Connect with us

Covid19

കൊവിഡ് ബാധിതയുടെ മൃതദേഹം വിലാസം മാറി സംസ്‌കരിക്കാന്‍ എത്തിച്ചു; വിവാദം

Published

|

Last Updated

പത്തനംതിട്ട | കൊവിഡ് ബാധിതയുടെ മൃതദേഹം വിലാസം മാറി സംസ്‌കരിക്കാന്‍ എത്തിച്ചത് വിവാദമായി. കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ചികിത്സക്കിടെ മരിച്ച കോന്നി കുറ്റിക്കാട്ടില്‍ ചിന്നമ്മ ദാനിയേലിന്റെ (81) മൃതദേഹമാണ് വിലാസം തെറ്റി എഴുമറ്റൂര്‍ ചാലാപ്പള്ളിയിലേക്ക് സംസ്‌കരിക്കാന്‍ എത്തിച്ചത്.

ചാലാപ്പള്ളി തെയ്വേലില്‍ പി പി പുരുഷോത്തമന്‍ (82) കൊവിഡ് ബാധിച്ച് വ്യാഴാഴ്ച രാവിലെ എട്ടിന് ആശുപത്രിയില്‍ മരിച്ചിരുന്നു. ഉച്ചക്ക് രണ്ടിന് സംസ്‌കാരവും ക്രമീകരിച്ചിരുന്നു. ചിന്നമ്മ ദാനിയേലിന്റെ മൃതദേഹം ചാലാപ്പള്ളിയിലെ പുരുഷോത്തമന്റെ വീട്ടുപടിക്കല്‍ എത്തിച്ചപ്പോഴാണ് അവിടെ കാത്തുനിന്ന എഴുമറ്റൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്ക് അബദ്ധം മനസ്സിലായത്. തുടര്‍ന്ന്, മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് തിരിച്ചയച്ചു. അവിടെ നിന്ന് ഈ മൃതദേഹം ആംബുലന്‍സില്‍ കോന്നിയിലേക്കയക്കുകയും മറ്റൊരു ആംബുലന്‍സില്‍ പുരുഷോത്തമന്റെ മൃതദേഹം ചാലാപ്പള്ളിയിലേക്ക് കൊണ്ടുവരികയും ചെയ്തു.

കൊവിഡ് പ്രോട്ടോക്കോള്‍ ഉള്ളതിനാലാണ് ആംബുലന്‍സില്‍ നിന്ന് മൃതദേഹം ഇറക്കുന്നതിനു മുമ്പ് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പരിശോധിച്ചത്. ആംബുലന്‍സ് ഡ്രൈവറുടെ മൊബൈല്‍ ഫോണില്‍ വാട്സ്ആപ് സന്ദേശമായാണ് വിലാസം നല്‍കിയതെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.
രണ്ടിന് ചാലാപ്പള്ളിയില്‍ സംസ്‌കാരം തീരുമാനിച്ചിരുന്നതിനാല്‍ പുരുഷോത്തമന്റെ മൃതദേഹം നല്‍കിയ ശേഷം കോന്നിയിലേക്ക് കൊണ്ടുപോകാനാണ് ക്രമീകരിച്ചതെന്ന് ആശുപത്രിയിലെ കൊവിഡ് പ്രോട്ടോക്കോള്‍ ഓഫീസര്‍ പറഞ്ഞു. കൊവിഡ് ബാധിതയായതിനാല്‍ ഡ്രൈവറെ കൂടാതെ ഒരാള്‍ മാത്രമേ പി പി ഇ കിറ്റ് ധരിച്ച് ആംബുലന്‍സില്‍ ഉണ്ടാകാന്‍ പാടുള്ളൂവെന്നാണ് ചട്ടം. ആംബുലന്‍സുകളുടെ ദൗര്‍ലഭ്യവും പിശകുപറ്റാന്‍ കാരണമായി.