Connect with us

National

ഹത്രാസ് കൂട്ടബലാല്‍സംഗം: പ്രതിഷേധ മാര്‍ച്ചുമായി മമത ബാനര്‍ജി

Published

|

Last Updated

കൊല്‍ക്കത്ത| ഹത്രാസ് കൂട്ടബലാല്‍സംഗത്തിനെതിരേ കൊല്‍ക്കത്തയില്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. അതിക്രൂരമായി കൊല്ലപ്പെട്ട ദലിത് പെണ്‍കുട്ടിയുടെ മൃതദേഹം പോലീസ് ആരും അറിയാതെ സംസ്‌കരിച്ചതിനെതിരേയാണ് മമതാ പ്രക്ഷോഭം സംഘടിപ്പിച്ചത്.

ഹത്രാസ് കൂട്ടബലാല്‍സംഗത്തിനെതിരേ രാജ്യവ്യാപക പ്രക്ഷോഭമാണ് നടക്കുന്നത്. കൊല്‍ക്കത്ത ബിര്‍ല പ്ലാനിറ്റോറിയത്തിലെ ഗാന്ധി പ്രതിമക്ക് മുമ്പില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് സെന്‍ട്രല്‍ കൊല്‍ക്കത്തയിലാണ് അവസാനിച്ചത്. ഇന്ത്യയില്‍ കൊവിഡ് ആരംഭിച്ച് ആറ് മാസത്തിന് ശേഷം ഇത് ആദ്യമായാണ് ടിഎംസി നേതാവ് തെരുവിലിറങ്ങി പ്രക്ഷോഭം നടത്തുന്നത്. ഇരയുടെ കുടുംബത്തെ സന്ദര്‍ശിക്കുന്നതിനായി ഹസ്രത്തിലെത്തിയ ടിഎംസി നേതാക്കളെ പോലീസ് തടഞ്ഞതിന്റെ തൊട്ട് പിന്നാലെയാണ് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്. ഇരയുടെ വീട് സന്ദര്‍ശിക്കാനെത്തിയ തൃണമൂല്‍ എംപി പ്രതിമ മണ്ഡലിനെ പോലീസ് മര്‍ദിക്കുകയും എം പി ഡെറിക് ഒബ്രിയനെ നിലത്ത് വലിച്ചിഴക്കുകയും ചെയ്തിരുന്നു.

അതേസമയം, ഉത്തര്‍പ്രദേശ് സർക്കാർ ജാതി  വിവേചനത്തിനെതിരേ കോണ്‍ഗ്രസും ഇടതുപക്ഷ പാര്‍ട്ടികളും പ്രതിഷേധം സംഘടിപ്പിക്കും. ഹത്രാസ് കേസ് കൈകാര്യം ചെയ്യുന്നതില്‍ യോഗി സര്‍ക്കാറിന് പിഴവ് സംഭവിച്ചുവെന്നും ദലിത് സമുദായത്തെ വോട്ടിന് വേണ്ടി മാത്രം ഉപയോഗിക്കുകയും അവരെ ഉപദ്രവിക്കുകയുമാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും മമത ആരോപിച്ചു.