Connect with us

Kerala

കേരളം മുഴുവന്‍ അന്തര്‍സംസ്ഥാന പ്രസരണ ശൃംഖലയുടെ ഭാഗമാക്കാനായത് വലിയ നേട്ടം: മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് എല്ലാ ഭാഗങ്ങളും അന്തര്‍സംസ്ഥാന പ്രസരണ ശൃംഖലയുടെ ഭാഗമാക്കാനായത് വലിയ നേട്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വൈദ്യുതി മേഖലയിലെ നാല് പദ്ധതികളുടെ നിര്‍മാണ ഉദ്ഘാടനവും നാല് പദ്ധതികളുടെ പൂര്‍ത്തീകരണ പ്രഖ്യാപനവും രണ്ട് പുതിയ ഓഫീസുകളുടെ പ്രവര്‍ത്തന ഉദ്ഘാടനവുംവിഡിയോ കോണ്‍ഫറന്‍സില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. നിലവില്‍ ഉദ്ഘാടനം ചെയ്ത പദ്ധതികളിലൂടെ കേരളത്തിന്റെ വൈദ്യുതി മേഖലയിലെ കാര്യക്ഷമത ഉയരും. സംസ്ഥാനത്തെ വൈദ്യുതി മേഖലയിലെ പ്രധാന നേട്ടമാണ് സമ്പൂര്‍ണ വൈദ്യുതീകരണം. പവര്‍കട്ടും ലോഡ്‌ഷെഡിംഗും ഇല്ലാത്ത വൈദ്യുതി വിതരണം സാധ്യമാക്കുമെന്ന വാഗ്ദാനവും പൂര്‍ണ അര്‍ത്ഥത്തില്‍ പാലിക്കാനായെന്ന് മുഖ്യമന്ത്രി പറഞ്ഞു.

നിര്‍മാണം പൂര്‍ത്തിയായ തിരുവല്ല 110 കെ വി സബ്‌സ്റ്റേഷന്‍, ആധുനിക സംവിധാനങ്ങളോടെ തയാറാക്കിയ അങ്കമാലി ഇലക്ട്രിക്കല്‍ ഡിവിഷന്റെ പുതിയ കെട്ടിടം, കാസര്‍ഗോഡ് ഭീമനടി, കൊല്ലം വെളിയം ഇലക്ട്രിക്കല്‍ സെക്ഷനുകളുടെ പുതിയ കെട്ടിടങ്ങള്‍ എന്നിവയാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. ഇടുക്കി നെടുങ്കണ്ടം ട്രാന്‍സ്മിഷന്‍ ഡിവിഷന്‍, പാലക്കാട് ലക്കിടി ഇലക്ട്രിക്കല്‍ സെക്ഷന്‍ എന്നിവയും പുതുതായി പ്രവര്‍ത്തനം ആരംഭിക്കുന്ന ഓഫീസുകളാണ്. ട്രാന്‍സ്ഗ്രിഡ് പദ്ധതിയുടെ ഭാഗമായി കോട്ടയം 400 കെവി ഗ്യാസ് ഇന്‍സുലേറ്റഡ് സബ്‌സ്റ്റേഷന്‍, പാലക്കാട് മണാര്‍ക്കാട് ഇലക്ട്രിക്കല്‍ ഡിവിഷന്റെ പുതിയ കെട്ടിടം, ഷൊര്‍ണൂര്‍ സബ് റീജ്യണല്‍ സ്റ്റോറിന്റെ പുതിയ കെട്ടിടം, കാസര്‍ഗോഡ് നല്ലോമ്പുഴ ഇലക്ട്രിക്കല്‍ സെക്ഷന്റെ പുതിയ കെട്ടിടം എന്നിവയാണ് നിര്‍മാണം ആരംഭിക്കുന്ന പദ്ധതികള്‍.

പതിനായിരം കോടി രൂപ മുതല്‍മുടക്കില്‍ നടപ്പാക്കുന്ന ട്രാന്‍സ്ഗ്രിഡ് പദ്ധതിയില്‍ 5200 കോടി രൂപയുടെ ആദ്യ ഘട്ടം പ്രവര്‍ത്തനം തുടങ്ങി. കേരളത്തിലെ ആഭ്യന്തര പ്രസരണ ശേഷി ഇരട്ടിയാക്കുകയാണ് ട്രാന്‍സ്ഗ്രിഡ് പദ്ധതിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി കോട്ടയത്ത് നിര്‍മിക്കുന്ന സബ് സ്റ്റേഷന്‍ ജില്ലയിലെ ആദ്യത്തേതും സംസ്ഥാനത്തെ ആറാമത്തേയും 400 കെ.വി സബ് സ്റ്റേഷനാണ്. ഇതിന്റെ നിര്‍മാണം രണ്ടു വര്‍ഷത്തില്‍ പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. അന്തര്‍സംസ്ഥാന പ്രസരണ ലൈനിലെ പോരായ്മ പരിഹരിക്കാന്‍ ഏറെ പ്രാധാന്യത്തോടെയുള്ള ഇടപെടലാണ് സര്‍ക്കാര്‍ നടത്തുന്നത്. ഇതിന്റെ ഭാഗമായി ഇടമണ്‍ കൊച്ചി 400 കെ. വി ലൈനിന്റെ പണി സമയബന്ധിതമായി പൂര്‍ത്തിയാക്കി. ഇതിലൂടെ കൂടംകുളത്ത് നിന്നുള്ള 266 മെഗാവാട്ട് പ്രസരണ നഷ്ടം കുറച്ച് കേരളത്തില്‍ എത്തിക്കാന്‍ കഴിയും. ആവശ്യമുള്ളപ്പോള്‍ 500 മെഗാവാട്ട് വൈദ്യുതിയും ഈ ലൈനിലൂടെ കൊണ്ടുവരാനാവും.