Kerala
സമരത്തിലുള്ള ഡോക്ടര്‍മാരുമായി ആരോഗ്യ മന്ത്രി ചര്‍ച്ചക്ക്

തിരുവനന്തപുരം | രോഗിയെ പുഴുവരിച്ച സംഭവത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെ സ്വീകരിച്ച സസ്‌പെന്‍ഷന്‍ നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തുന്ന ഡോക്ടര്‍മാരുമായി ചര്‍ച്ചക്ക് സര്‍ക്കാര്‍ വഴങ്ങി. ആരോഗ്യ മന്ത്രി കെ കെ ശൈലജ സമരക്കാരുമായി ചര്‍ച്ച നടത്തും. നടപടി പിന്‍വലിക്കാനാകില്ലെന്ന ഉറച്ച നിലപാടിലായിരുന്നു സര്‍ക്കാര്‍ ഇതുവരെ. രണ്ട് മണിക്കൂര്‍ ഒ പി ബഹിഷ്‌കരിച്ചും ഓണ്‍ലൈന്‍ ക്ലാസുകള്‍ നിര്‍ത്തി വച്ചുമാണ് ഡോക്ടര്‍മാര്‍ സമരം ചെയ്യുന്നത്. തിരുവനന്തപുരത്തെ നോഡല്‍ ഓഫീസര്‍ ഡോ. അരുണയെ സസ്‌പെന്‍ഡ് ചെയ്ത നടപടിയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ കൊവിഡ് നോഡല്‍ ഓഫീസര്‍മാരുടെ പദവി ഡോക്ടര്‍മാര്‍ കൂട്ടത്തോടെ രാജിവച്ചിരുന്നു.
കെ ജി എം സി ടി എ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നടത്തുന്ന റിലേ നിരാഹാര സത്യഗ്രഹം ഇന്നവസാനിക്കാനിരിക്കെയാണ് ഡോക്ടര്‍മാര്‍ കൂടുതല്‍ ശക്തമായ സമരത്തിലേക്ക് കടന്നത്. ജീവനക്കാരുടെ കുറവ് ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് സമരക്കാര്‍ സര്‍ക്കാര്‍ നടപടിയെ എതിര്‍ക്കുന്നത്. രോഗികള്‍ ദിവസം തോറും കൂടിവരികയാണ്. സസ്‌പെന്‍ഷന്‍ നടപടി ആരോഗ്യപ്രവര്‍ത്തകരെ ബലിയാടാക്കുന്നതാണെന്നും ഡോക്ടര്‍മാര്‍ ആരോപിക്കുന്നു.