Kerala
സനൂപ് വധം: പ്രതികള്‍ക്കായി ഊര്‍ജിത അന്വേഷണം

തൃശ്ശൂര്‍ | പുതുശേരി സി പി എം ബ്രാഞ്ച് സെക്രട്ടറി സനൂപിനെ കുത്തികൊലപ്പെടുത്തിയ കേസില്‍ അന്വേഷണം ശക്തമാക്കി പോലീസ്. കേസിലെ പ്രതികളായ ബി ജെ പി, ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ക്കായി വിവിധ ജില്ലകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. വിത്യസ്ത സംഘങ്ങളായി തിരിഞ്ഞാണ് പോലീസ് അന്വേഷണം നടക്കുന്നത്. പ്രതികളെ ഉടന്‍ കണ്ടെത്താനാകുമെന്നാണ് പോലീസ് പറയുന്നത്.
സനൂപിനെ കുത്തികൊലപ്പെടുത്തിയവരെ കുറിച്ചുള്ള വിവരം അന്വേഷണ സംഘത്തിന് ഇന്നലെ തന്നെ ലഭിച്ചിരുന്നു. ചിറ്റിലങ്ങാട് നന്ദന്‍, ശ്രീരാഗ്, സതീഷ്, അഭയരാജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്നാണ് പരുക്കേറ്റവര്‍ പോലീസിന് നല്‍കിയ മൊഴി. സനൂപിനെ കുത്തിയത് നന്ദനാണെന്നും മൊഴിയുണ്ട്. നേരത്തെ കേണ്‍ഗ്രസുകരാനായിരുന്ന ഇയാള്‍ പിന്നീട് ബി ജെ പിയില്‍ ചേരുകയായിരുന്നു. ക്രിമിനല്‍ പശ്ചാത്തലമുള്ള നന്ദന്‍ ഒട്ടേറെ കേസുകളില്‍ പ്രതിയാണ്.
അതേസമയം കൊല്ലപ്പെട്ട സനൂപിന്റെ നെഞ്ചിനും വയറിനും ഇടയില്‍ കുത്തേറ്റതിന് പുറമെ തലക്ക് പുറകില്‍ അടിയേറ്റതായും പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സനൂപിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ട നടപടികള്‍ പൂര്‍ത്തിയാക്കി പുതുശേരി കമ്മ്യൂണിറ്റി ഹാളില്‍ പൊതുദര്‍ശനത്തിന് വച്ച ശേഷം ഇന്നലെ രാത്രിയോടെ ഷൊര്‍ണ്ണൂര്‍ ശാന്തി തീരത്തില്‍ സംസ്‌കരിച്ചിരുന്നു.