Kerala
തൃശ്ശൂരില്‍ വനിതാ ഡോക്ടറെ കുത്തിക്കൊന്നയാള്‍ പിടിയില്‍

തൃശ്ശൂര്‍ | മുവാറ്റപ്പുഴ സ്വദേശിനിയ ദന്തഡോക്ടര്‍ സോന ജോസ് കുട്ടനെല്ലൂരില്‍ കുത്തേറ്റ് മരിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. സോനയുടെ സുഹൃത്തും ബിസിനസ് പങ്കാളിയുമായ പാവറട്ടി സ്വദേശി മഹേഷിനേയാണ് പോലീസ് പിടികൂടിയത്. ഇന്ന് രാവിലെ തൃശ്ശൂരിലെ പൂങ്കുന്നത്ത് നിന്നാണ് ഇയാള്‍ പിടിയിലായത്.
കഴിഞ്ഞ മാസം 28നാണ് സോനയെ മഹേഷ് കത്തികൊണ്ട് കുത്തിയത്. ബന്ധുക്കള്‍ നോക്കി നില്‍ക്കേ കുട്ടനെല്ലൂരിലെ സോനയുടെ ക്ലിനിക്കില്‍ വച്ചാണ് മഹേഷ് യുവതിയെ ആക്രമിച്ചത്. സുഹൃത്തുകളായിരുന്ന സോനയും മഹേഷും തൃശ്ശൂര്‍ കുരിയചിറയിലെ ഫ്‌ലാറ്റില്‍ ഒരുമിച്ചാണ് കഴിഞ്ഞിരുന്നത്.
സോനയുടെ ദന്തല്‍ ക്ലിനിക്കില്‍ ഇരുവരും പണം നിക്ഷേപിച്ചിരുന്നു. വരുമാനത്തിന്റെ വലിയ പങ്ക് കോണ്‍ട്രാക്ടറായ മഹേഷ് കൊണ്ടുപോയി തുടങ്ങിയതോടെ ഇരുവര്‍ക്കുമിടയില്‍ തര്‍ക്കം തുടങ്ങി. മഹേഷിനെതിരെ സോന പോലീസില്‍ പരാതി നല്‍കിയതാണ് ആക്രമണത്തിന് കാരണമായത്. ഇരുവര്‍ക്കും ഇടയിലെ തര്‍ക്കം പരിഹരിക്കാനുള്ള മധ്യസ്ഥ ശ്രമത്തിനിടെ മഹേഷ് സോനയെ കത്തിയെടുത്ത് കുത്തുകയായിരുന്നു. കത്തി കൊണ്ടു സോനയുടെ വയറ്റിലും കാലിലും കുത്തിയ ശേഷം മഹേഷ് രക്ഷപ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സോനയെ ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിരിക്കെ രണ്ട് ദിവസം മുമ്പ് മരണപ്പെടുകയായിരുന്നു.