Connect with us

Covid19

പത്തനംതിട്ടയില്‍ കൊവിഡ് സ്ഥിതി നിലവില്‍ ഭേദമെന്ന് മന്ത്രി

Published

|

Last Updated

പത്തനംതിട്ട | പത്തനംതിട്ട ജില്ലയില്‍ ടെസ്റ്റ് ചെയ്യുന്ന ആളുകളുടെ എണ്ണം വര്‍ധിക്കുന്നതനുസരിച്ച് കൊവിഡ് കേസുകള്‍ ദിനംപ്രതി കൂടുന്നുണ്ടെങ്കിലും മറ്റു ജില്ലകളെ അപേക്ഷിച്ച് ഭേദപ്പെട്ട സ്ഥിതിയാണെന്ന് മന്ത്രി കെ രാജു. കൊവിഡ് അവലോകന യോഗത്തില്‍ സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. വരും ദിവസങ്ങളില്‍ കൂടുതല്‍ രോഗികള്‍ ഉണ്ടായേക്കാം. ഇതു കണക്കിലെടുത്ത് കൊവിഡ് പ്രതിരോധം കൂടുതല്‍ ശക്തിപ്പെടുത്താന്‍ നിയോജക മണ്ഡലാടിസ്ഥാനത്തില്‍ ജനപ്രതിനിധികളെ ഉള്‍പ്പെടുത്തി യോഗങ്ങള്‍ ചേരാന്‍ മന്ത്രി നിര്‍ദേശിച്ചു. ഈ മാസം 12, 13 തീയതികളില്‍ തിരുവല്ല, റാന്നി, കോന്നി മണ്ഡലങ്ങളില്‍ യോഗങ്ങള്‍ ചേരും.

രോഗ പ്രതിരോധം ശക്തിപ്പെടുത്തുന്നതിനായി ഗ്രാമപഞ്ചായത്ത് തലത്തില്‍ ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തും. ജില്ലയില്‍ അതിഥി തൊഴിലാളികള്‍ക്കിടയില്‍ കൂടുതലായി രോഗം സ്ഥിരീകരിക്കുന്ന സാഹചര്യത്തില്‍ പ്രത്യേക സി എഫ് എല്‍ ടി സി ആരംഭിക്കും. വാര്‍ഡ്തല സമിതികളുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുമെന്നും മന്ത്രി പറഞ്ഞു.

ആവശ്യഘട്ടത്തില്‍ ആരംഭിക്കുവാന്‍ സി എഫ് എല്‍ ടി സികള്‍ പ്രവര്‍ത്തന സജ്ജമാക്കണമെന്ന് മാത്യു ടി തോമസ് എം എല്‍ എ പറഞ്ഞു. കൊവിഡ് രോഗം ബാധിച്ച് മരിച്ചവരുടെ സംസ്‌കാരവുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണകള്‍ പ്രചരിപ്പിക്കുന്ന സാഹചര്യത്തില്‍ ജനങ്ങളില്‍ കൂടുതല്‍ അവബോധം സൃഷ്ടിക്കണമെന്നും എം എല്‍ എ പറഞ്ഞു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സന്നദ്ധ പ്രവര്‍ത്തകരുടെ സേവനം കൂടുതലായി ലഭ്യമാക്കുമെന്ന് രാജു എബ്രഹാം എം എല്‍ എ വ്യക്തമാക്കി. കൊവിഡ് ആശുപത്രികളിലും സി എഫ് എല്‍ ടി സികളിലും രോഗികള്‍ക്ക് വേണ്ട സേവനങ്ങള്‍ ലഭ്യമാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് കെ യു ജനീഷ് കുമാര്‍ എം എല്‍ എ പറഞ്ഞു.

ജില്ലാ കലക്ടര്‍ പി ബി നൂഹ്, ജില്ലാ പോലീസ് മേധാവി കെ ജി സൈമണ്‍, തിരുവല്ല സബ് കലക്ടര്‍ ചേതന്‍ കുമാര്‍ മീണ, എ ഡി എം. അലക്സ് പി തോമസ്, അടൂര്‍ ആര്‍ ഡി ഒ. എസ് ഹരികുമാര്‍, അസിസ്റ്റന്റ് കലക്ടര്‍ വി ചെല്‍സാസിനി, എല്‍ ആര്‍ ഡെപ്യൂട്ടി കലക്ടര്‍ ആര്‍ രാജലക്ഷ്മി, ദുരന്ത നിവാരണ ഡെപ്യൂട്ടി കലക്ടര്‍ ബി രാധാകൃഷ്ണന്‍, എല്‍ എ ഡെപ്യൂട്ടി കലക്ടര്‍ ടി എസ് ജയശ്രീ, ആര്‍ ആര്‍ ഡെപ്യൂട്ടി കലക്ടര്‍ ജെസിക്കുട്ടി മാത്യു പങ്കെടുത്തു.

Latest