Connect with us

Editorial

അരക്ഷിതമാകുന്ന ഉത്തർ പ്രദേശ്

Published

|

Last Updated

ഏതാനും പോലീസുകാരെ സസ്പെൻഡ് ചെയ്തതുകൊണ്ടോ പ്രത്യേക അന്വേഷണ സംഘം (എസ്‌ ഐ ടി) രൂപവത്കരിച്ചതുകൊണ്ടോ അവസാനിക്കുന്നതല്ല ഉത്തര്‍പ്രദേശിലെ കൂട്ടബലാത്സംഗ പരന്പര രാജ്യത്തിന് വരുത്തിവെച്ച മാനഹാനി. കേവലം നാടകവും പ്രതിഷേധം തണുപ്പിക്കാനുള്ള അടവുപ്രയോവുമായാണ് യോഗി സര്‍ക്കാറിന്റെ സസ്‌പെന്‍ഷന്‍ നടപടിയും എസ് ഐ ടി രൂപവത്കരണവുമെന്ന് കേസുമായി ബന്ധപ്പെട്ട അധികൃതരുടെ മറ്റ് നടപടികള്‍ വിലയിരുത്തിയാല്‍ ബോധ്യമാകും. ബന്ധുക്കളെ അറിയിക്കാതെ പെണ്‍കുട്ടിയുടെ മൃതദേഹം സംസ്‌കരിച്ചത് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ക്ക് വിധേയരായ അഞ്ച് പോലീസുദ്യോഗസ്ഥരെയാണ് കഴിഞ്ഞ ദിവസം അന്വേഷണ വിധേയമായി സര്‍വീസില്‍ നിന്നു മാറ്റിനിര്‍ത്തിയത്. അതേസമയം, ഭീഷണിപ്പെടുത്തി പെണ്‍കുട്ടികളുടെ വീട്ടുകാരുടെയും ബന്ധുക്കളുടെയും മൊഴിമാറ്റിക്കാന്‍ ശ്രമിച്ച ജില്ലാ മജിസ്‌ട്രേറ്റ് ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥന്മാര്‍ക്കെതിരെ നടപടിയൊന്നുമില്ല. അവര്‍ സുരക്ഷിതരായി സര്‍വീസില്‍ തുടരുന്നു. ഹോം സെക്രട്ടറി ഭഗവാന്‍ സ്വരൂപ്, ഡി ഐ ജി ചന്ദ്രപ്രകാശ്, കമാന്‍ഡന്റ് പി എ സി പൂനം എന്നിവരാണ് കഴിഞ്ഞ ദിവസം യോഗി ആദിത്യനാഥ് രൂപം നല്‍കിയ മൂന്നംഗ എസ് ഐ ടി സംഘത്തിലുള്ളത്. സര്‍ക്കാറിന്റെ വിധേയത്വത്തിലുള്ള ഈ ഉദ്യോഗസ്ഥ സംഘത്തില്‍ നിന്ന് സത്യസന്ധമായ അന്വേഷണവും റിപ്പോര്‍ട്ടും പ്രതീക്ഷിക്കാമോ?

ഒരുവശത്ത് നിയമനടപടികള്‍ സ്വീകരിക്കുന്ന പ്രതീതി സൃഷ്ടിക്കുകയും മറുവശത്ത് ഏതുവിധേനയും പ്രതികളെ രക്ഷപ്പെടുത്തി കേസ് തേച്ചുമായ്ച്ചു കളയാനുള്ള നീക്കങ്ങളുമാണ് ഉന്നത തലങ്ങളില്‍ നടന്നുവരുന്നതെന്നാണ് വിവരം. ഹാഥ്റസില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ നുണപരിശോധനക്ക് വിധേയരാക്കാനുള്ള തീരുമാനം ഇതിന്റെ ഭാഗമാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഫോറന്‍സിക് പരിശോധനാ റിപ്പോര്‍ട്ടിലും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും പെണ്‍കുട്ടി പീഡനത്തിനിരയായിട്ടില്ലെന്ന് പറയുന്നുണ്ടത്രെ. ഇതിന്റെ അടിസ്ഥാനത്തിലാണ് നുണപരിശോധന നടത്തുന്നതെന്നാണ് പോലീസ് വിശദീകരണം. പ്രതികള്‍ക്ക് ക്ലീന്‍ചിറ്റ് നല്‍കുന്ന ഫോറന്‍സിക്, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ ഒപ്പിക്കാന്‍ പ്രയാസമില്ലാത്ത ഉദ്യോഗസ്ഥ മേധാവികള്‍ക്ക് പെണ്‍കുട്ടികളുടെ ബന്ധുക്കളുടെ വാക്കുകള്‍ നുണയാണെന്ന റിപ്പോര്‍ട്ട് സമ്പാദിക്കാനും പ്രയാസമൊന്നും ഉണ്ടാകില്ല.

തുടക്കം മുതൽ കേസ് അട്ടിമറിക്കാനുള്ള ശ്രമമാണ് ഉത്തര്‍പ്രേദശ് ഭരണകൂടം നടത്തിവരുന്നത്. പീഡനം നടന്നിട്ടില്ലെന്ന് മൊഴിനല്‍കാന്‍ പെണ്‍കുട്ടിയുടെ പിതാവിനെ ജില്ലാ മജിസ്‌ട്രേറ്റ് ഭീഷണിപ്പെടുത്തുന്നതിന്റെ വീഡിയോ പുറത്തുവന്നതാണ്. “ഇവിടെയെത്തിയ മാധ്യമപ്രവര്‍ത്തകര്‍ പകുതിയും പോയി. അവശേഷിക്കുന്നവര്‍ വൈകാതെ പോകും. പിന്നെ, ഞങ്ങള്‍ മാത്രമേ ഉണ്ടാകൂ. അതുകൊണ്ട് മൊഴിതിരുത്തണോ വേണ്ടയോ എന്ന് താങ്കള്‍ക്ക് തീരുമാനിക്കാ”മെന്നാണ് ജില്ലാ മജിസ്‌ട്രേറ്റ് ഭീഷണിസ്വരത്തില്‍ പിതാവിനോട് പറയുന്നത്. സത്യം പുറത്തുവരാതിരിക്കാന്‍ പെണ്‍കുട്ടിയുടെ ബന്ധുക്കളെ കാണുന്നതില്‍ നിന്ന് മാധ്യമപ്രവര്‍ത്തകരെ തടയുകയും അവരുടെ വീടിന്റെ ചുറ്റിലും വീട്ടിലേക്ക് തിരിയുന്ന വഴിയിലും വൻ പോലീസ് സന്നാഹത്തെ വിന്യസിക്കുകയും ചെയ്തു. ഹാഥ്റസില്‍ പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാൻ പുറപ്പെട്ട രാഹുൽ ‍ഗാന്ധി, പ്രിയങ്കാ ഗാന്ധി, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറിക് ഒബ്രിയാൻ തുടങ്ങിയവരെ ആദ്യ ഘട്ടത്തിൽ പോലീസ് തടയുകയും തിരിച്ചയക്കുകയും ചെയ്തു. പ്രതിപക്ഷ നേതാക്കളെയും മാധ്യമ പ്രവര്‍ത്തകരെയും തടഞ്ഞ പോലീസ് നടപടിയെ മുതിര്‍ന്ന ബി ജെ പി നേതാവ് ഉമാഭാരതി തന്നെ കടുത്ത ഭാഷയില്‍ അപലപിക്കുകയും പെണ്‍കുട്ടിയുടെ വീടിന് ചുറ്റും വിന്യസിച്ച പോലീസ് വ്യൂഹത്തെ പിന്‍വലിക്കാന്‍ യോഗി സര്‍ക്കാറിനോട് ആവശ്യപ്പെടുകയുമുണ്ടായി. തുടർന്നാണ് ഇന്നലെ രാഹുലിനും സംഘത്തിനും ഹാഥ്റസിലെത്താൻ കഴിഞ്ഞത്.

ഡല്‍ഹിയിലെ നിര്‍ഭയ സംഭവത്തേക്കാള്‍ ക്രൂരമാണ് പടിഞ്ഞാറന്‍ യു പിയിലെ ഹാഥ്റസില്‍ നടന്ന പീഡനം. വീട്ടിലെ കാലികള്‍ക്ക് പുല്ലരിയാന്‍ പോയ ദളിത് പെണ്‍കുട്ടിയെ നാല് പേര്‍ ചേര്‍ന്ന് പീഡിപ്പിക്കുക മാത്രമല്ല, അവളുടെ നാവ് മുറിച്ചെടുക്കുകയും ചെയ്തു. സംഭവം പുറത്തുപറയാതിരിക്കാനായിരിക്കും ഈ നിഷഠൂര കൃത്യം ചെയ്തത്. പെണ്‍കുട്ടിയുടെ ശരീരത്തില്‍ നിറയെ മുറിവുകളുമുണ്ട്. രണ്ടാഴ്ചത്തെ ചികിത്സക്കൊടുവില്‍ ആ ഹതഭാഗ്യ മരിക്കുകയും കേസ് തേച്ചുമായ്ച്ചു കളയുന്നതിന്റെ ഭാഗമായി കുടുംബത്തിന്റെ എതിര്‍പ്പ് അവഗണിച്ച് പോലീസിന്റെ കാർമികത്വത്തില്‍ മൃതദേഹം പൊടുന്നനെ സംസ്‌കരിക്കുകയും ചെയ്തു. കുറ്റവാളികള്‍ക്കെതിരെ കടുത്ത ശിക്ഷാ നടപടികള്‍ ആവശ്യപ്പെട്ടും കേസ് അട്ടിമറിക്കാനുള്ള സംസ്ഥാന സര്‍ക്കാറിന്റെ നീക്കത്തിനെതിരെയും യു പിയിലും തലസ്ഥാന നഗരിയായ ഡല്‍ഹി ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും രൂക്ഷമായ പ്രതിഷേധം അരങ്ങേറിക്കൊണ്ടിരിക്കുകയാണ്.

ഈ പ്രതിഷേധത്തിനിടെ ക്രൂര ബലാത്സംഗങ്ങളും സ്ത്രീപീഡനങ്ങളും യു പിയില്‍ ആവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ്. നാല് ദിവസം മുമ്പ് ബല്‍റാംപൂരില്‍ 22കാരിയായ ഒരു കോളജ് വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിനിയായി മരണപ്പെട്ടു. സര്‍വകാലാശാലയില്‍ അഡ്മിഷന്‍ നേടി വീട്ടിലേക്ക് തിരിച്ചു പോകുന്നതിനിടെ മൂന്ന് പേര്‍ ചേര്‍ന്ന് യുവതിയെ തട്ടിക്കൊണ്ടുപോയി മയക്കുമരുന്ന് കുത്തിവെച്ച് പീഡിപ്പിക്കുകയായിരുന്നു. അതിനിടെ, യു പിയിലെ ബധോഹിയില്‍ ഗോപീഗഞ്ച് ഗ്രാമത്തില്‍ ദളിത് വിഭാഗത്തില്‍പ്പെട്ട പതിനാലുകാരിയെ മരിച്ചനിലയില്‍ കണ്ടെത്തുകയും ചെയ്തു. വീടിനടുത്ത വയലില്‍ ഇഷ്ടിക കൊണ്ട് തലക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടതായി സംശയിക്കപ്പെടുന്നു. അസംഗഡില്‍ എട്ട് വയസ്സായ ഒരു പെണ്‍കുട്ടി ഇരുപതുകാരനായ അയല്‍വാസിയുടെ പീഡനത്തിന് ഇരയായതും ഈയിടെയാണ്. കൂടാതെ, ഗോരഖ്പൂരില്‍ 30 വയസ്സ് തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹം പെട്ടിയിലടച്ച നിലയിലും മുസാഫർ ‍നഗറില്‍ റെയിൽ ‍ട്രാക്കില്‍ സ്ത്രീയുടെ മൃതദേഹം പാതി കത്തിക്കരിഞ്ഞ നിലയിലും കണ്ടെത്തിയത് അടുത്ത ദിവസങ്ങളിൽ തന്നെയാണ്.

സ്ത്രീസുരക്ഷയുടെ കാര്യത്തില്‍ കടുത്ത പരാജയമാണ് യോഗി സര്‍ക്കാറെന്നാണ് ഈ സംഭവങ്ങള്‍ വിളിച്ചോതുന്നത്. ബി ജെ പിയേതര പാർട്ടികൾ ഭരണത്തിലുള്ള സംസ്ഥാനമാണെങ്കില്‍ സമാന ഘട്ടങ്ങളില്‍ കേന്ദ്ര ഇടപെടലുകളോ ശാസനകളോ ഉണ്ടാകുമായിരുന്നു. യോഗി ഭരണത്തില്‍ അതും പ്രതീക്ഷിക്കേണ്ടതില്ല.

Latest