Connect with us

National

ഇന്ത്യ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഏറ്റവും വലിയ കേന്ദ്രമായി മാറണം: പ്രധാനമന്ത്രി നരേന്ദ്ര മോദി

Published

|

Last Updated

ന്യൂഡല്‍ഹി | ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യയുടെ ഏറ്റവും വലിയ കേന്ദ്രമായി മാറാനാണ് ഇന്ത്യ ശ്രമിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ ജനങ്ങള്‍ ഇതിനായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സാമൂഹിക ശാക്തീകരണത്തിന് ഉത്തരവാദിത്വമുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്ന വിഷയത്തില്‍ നടന്ന െൈറസ് 2020 ഉച്ചകോടി വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉത്തരവാദിത്തത്തോടെ ഉപയോഗിക്കുന്നത് സംബന്ധിച്ചും ഗവണ്‍മെന്റിതര സംവിധാനങ്ങള്‍ എഐ സാങ്കേതിക വിദ്യയെ ആയുധവത്കരിക്കുന്നതില്‍ നിന്ന് ലോകത്തെ രക്ഷപ്പെടുത്തേണ്ടതിന്റെ ആവശ്യകത സംബന്ധിച്ചും പ്രധാനമന്ത്രി ഊന്നിപറഞ്ഞു.

എഐ ഉപയോഗത്തില്‍ വിശ്വാസം സ്ഥാപിക്കുന്നതിന് അല്‍ഗോരിതത്തിന്റെ സുതാര്യത പ്രധാനമാണെന്നും അത് ഉറപ്പാക്കേണ്ടത് നമ്മുടെ കൂട്ടായ ഉത്തരവാദിത്തമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെക്കുറിച്ചുള്ള ചര്‍ച്ച പ്രോത്സാഹിപ്പിക്കുന്നതിനുള്ള മികച്ച ശ്രമമാണ് റൈസ് 2020. മനുഷ്യരുമായി ചേര്‍ന്ന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് ഭൂമിയില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും. സാങ്കേതികവിദ്യ, സുതാര്യതയും സേവന വിതരണവും മെച്ചപ്പെടുത്തുന്നുവെന്ന് ഇന്ത്യ അനുഭവിച്ചതായും ഇന്ത്യ എഐയുടെ ആഗോള കേന്ദ്രമായി മാറണമെന്നും അദ്ദേഹം പറഞ്ഞു. മഹാമാരി കാലത്ത് ഇന്ത്യയുടെ ഡിജിറ്റല്‍ സന്നദ്ധത എത്രമാത്രം സഹായകമാണെന്നത് നാം കണ്ടതാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

വിദ്യാഭ്യാസത്തിന്റെ പ്രധാന ഭാഗമായി സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള പഠനത്തിനും നൈപുണ്യത്തിനും ഊന്നല്‍ നല്‍കുന്ന ദേശീയ വിദ്യാഭ്യാസ നയം 2020 അടുത്തിടെ ഇന്ത്യ സ്വീകരിച്ചിട്ടുണ്ട്. വിവിധ പ്രാദേശിക ഭാഷകളില്‍ ഇ-കോഴ്‌സുകള്‍ വികസിപ്പിക്കുമെന്നും അത് എഐ പ്ലാറ്റ്‌ഫോമുകള്‍ ശക്തിപ്പെടുത്തുന്നതിന് ഗുണം ചെയ്യുമെന്നും മോദി പറഞ്ഞു.