Connect with us

Covid19

ബാര്‍ അസോസിയേഷന്‍ തിരഞ്ഞെടുപ്പിനു പിന്നാലെ രണ്ട് അഭിഭാഷകര്‍ക്ക് കൊവിഡ്

Published

|

Last Updated

പത്തനംതിട്ട | ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം മറികടന്ന് പത്തനംതിട്ട ബാര്‍ അസോസിയേഷന്‍ തിരഞ്ഞെടുപ്പ് നടത്തിയതിനു പിന്നാലെ രണ്ട് അഭിഭാഷകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇക്കഴിഞ്ഞ സെപ്തംബര്‍ 29നായിരുന്നു ബാര്‍ അസോസിയേഷന്‍ തിരഞ്ഞെടുപ്പ്. നിലവിലെ സാഹചര്യത്തില്‍ ആറാഴ്ചത്തേക്ക് തിരഞ്ഞെടുപ്പ് നടത്താതിരിക്കുന്നതാകും ഉചിതമെന്ന് ഡി എം ഒ നിര്‍ദേശിച്ചിരുന്നു. ഇതു മറികടന്നാണ് തിരഞ്ഞെടുപ്പ് നടത്തിയത്. 332 അഭിഭാഷകര്‍ തിരഞ്ഞെടുപ്പില്‍ പങ്കെടുക്കുകയും ചെയ്തു. ഇതിനു പിന്നാലെ നടന്ന ആഘോഷങ്ങളില്‍ പങ്കെടുത്ത രണ്ട് അഭിഭാഷകര്‍ക്കാണ് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഇവരുമായി നേരിട്ട് സമ്പര്‍ക്കമുള്ള അഭിഭാഷകര്‍ നിരീക്ഷണത്തില്‍ പോയി.

ആള്‍ക്കൂട്ടങ്ങളും സമ്മേളനങ്ങളും തിരഞ്ഞെടുപ്പുകളും ഒഴിവാക്കാനുള്ള നിര്‍ദേശങ്ങള്‍ മറികടന്ന് തിരഞ്ഞെടുപ്പ് നടത്തിയതിനെ ഒരുവിഭാഗം അഭിഭാഷകര്‍ എതിര്‍ത്തിരുന്നു. എന്നാല്‍ എ ഡി എമ്മിന്റെ അനുമതി വാങ്ങി കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് തിരഞ്ഞെടുപ്പ് നടത്തിയതെന്ന് വരണാധികാരിയായിരുന്ന ജേക്കബ് വര്‍ഗീസ് കൂടപ്പറമ്പില്‍ പറഞ്ഞു. രണ്ട് അഭിഭാഷകര്‍ക്ക് കൊവിഡ് ബാധിച്ചത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടല്ല, തിരഞ്ഞെടുപ്പില്‍ കൃത്യമായ സാമൂഹിക അകലം പാലിച്ചിരുന്നു. വോട്ടെടുപ്പില്‍ ഒരു സമയം പോലും തിരക്ക് അനുഭവപ്പെട്ടിരുന്നില്ല. രാവിലെ 9.30 മുതല്‍ വൈകുന്നേരം അഞ്ചുവരെ വോട്ടു ചെയ്യാന്‍ സമയം നല്‍കിയിരുന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു തന്നെയാണ് തിരഞ്ഞെടുപ്പ് നടത്തിയതെന്ന് ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് ജ്യോതിരാജും വ്യക്തമാക്കി. എ ഡി എമ്മിന്റെ അനുമതി തിരഞ്ഞെടുപ്പിന് ഉണ്ടായിരുന്നുവെന്നും അഭിഭാഷകര്‍ക്ക് കൊവിഡ് ബാധിച്ചത് വോട്ടെടുപ്പ് നടത്തിയതു കൊണ്ടാണെന്നു കരുതാനാകില്ലെന്നും ജ്യോതിരാജ് പറഞ്ഞു.