National
ഹത്രാസ് പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായെന്ന് മെഡിക്കോ - ലീഗല്‍ റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി | ഹത്രാസില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരായിട്ടുണ്ടെന്ന് വ്യക്തമാക്കി മെഡിക്കോ-ലീഗല്‍ റിപ്പോര്‍ട്ട്. അലിഗഡിലെ ജവഹര്‍ലാല്‍ നെഹ്‌റു മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് വിഭാഗത്തിന്റെ പരിശോധന റിപ്പോര്‍ട്ടിലാണ് പെണ്‍കുട്ടിക്ക് എതിരെ ബലപ്രയോഗവും ലൈംഗിക ആക്രമണവും നടന്നുവെന്ന് വ്യക്തമാക്കുന്നത്. പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായിട്ടില്ലെന്ന യുപി പോലീസിന്റെ വാദങ്ങള്‍ തള്ളുന്നതാണ് റിപ്പോര്‍ട്ട്.
സെപ്തംബര്‍ 14നാണ് അവശയായ നിലയില്‍ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അന്ന് നടത്തിയ പ്രാഥമിക പരിശോധനയിലാണ് ബലാത്സംഗം നടന്നിട്ടുണ്ടെന്ന് വ്യക്തമായത്. പീഡന വിവരം പെണ്‍കുട്ടി ഡോക്ടര്‍മാരോട് പങ്കുവെച്ചത് 22നാണ്. പെണ്‍കുട്ടി അബോധാവസ്ഥയില്‍ ആയതിനാലായിരിക്കാം വെളിപ്പെടുത്തല്‍ വൈകിയതെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം.
പെണ്‍കുട്ടിയുടെ ശരീരത്തില്‍ ബീജത്തിന്റെ അംശം കണ്ടെത്തിയില്ലെന്ന ന്യായം പറഞ്ഞാണ് ലൈംഗിക പീഡന ആരോപണം യുപി പോലീസ് നിഷേധിച്ചത്. എന്നാല്‍ പ്രതികള്‍ ഗര്‍ഭ നിരോധന മാര്‍ഗങ്ങള്‍ സ്വീകരിച്ചാല്‍ ശരീരത്തില്‍ ബീജത്തിന്റെ അംശം കണ്ടെത്താന്‍ കഴിയില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു. സംഭവം നടന്ന് 11 ദിവസങ്ങള്‍ക്ക് ശേഷമാണ് ഫോറന്‍സിക് തെളിവുകള്‍ പരിശോധനക്കായി ലാബിലേക്ക് അയച്ചത്. അയക്കാന്‍ വൈകിയതിനാല്‍ നിര്‍ണായകമായ തെളിവുകള്‍ നഷ്ടപ്പെട്ടിട്ടുണ്ടായേക്കാമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.