Connect with us

Book Review

എരിഞ്ഞുകൊണ്ടിരിക്കുന്ന കീഴാള ജീവിതങ്ങൾ

Published

|

Last Updated

എരി – പ്രദീപൻ പാമ്പിരിക്കുന്ന്

പ്രദീപൻ പാമ്പിരിക്കുന്നിന്റെ “എരി” വായിച്ചവസാനിപ്പിച്ചതുവരെയും മനസ്സിൽ പ്രതിധ്വനിച്ച് കിടന്നത് കല്ലേൻ പൊക്കുടന്റെ വാക്കുകളായിരുന്നു. “എന്റെ ജീവിതം” എന്ന ആത്മകഥയിൽ ഒരു പുലയന്റെ നിസ്സഹായമായ ജന്മത്തെയും ജീവിതത്തെയും കുറിച്ചദ്ദേഹം അരിശം കൊള്ളുന്നതിങ്ങനെയാണ്. “ഒരു പുലയന് ജീവചരിത്രമുണ്ടോ? എന്ത് ജീവചരിത്രം? എല്ലാവരും മരിക്കുകയോ അന്തരിച്ച് പോവുകയോ ചെയ്യുമ്പോൾ ചത്ത് പോകുന്ന ചില ജന്മങ്ങളെക്കുറിച്ച് എന്ത് പറയാനാണ് എന്ന് ചിലർ ചോദിച്ചേക്കും. സ്ഥിരം സംശയാലുക്കളായ ആ സുഹൃത്തുക്കൾക്ക് ഞാൻ ദീർഘായുസ്സ് നേരുന്നു”. നമ്മുടെ ചരിത്ര നിർമിതികളുടെ അടിയിൽ നിന്ന് ഒരിക്കലും പുറത്തുവരാൻ കഴിയാത്ത വിധം മണ്ണടിഞ്ഞ് പോയ ചില ജന്മങ്ങളെക്കുറിച്ചാണ് എരി എന്ന നോവൽ സംസാരിക്കുന്നത്. പറയനെരി എന്ന സാമൂഹിക പരിഷ്കർത്താവിന്റെ ജീവിതം അന്വേഷിച്ചിറങ്ങുന്ന ഒരു ഗവേഷകന്റെ ആഖ്യാനശൈലിയിലൂടെയാണ് നോവൽ പറഞ്ഞുപോകുന്നത്.

ആത്മജ്ഞാനം കൊണ്ട് അസ്പൃശ്യതയുടെ മതിലുകൾ തകർത്ത, ജാതിമേൽക്കോയ്മയിൽ ജന്മിയുടെ പാടത്തും പറമ്പിലും പണിയെടുത്ത് അടിമകളായി ജീവിച്ചവരെ അന്നവും ജ്ഞാനവും ധൈര്യവും നൽകി വിപ്ലവകാരികളാക്കിയ, നിഗൂഢമായ അറിവനുഭവത്തിന്റെ വെളിച്ചത്തിൽ മേൽ ജാതിക്കാരെ പോലും അത്ഭുതപ്പെടുത്തിയ വലിയൊരു വ്യക്തിത്വത്തിന്റെ ജീവിതത്തിലേക്കാണ് നോവൽ വെളിച്ചം വീശുന്നത്. ഓരോ മനുഷ്യരും ചരിത്ര പ്രക്രിയയിൽ അവരുടേതായ പങ്കുകൾ അനുഷ്ഠിക്കുന്നുണ്ട്. അത്തരമൊരാളുടെ ജീവിതത്തിലേക്കുള്ള യാത്രകളാണ് ഓരോ ചരിത്രാന്വേഷികളും ചെയ്തുപോരുന്നത്. കേരളത്തിലെ പരിഷ്കരണ പ്രസ്ഥാനങ്ങളും പ്രക്രിയകളുമൊക്കെ സജീവമാകുന്നതിന് മുന്നെ ആയിരുന്നു പറയരുടെ അസ്തിത്വം സംരക്ഷിക്കാനും പാരമ്പര്യം നിലനിർത്താനും എരി പ്രവർത്തിച്ചിരുന്നത്. തീണ്ടൽ ഭയന്ന് പകലിറങ്ങി നടക്കാൻ കഴിയാത്ത, ശബ്ദം പോലും അയിത്തമായി കണക്കാക്കിയിരുന്ന ഒരു സമൂഹത്തിലാണ് എരി ജീവിച്ചിരുന്നതെന്ന കാര്യം വായിക്കുമ്പോൾ ആ കാലഘട്ടം കൂടി നമ്മുടെ മുന്നിലേക്ക് വന്നുചേരും. പറയനെരിയിലൂടെ അക്കാലത്ത് നിലനിന്നിരുന്ന ജാതീയമായ വിവേചനങ്ങളെയും ശ്രേണീബദ്ധമായ സമൂഹത്തെയും അതിന്റെ സത്ത ചോരാതെ നോവലിസ്റ്റ് അവതരിപ്പിക്കുന്നുണ്ട്. പ്രദീപൻ പാമ്പിരിക്കുന്ന് മലയാളിയുടെ വായനാനുഭവത്തിന് വലിയൊരു മുതൽക്കൂട്ട് നൽകിയാണ് വിട പറഞ്ഞത് എന്നറിയുമ്പോൾ മനസ്സിലൊരു വിങ്ങലുണ്ടാകും തീർച്ച. മരണം പിടിച്ചുകൊണ്ട് പോയ ആ എഴുത്തുകാരനെ ഗാഢമായി പരിചയപ്പെടാൻ നാളിതുവരെ നാമറിഞ്ഞതൊന്നും പോരാ ഈ നോവൽ കൂടി വേണമെന്ന് കൽപ്പറ്റ നാരായണൻ പറഞ്ഞതെത്ര കൃത്യമാണ്. ജാതീയമായ കെട്ടുപാടുകളില്ലാത്ത, മനുഷ്യത്വം നിറഞ്ഞ ഒരു ഭൂമിയായിരുന്നു എരിയുടെ സ്വപ്നം.

പ്രദീപൻ പാമ്പിരിക്കുന്ന്

സമൂഹത്തിൽ മാനുഷികമായി കെട്ടിയുണ്ടാക്കിയ മതിൽക്കെട്ടുകൾക്കുള്ളിൽ എരിഞ്ഞടങ്ങുന്ന ധാരാളം പേരുടെ കഥ പറയുന്ന നോവൽ കൂടിയാണിത്. തന്റെ അപ്പനോളം പ്രായമുള്ള നമ്പൂതിരിയുമായി വേളി കഴിക്കുന്ന വാല്യക്കാരത്തികളായ പെൺമക്കളും എരിയോട് ജാതീയതയിൽ നിന്നൊരു മോചനം ചോദിക്കുന്നുണ്ട്. എങ്ങനെയെങ്കിലും ഒരു തിയ്യത്തി ആയി ഇഷ്ടമുള്ള ആളോടൊന്നിച്ച് ജീവിക്കാൻ അവരും ആഗ്രഹിക്കുന്നുണ്ട്. ചതുർവർണ്യങ്ങൾക്കും താഴെ അഞ്ചാമത്തെ വർണക്കാരുടെ കഥകളാണ് നോവലിലുടനീളം പ്രതിപാദിക്കുന്നത്. അഥവാ താഴ്ന്ന ജാതിക്കാർക്കിടയിലും ഉണ്ടായിരുന്ന അസ്പൃശ്യതയുടെ ശ്രേണിയും അതിന്റെ തീവ്രതയും ഒരു നാട്ടിലെ ജനങ്ങളുടെ ജീവിതത്തിലൂടെ നോവലിസ്റ്റ് പറഞ്ഞുപോകുകയാണ്. എന്നാൽ, ശ്രേണീബദ്ധമായ അയിത്തത്തെ അവഗണിച്ച് പറയനും പുലയനും കൈകോർത്ത് പിടിക്കുന്ന ഇടങ്ങളും നോവലിലുണ്ട്.

അവർക്കിടയിൽ പ്രധാനമായും പ്രവർത്തിച്ചത് അറിവായിരുന്നു. എരി പറയനാണെങ്കിലും അവൻ ജ്ഞാനിയായിരുന്നു, മന്ത്രവാദിയായിരുന്നു, ഒടിവിദ്യ അറിയുന്നവനായിരുന്നു, അഭ്യാസിയായിരുന്നു. അങ്ങനത്തെ ഒരാളുമായി അടുക്കാൻ ഉയർന്ന ജാതിക്കാരിൽ പലരും ശ്രമിക്കുന്നുണ്ട്. എം എൻ ശ്രീനിവാസന്റെ “de- sanskritisation” എന്ന തിയറിയാണ് ഇത് വായിച്ചപ്പോൾ ഓർമ വന്നത്. അപസംസ്കൃതവത്കരണത്തിൽ ഉയർന്ന ജാതിക്കാർ താഴ്ന്ന ജാതിക്കാരുടെ ജീവിതരീതികളെ അനുകരിക്കുന്ന അവസ്ഥയാണ്. അതിന്റെ ക്യത്യമായ ഉദാഹരണമായി പറയനാർ പുരത്തെ എരിയെ കാണാൻ കഴിയും.

നവോത്ഥാനത്തിന്റെ വലിയ പാഠങ്ങൾ എരി പകർന്ന് നൽകുന്നുണ്ട്. എരിഞ്ഞടങ്ങി ഇങ്ങനെയൊരു വിഭാഗം ജീവിച്ചിരുന്നുവെന്ന് സമൂഹത്തിലെഴുതപ്പെടാൻ പോലും ഭാഗ്യമില്ലാത്ത ഒരു വിഭാഗത്തിൽ നിന്ന്‌ ഉയർന്നു വന്ന ഒരാൾ അവരെ “ഐഡിയൽ ക്രൈസിസി”ൽ നിന്ന് രക്ഷിച്ച് നേർവഴിയിലേക്ക് വെളിച്ചം തെളിയിക്കുകയാണ്. എരിചോലക്കൂട്ടം എന്നാണ് ഈ വിഭാഗം അറിയപ്പെട്ടിരുന്നത്. പകൽ പുറത്തിറങ്ങാത്തവർ ആട്ടവും പാട്ടുമായി സൂര്യന് താഴെക്കിറങ്ങി “കാസ്റ്റ് ഹൈറാർക്കി”യെ വെല്ലുവിളിക്കുമ്പോൾ അതൊരു പരിഷ്കരണ പ്രസ്ഥാനമാകുകയായിരുന്നു. നോവലിന്റെ തുടക്കം മുതൽ ഒടുക്കം വരെ പറയരെക്കുറിച്ച് പഠിക്കാനിറങ്ങിയ ഒരു കീഴാള ഭാഷാ ഗവേഷകന്റെ ഓർമക്കുറിപ്പുകളായാണ് നോവൽ മുന്നോട്ട് പോകുന്നത്.

ഗോത്ര-ദളിത് ഗവേഷണങ്ങളിൽ ഗവേഷകർ നേരിടാറുള്ള “എത്തിക്കൽ ഡിലേമ”കളുടെ വലിയൊരു ഉദാഹരണം നോവലിൽ പ്രതിപാദിക്കുന്നുണ്ട്. വർഷങ്ങൾക്ക് മുമ്പ് മറഞ്ഞുപോയ ഒരാളിലേക്ക് അയാളുടെ ആത്മാവും ജീവിതവും തേടി നാം നടത്തുന്ന യാത്രകൾക്ക് പ്രത്യേകമായൊരനുഭൂതിയാണ്. കാലത്തിന്റെ ഓടിപ്പാച്ചിലുകൾക്കിടയിൽ നാം പിറകിലാക്കിപ്പോയ വലിയ ജീവിതങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ ഫോക്ക്്ലോറുകളിലൂടെയും ഹെറിറ്റേജ് ലൈബ്രറികളിലൂടെയും താളിയോല ഗ്രന്ഥങ്ങളിലൂടെയും നാം ചികഞ്ഞിറങ്ങുമ്പോൾ പലരും ചുറ്റും നിന്ന് ചോദിക്കും “ഒരു പറയന്റെ, ദളിതന്റെ ജീവിതം പഠിച്ചിട്ടെന്ത് നേടാൻ?”. ഈയൊരു ചോദ്യം ഗവേഷകന്റെ ഡോക്ടറൽ തിസീസ് സമർപ്പിക്കുമ്പോൾ കൂടി അദ്ദേഹം നേരിടുന്നുണ്ട്. ഗവേഷണത്തിന്റെ രീതിശാസ്ത്രത്തിലെ ചില പോരായ്മകളിലേക്കും നോവൽ ശ്രദ്ധ ക്ഷണിക്കുന്നു. ചാപ്പൻ കോമരവും കുന്നുമ്മൽ ജാനുവുമനുഭവിച്ച ജാതിപ്പേടിയെ എരി മറികടക്കുന്നത് കറകളഞ്ഞ മനുഷ്യത്വത്തിലൂടെയാണ്. വേളി കഴിച്ച് കൊണ്ടുവന്ന പെണ്ണ് ഏത് ജാതിയാണെന്ന് ചോദിച്ചവരോട് “മനുഷ്യ ജാതിയാണ്, മൃഗ ജാതിയല്ല ” എന്ന് ഉറക്കെ പറയുന്നതിലൂടെ ജാതിരഹിതമായ ഒരു സമൂഹത്തെ നിർമിക്കുകയായിരുന്നു പറയനെരി. പ്രദീപന്റെ ആദ്യത്തെയും അവസാനത്തെയും നോവലായ എരി ഡി സി ബുക്സാണ് പ്രസിദ്ധീകരിച്ചത്. 125 രൂപയാണ് വില.

Latest