Connect with us

Kerala

ഐഫോണ്‍ കൈപ്പറ്റിയത് പ്രോട്ടോക്കോള്‍ ലംഘനമല്ലേ?, ചെന്നിത്തല രാജിവക്കുമോ?: കോടിയേരി

Published

|

Last Updated

തിരുവനന്തപുരം | പ്രതിപക്ഷ നേതാവിന് സ്വപ്‌ന സുരേഷ് ഐഫോണ്‍ പാരിതോഷികമായി നല്‍കിയെന്ന യൂണിടാക് എം ഡി. സന്തോഷ് ഈപ്പന്റെ വെളിപ്പെടുത്തലോടെ ചെന്നിത്തല പ്രോട്ടോക്കോള്‍ ലംഘനം നടത്തിയതായി വ്യക്തമായിരിക്കുകയാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. യു എ ഇ കോണ്‍സുലേറ്റില്‍ നിന്ന് ഖുര്‍ആനും ഈത്തപ്പഴവും കൈപ്പറ്റിയെന്നാരോപിച്ചു മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട പ്രതിപക്ഷ നേതാവിന് ഇക്കാര്യത്തില്‍ എന്താണ് പറയാനുള്ളതെന്ന് കോടിയേരി ചോദിച്ചു.

സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ പറഞ്ഞു എന്നുപറഞ്ഞ് ഒരു രേഖയുടെയും പിന്‍ബലമില്ലാതെ ആരോപണങ്ങള്‍ ഉന്നയിച്ചയാളാണല്ലോ പ്രതിപക്ഷ നേതാവ്. ഇത് പ്രോട്ടോക്കോള്‍ ലംഘനമല്ലേ. ജലീലിന്റെ കാര്യത്തില്‍ പറഞ്ഞ ന്യായം സ്വന്തം കാര്യത്തില്‍ ബാധകമല്ലേ. ഐ ഫോണ്‍ ആരോപണം ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ഉള്ളതാണ്. അല്ലാതെ പുറത്തു പറഞ്ഞ കാര്യമല്ല. ഏതായാലും പ്രതിപക്ഷ നേതാവ് രാജിവെക്കണമെന്ന് സി പി എം ആവശ്യപ്പെടുന്നില്ല. അദ്ദേഹം തുടരുന്നതാണ് ഞങ്ങള്‍ക്ക് നല്ലത്. പക്ഷെ കൊടുത്താല്‍ കൊല്ലത്തും കിട്ടും എന്ന് അദ്ദേഹം മനസ്സിലാക്കണം. കോടിയേരി പറഞ്ഞു.

സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് ഒരു ലക്ഷം രൂപയുടെ ഐഫോണ്‍ നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. യൂണിടാക് എം ഡി. അഞ്ച് മൊബൈല്‍ ഫോണ്‍ സ്വപ്നക്ക് വാങ്ങി നല്‍കിയതായി സന്തോഷ് ഈപ്പന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച രേഖയില്‍ പറയുന്നു. ഇതില്‍ ഒന്ന് സമ്മാനിച്ചത് രമേശ് ചെന്നിത്തലക്കായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. ഫോണ്‍ വാങ്ങിയതിന്റെ ബില്ലും സന്തോഷ് ഈപ്പന്‍ കോടതിക്ക് കൈമാറിയിരുന്നു.

Latest