ൗെൃ്‌ല്യ) പ്രകാരം കേരളത്തില്‍ 0.8 ശതമാനം ആളുകള്‍ക്കാണ് കോവിഡ് വന്നു പോയതായി കണ്ടെത്തിയത്. ദേശീയ തലത്തില്‍ അതേ പഠനം കണ്ടെത്തിയത് 6.6 ശതമാനം പേര്‍ക്ക് രോഗം വന്നു പോയി എന്നാണ്. മെയ് മാസത്തില്‍ നടത്തിയ സെറോ സര്‍വേ പ്രകാരം 0.73 ശതമാനമായിരുന്നു ദേശീയ തലത്തില്‍ കണ്ടെത്തിയത്. അതാണിപ്പോള്‍ 6.6 ശതമാനമായി (ഏകദേശം 9 ഇരട്ടിയായി ) ഉയര്‍ന്നത്. എന്നാല്‍ കേരളത്തില്‍ അത് 0.33 ശതമാനത്തില്‍ നിന്നും 0.8 ശതമാനമായി (ഏകദേശം 2.4 ഇരട്ടി) ആണ് ഉയര്‍ന്നത്.
ദേശീയ ജനസാന്ദ്രതയുടെ ഇരട്ടിയോളം ജനസാന്ദ്രതയുള്ള സംസ്ഥാനമാണ് കേരളമെന്നോര്‍ക്കുമ്പോഴാണ് ഈ വ്യത്യാസം എത്രമാത്രം പ്രധാനമാണെന്ന് മനസ്സിലാക്കാനാവുക.

വയോജനങ്ങളുടെ ജനസംഖ്യാനുപാതവും ഏറ്റവും കൂടുതലുള്ള സംസ്ഥാനമാണ് കേരളം. ഏറ്റവും കൂടുതല്‍ പ്രവാസികള്‍ വന്ന സംസ്ഥാനമാണ് നമ്മുടെത്. നഗര-ഗ്രാമ ഭേദം ഏറ്റവും കുറവുള്ള സംസ്ഥാനവും കേരളം തന്നെയാണ്. ഇതൊക്കെ കൊവിഡ് വ്യാപനത്തിന് അനുകൂല ഘടകങ്ങളാണ്. എന്നിട്ടും രോഗവ്യാപനം ദേശീയ ശരാശരിയേക്കാള്‍ ഗണ്യമായി കുറഞ്ഞ നിരക്കില്‍ പിടിച്ചു നിര്‍ത്താന്‍ നമുക്കിതു വരെ സാധിച്ചു എന്നാണ് ഈ പഠനം വ്യക്തമാക്കുന്നത്. രോഗവ്യാപനം തടയുന്നതിനായി നടപ്പിലാക്കിയ പ്രവര്‍ത്തനങ്ങള്‍ വെറുതെയായില്ല എന്ന് ഇതിലൂടെ മനസ്സിലാക്കണം. എല്ലാവര്‍ക്കും രോഗം വരുമെന്ന നിലയില്‍ പ്രചരിക്കുന്ന ധാരണ തെറ്റാണെന്ന് തെളിയിക്കുക കൂടി ചെയ്യുന്നുണ്ട് ഈ പഠനം. 0.8 ശതമാനം ആളുകളില്‍ മാത്രമാണ് രോഗം വന്നു പോയത്.

നമ്മുടെ ആരോഗ്യ-പ്രതിരോധ സംവിധാനങ്ങളുടെ മികവ് കൂടി ഈ പഠനം ചൂണ്ടിക്കാണിക്കുന്നു. ഈ പഠന പ്രകാരം ഒരു കേസിന് ആനുപാതികമായി 10 എണ്ണമാണ് കണ്ടെത്താതെ പോകുന്ന കേസുകള്‍. എന്നാല്‍ ദേശീയ തലത്തില്‍ അത് നൂറിനും മുകളിലാണ്. നമ്മുടെ പ്രതിരോധ സംവിധാനങ്ങളുടേയും ആരോഗ്യ പ്രവര്‍ത്തകരുടേയും മികവും ആത്മാര്‍ത്ഥതയുമാണ് ഈ വ്യത്യാസത്തിന്റെ കാരണം.

സെപ്തംബര്‍ മാസത്തില്‍ ഗണ്യമായ രോഗവ്യാപനമുണ്ടായി എന്നത് ഉയര്‍ന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് സൂചിപ്പിക്കുന്നു. നമ്മുടെ സാമൂഹ്യ ജാഗ്രതയില്‍ വന്ന പിഴവാണ് അതിന്റെ കാരണം എന്ന് ഈ സെറോ സര്‍വേ ഫലത്തില്‍ നിന്നും മനസ്സിലാക്കാം. ജാഗ്രതക്കുറവാണ് രോഗവ്യാപനത്തിനു കാരണമാകുന്നതെന്നതിനാല്‍ ബ്രേയ്ക്ക് ദ ചെയ്ന്‍ കാമ്പെയിന്‍ നമ്മള്‍ ശക്തമാക്കിയേ തീരൂ. അതിന്റെ ഗുണഫലം അനുഭവിച്ച സമൂഹമാണ് നമ്മുടേതെന്ന് മറന്നു കൂടാ. അതു നമ്മളെ ഓര്‍മ്മിപ്പിക്കുന്നു എന്നതാണ് ഈ ഐ സി എം ആര്‍ സര്‍വേയുടെ പ്രാധാന്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Latest