National
ഹത്രാസ്: പ്രതികളെ രക്ഷിക്കാന്‍ ഉന്നത ജാതിക്കാരുടെ യോഗം വിളിച്ച്കൂട്ടി ബിജെപി നേതാവ്

ഹത്രാസ് | ഹത്രാസില്‍ ദലിത് പെണ്‍കുട്ടി ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കേസില്‍ പ്രതികളായവരെ രക്ഷിക്കാനായി ബിജെപി നേതാവിന്റെ വീട്ടില്‍ യോഗം ചേര്‍ന്നു. ബിജെപി മുന്‍ എംഎല്‍എ രാജ്വീര്‍ പഹല്‍വാന്റെ വീട്ടിലാണ് ഉന്നത ജാതിക്കാരുടെ യോഗം ചേര്‍ന്നത്. പ്രതികള്‍ കുറ്റക്കാരല്ലെന്ന നിലപാടിലാണ് ബിജെപി നേതാവും കൂട്ടരും. പെണ്‍കുട്ടിയുടെ മരണത്തിലും തുടര്‍സംഭവങ്ങളിലും രാജ്യമൊട്ടാകെ പ്രതിഷേധിക്കവെയാണ് പ്രതികളെ രക്ഷിക്കാനായി യോഗം ചേര്‍ന്നത്.
സിബിഐ അന്വേഷണം സത്യം പുറത്തുകൊണ്ടുവരുമെന്നും നുണപരിശോധനക്ക് പെണ്‍കുട്ടിയുടെ കുടുംബം തയ്യാറാകാത്തത് സംശായാസ്പദമാണെന്നും ഇവര്‍ ആരോപിച്ചു. അഭിഭാഷകരടക്കം യോഗത്തില്‍ പങ്കെടുത്തു. സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തെ കാണുമെന്നും ഇവര്‍ പറഞ്ഞു.
ഏകദേശം 500ഓളം പേര്‍ യോഗത്തില്‍ പങ്കെടുത്തു. തന്റെ വ്യക്തിപരമായ സ്വാധീനം ഉപയോഗിച്ച് കേസില്‍ ഇടപെടുമെന്നും രാജ്വീര്‍ പഹല്‍വാന്‍ ഉറപ്പ് നല്‍കി.