Connect with us

Business

മൊറട്ടോറിയം ഉണ്ടായിട്ടും വായ്പ തിരിച്ചടച്ചവര്‍ക്ക് ക്യാഷ് ബാക്ക് ആനൂകൂല്യം നല്‍കാനൊരുങ്ങി കേന്ദ്രം

Published

|

Last Updated

ന്യൂഡല്‍ഹി | കൊവിഡ് വ്യാപനം തടയാന്‍ ഏര്‍പെടുത്തിയ ലോക്ഡൗണ്‍ കാലയളവില്‍ വായ്പാ തിരിച്ചടവുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച മൊറട്ടോറിയം സ്വീകരിക്കാതിരുന്ന വ്യക്തികള്‍ക്കും എംഎസ്എംഇകള്‍ക്കും ആനൂകൂല്യം നല്‍കാന്‍ കേന്ദ്രം ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. പ്രതിസന്ധിഘട്ടത്തില്‍, മൊറട്ടോറിയം ഉണ്ടായിട്ടും വായ്പ കൃത്യമായി തിരിച്ചടച്ചവര്‍ക്ക് ക്യാഷ്ബാക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നതാണ് പരിഗണനിയിലുള്ളത്.

മൊറട്ടോറിയം ഉപയോഗപ്പെടുത്തിയവരുടെ പിഴപലിശ ഒഴിവാക്കി നല്‍കുമെന്ന് കേന്ദ്രം കഴിഞ്ഞ ദിവസം സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. വായ്പയുടെ പലിശ പൂര്‍ണമായും എഴുതിത്തള്ളണമെന്ന ആവശ്യമാണ് ഉയര്‍ന്നതെങ്കിലും ഇത് ബാങ്കുകളെ പ്രതിസന്ധിയിലാക്കുമെന്നതിനാല്‍ പിഴപലിശ ഒഴിവാക്കാമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയത്. മൊറട്ടോറിയം ഉപയോഗപ്പെടുത്തിയവര്‍ക്ക് ഇത്തരത്തില്‍ ആനുകൂല്യം നല്‍കുമ്പോള്‍ പ്രതിസന്ധികളുണ്ടായിട്ടും അത് വകവെക്കാതെ വായ്പ കൃത്യമായി തിരിച്ചടച്ചവരെ അവഗണിക്കാനാകില്ലെന്നതാണ് കേന്ദ്ര നിലപാട്.

മൊറട്ടോറിയം സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ നിലവില്‍ സര്‍ക്കാറിന്റെ പക്കലില്ല. ആരെല്ലാം ഇത് ഉപയോഗപ്പെടുത്തി, ഇല്ല എന്നത് സംബന്ധിച്ച കണക്കെടുപ്പുകള്‍ പൂര്‍ത്തിയായിട്ടില്ല. ധനകാര്യ മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ സുപ്രീം കോടതി അംഗീകരിക്കുകയാണെങ്കില്‍ ഇതുസംബന്ധിച്ച കൃത്യമായ കണക്കുകള്‍ ശേഖരിച്ച് നഷ്ടപരിഹാരം ലഭ്യമാക്കുന്ന നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകും.

യഥാസമയം പണം നല്‍കിയവര്‍ക്ക് ആശ്വാസം നല്‍കാന്‍ അവരുടെ പലിശയുടെ ഒരു വിഹിതം യഥാര്‍ഥ കുടിശ്ശികയില്‍ നിന്ന് കുറച്ചാല്‍ മതിയെന്ന് റേറ്റിംഗ് ഏജന്‍സിയായ ഐസിആര്‍എയുടെ ഡെപ്യൂട്ടി ഡയറക്ടര്‍ അനില്‍ ഗുപ്ത പറയുന്നു.