National
ഹത്രാസ് കേസില്‍ സുപ്രീം കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണം; ഹരജി നാളെ പരിഗണിക്കും

ന്യൂഡല്‍ഹി | ഹത്രാസ് കേസില്‍ സുപ്രീംകോടതി മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി ചൊവ്വാഴ്ച സുപ്രീംകോടതി പരിഗണിക്കും. സുപ്രീംകോടതി മേല്‍നോട്ടത്തില്‍ സിബിഐ-എസ്‌ഐറ്റി അന്വേഷണം ആവശ്യപ്പെട്ടാണ് ഹരജി. എസ്എ ബോബ്‌ഡേ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക. കേസിന്റെ വിചാരണ യുപിക്ക് പുറത്തേക്ക് മാറ്റണമെന്നും ഹരജയില്‍ ആവശ്യമുണ്ട്.
ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ അന്താരാഷ്ട്രതലത്തില്‍ ഗൂഢാലോചന നടക്കുന്നുവെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആരോപിച്ചതിന് പിന്നാലെ ഹത്രാസില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ രാജ്യദ്രോഹകുറ്റത്തിനടക്കം യുപി പൊലീസ് വിവിധ വകുപ്പുകള്‍ പ്രകാരം പോലീസ് കേസെടുത്തിരിക്കുകയാണ്.
അതേസമയം ഫോറന്‍സിക് പരിശോധനാ ഫലം ഉയര്‍ത്തി പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്ന പോലീസ് വാദത്തെ തള്ളുന്നതാണ് അലിഗഡ് ജവഹര്‍ലാല്‍ നെഹ്‌റു മെഡിക്കല്‍ കോളേജിലെ ചീഫ് മെഡിക്കല്‍ ഓഫീസറുടെ വെളിപ്പെടുത്തല്‍.
ഫോറന്‍സിക് പരിശോധനക്കായി 96 മണിക്കൂറിനുള്ളില്‍ സാമ്പിള്‍ ശേഖരിക്കണമെന്നിരിക്കേ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് 11 ദിവസം കഴിഞ്ഞാണ് സാമ്പിള്‍ ശേഖരിച്ചതെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. അസീം മാലിക് ഒരു ദേശീയ മാധ്യമത്തോട് വെളിപ്പെടുത്തി.