Connect with us

Articles

ഗാന്ധി സ്മരണ എന്ന പ്രതിരോധം

Published

|

Last Updated

1947ല്‍ നിന്ന് 2020ല്‍ വരുമ്പോള്‍ ഇന്ത്യയില്‍ എന്തൊക്കെ സംഭവിച്ചു എന്നത് ചരിത്രപരമായി പരിശോധിക്കേണ്ട വിഷയമാണ്. എന്നാല്‍ സമീപ ഭൂതകാലത്ത് ഉണ്ടായ രാഷ്ട്രീയ മാറ്റങ്ങള്‍ ഇന്ത്യന്‍ ജനതയെ കൂടുതല്‍ ദാരിദ്ര്യവത്കരിക്കുകയാണ് ഉണ്ടായത് എന്ന വാദത്തോട് വിയോജിപ്പുകള്‍ സ്വാഭാവികമാണ്. കാരണം, ഈ കാലത്തിനിടയില്‍ രാജ്യത്തുണ്ടായ ബൗദ്ധിക നേട്ടങ്ങളെ കാണാതെയുള്ള നിരീക്ഷണമാണ് ഇതെന്ന് വാദിക്കാം. അതില്‍ ശരിയുണ്ട്. എന്നാല്‍ ഇപ്പോഴും ദാരിദ്ര്യത്തിലും പോഷകാഹാരക്കുറവിലും ആളോഹരി വരുമാനത്തിലും അയല്‍ രാജ്യത്തേക്കാള്‍ ഇന്ത്യ മുമ്പിലാണ്. അത് സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ നടപ്പാക്കിയ വികസന നയത്തിന്റെ ഫലമാണ് എന്ന് വ്യക്തം. വികസനത്തിന്റെ ഉപഭോക്താക്കള്‍ നഗരങ്ങളില്‍ വളര്‍ന്നു വന്നപ്പോള്‍ ഗ്രാമങ്ങള്‍ അതിവേഗം ദാരിദ്ര്യത്തിലേക്ക് വീണുകൊണ്ടിരുന്നു. ഇതിനെ നിര്‍ണയിച്ച പ്രധാന ഘടകം പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു മുതല്‍ തുടര്‍ന്നു വന്ന കാര്‍ഷിക നയമാണ്. ഇന്ന് കര്‍ഷകന്റെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയും അടിച്ചു കഴിഞ്ഞു. ഈ അവസരത്തിലാണ് ഗാന്ധിജിയെ വായിക്കുക എന്നത് ഒരു രാഷ്ട്രീയ പ്രതിരോധമായി മാറുന്നത്.

സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ചില പ്രധാന സംഭവങ്ങളെ മുന്‍നിര്‍ത്തി വേണം ഈ ഗാന്ധി വായന. ഗാന്ധിജി മുന്നോട്ടുവെച്ച ജനാധിപത്യ സങ്കല്‍പ്പങ്ങള്‍ അതില്‍ പ്രധാനമാണ്. ഭരണകൂട അധികാരത്തോട് മുഖം തിരിഞ്ഞു നിന്ന ഗാന്ധിജിക്ക് ഏതൊരു അധികാര ഘടനയും ഏറ്റവും താഴേ തട്ടിലുള്ള ജനങ്ങളെ പരിഗണിച്ച് കൊണ്ടായിരിക്കണം സമൂഹത്തില്‍ ഇടപെടേണ്ടത് എന്ന നിര്‍ബന്ധമുണ്ടായിരുന്നു. രാജ്യത്തിന്റെ വികസനം നഗരവത്കൃത വ്യവസായത്തിലൂടെ വികസിക്കുമ്പോള്‍ അതിന്റെ ഗുണം ഇന്ത്യയിലെ ഗ്രാമങ്ങളെ രക്ഷിക്കില്ല എന്ന ഗാന്ധിജിയുടെ നിരീക്ഷണം ശരിയാണെന്ന് കൊവിഡ് കാലത്തെ അഭ്യന്തര കുടിയേറ്റ തൊഴില്‍ സമൂഹം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

പാരമ്പരാഗത വ്യവസായത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം നിരന്തരം പറഞ്ഞത് അതുകൊണ്ടാണ്. അതിനെ ആദ്യം നിരാകരിച്ചത് കോണ്‍ഗ്രസായിരുന്നു. കാര്‍ഷിക രംഗത്ത് അതുണ്ടാക്കിയ ഭവിഷ്യത്ത് എണ്‍പതുകളോടെ കാര്‍ഷിക മേഖലയില്‍ അനുഭവപ്പെടാന്‍ തുടങ്ങി. 1995 മുതല്‍ 2004 വരെയുള്ള കാലത്ത് രണ്ടര ലക്ഷം കര്‍ഷകര്‍ ആത്മഹത്യ ചെയ്തതായി നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്ക് വ്യക്തമാക്കുന്നു. അതീവ ഗുരുതരമായ ഈ പശ്ചാത്തലത്തിലാണ് സെപ്തംബര്‍ 26ന് മോദി സര്‍ക്കാര്‍ കര്‍ഷകരുടെ മരണ വാറണ്ടായ കാര്‍ഷിക നിയമം പാസ്സാക്കിയത്. അങ്ങനെ ഇന്ത്യ ഗ്രാമങ്ങളില്‍ ജീവിക്കുന്നു എന്ന് പറഞ്ഞ ഗാന്ധിജിയുടെ ഗ്രാമ സ്വരാജിന്റെ നാഡീ ഞരമ്പുകളെ രാജ്യത്തെ ഫാസിസ്റ്റ് ഭരണം അറുത്തിട്ടു. ഗ്രാമങ്ങള്‍ നശിച്ചാല്‍ ഇന്ത്യ നശിക്കും എന്ന് ഗാന്ധിജി പറഞ്ഞതിന്റെ അര്‍ഥം ഏറെക്കുറെ ബോധ്യപ്പെട്ടു കഴിഞ്ഞു. അതാണ് ഇപ്പോഴും തുടരുന്ന കാര്‍ഷിക മേഖലയിലെ ആത്മഹത്യകള്‍ തെളിയിക്കുന്നത്. ഇത് മനുഷ്യന്റെ നിലനില്‍പ്പുമായി ബന്ധപ്പെട്ടതാണെങ്കില്‍ അതിലും അപകടകരമായ രീതിയിലാണ് രാജ്യത്തെ സാമൂഹിക ജീവിത രംഗം മാറ്റപ്പെട്ടുകൊണ്ടിരിക്കുന്നത്.

സാമൂഹികം

സ്വാതന്ത്ര്യ സമര കാലത്ത് തന്നെ ഹിന്ദു മഹാസഭ ഹിന്ദുത്വ രാഷ്ട്രത്തെക്കുറിച്ച് പറഞ്ഞെങ്കിലും ആ ചിന്താധാര ഗാന്ധിജിയുടെ ജീവനെടുക്കുമെന്ന് കരുതിയതല്ല. ഇന്ന് ആ രാഷ്ട്രീയമാണ് രാജ്യം ഭരിക്കുന്നത്. അതുണ്ടാക്കിയ ഏറ്റവും വലിയ അപകടം ഇന്ത്യന്‍ ബഹുസ്വരതയുടെ നൈതികതയെ വേരോടെ പിഴുതെറിഞ്ഞു എന്നതാണ്. 1992ല്‍ നടത്തിയ ബാബരി മസ്ജിദിന്റെ തകര്‍ക്കലും തുടര്‍ന്ന് ഹിന്ദുത്വ രാഷ്ട്രീയം ഭരണകൂട അധികാര ശക്തിയായി വളര്‍ന്നതും പെട്ടെന്നാണ്. രാജ്യത്തെ ബഹുസ്വരതയുടെ അടിസ്ഥാന ശിലയായ മതേതര ജീവിതത്തിലേക്ക് ഹിന്ദുത്വ രാഷ്ട്രീയം കടുത്ത ദേശീയതയെ കുത്തിക്കയറ്റി. ഭൂരിപക്ഷത്തിന്റെ ബലത്തില്‍ രാജ്യത്തെ നീതിന്യായ സ്ഥാപനങ്ങളെ പക്ഷപാതപരമായ നിലപാടില്‍ എത്തിച്ചു. ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത വിധത്തില്‍ രാമക്ഷേത്ര വിധി വന്നതോടെ സാമൂഹിക മൈത്രി മനോഭാവത്തില്‍ ഇളക്കം തട്ടി. എന്നിട്ടും ന്യൂനപക്ഷങ്ങള്‍ സമാധാനത്തിന്റെ വഴിയില്‍ നിലയുറപ്പിച്ചു. ഇപ്പോള്‍ ബാബരി മസ്ജിദ് പൊളിച്ചതിന് തെളിവില്ല എന്ന കോടതി വിധിയോടെ ഒരു കൊടും ക്രൂരതക്ക് കാരണമായ വസ്തുതകള്‍ മാറ്റി എഴുതപ്പെടുകയാണ്. വരും തലമുറ അതൊരു ചരിത്ര രേഖയായി സ്വീകരിക്കാന്‍ നിര്‍ബന്ധിക്കപ്പെടും. ഇത്രമാത്രം ശക്തമായ ഫാസിസ്റ്റ് നടപടിക്കെതിരെ സമൂഹം നിശ്ചലമാണ്. ഡോ. ലോഹ്യ പറഞ്ഞിട്ടുണ്ട്, നിശ്ചല സമൂഹം തീരാ ശാപമെന്ന്. ഇന്ത്യ ഇന്ന് അങ്ങനെയായിരിക്കുന്നു.

ഗാന്ധിജിയെ സംബന്ധിച്ച് മതം ജീവിതത്തിന്റെയും രാഷ്ട്രീയത്തിന്റെയും അവിഭാജ്യ ഘടകമായിരുന്നു. അതിനപ്പുറം മനുഷ്യന്‍ മൗലികമായി നന്മയാണ് എന്ന ഗാന്ധിജിയുടെ നിരീക്ഷണത്തില്‍ എല്ലാമുണ്ട്. ഇന്ത്യയിലെ സാംസ്‌കാരിക വൈവിധ്യങ്ങളെ നിര്‍ണയിക്കുന്നതില്‍ വിശ്വാസത്തിനും ആചാരങ്ങള്‍ക്കും ആത്മീയതക്കും ശക്തമായ സ്വാധീനമുണ്ട്. അതിനെ രാഷ്ട്രീയത്തോട് അടുപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന അപകടം ചെറുതല്ല. അതിനെക്കുറിച്ച് ഗാന്ധിജിക്ക് വ്യക്തമായ ധാരണയുണ്ടായിരുന്നു. അതുകൊണ്ടാണ് അദ്ദേഹം പറഞ്ഞത്, എന്റെ രാമന്‍ ദശരഥ പുത്രനും അയോധ്യാപതിയുമായ രാമനല്ല എന്ന്. എന്നാല്‍ നിലവിലെ ഭരണകൂടം ഗാന്ധിജിയുടെ രാമനെ രാമ രാജ്യത്തിന്റെ ഭരണാധിപനായി മാറ്റിയിരിക്കുന്നു. അതാകട്ടെ ഹിന്ദുത്വ രാഷ്ട്രത്തിന്റെ നിര്‍മിതിക്ക് അനിവാര്യമാണ്. അവിടെ വെച്ചാണ് പൗരത്വ വിഷയം സാമൂഹിക വിഭജനത്തിന്റെ ഉപകരണമായി മാറുന്നത്. അത് ജനാധിപത്യ വിരുദ്ധമാണ്. ജനാധിപത്യത്തില്‍ തുല്യമായ അവകാശത്തെയാണ് ഗാന്ധിജി ഉയര്‍ത്തിപ്പിടിച്ചത്. അതിനു വിരുദ്ധമാണ് ജനാധിപത്യ സമൂഹത്തില്‍ മനുഷ്യരെ മതാടിസ്ഥാനത്തില്‍ വിഭജിക്കുന്നത്.
ഇത്തരം ജനവിരുദ്ധ നിലപാടുകള്‍ക്ക് ഭരണകൂട അംഗീകാരം കിട്ടുന്നു എന്നതാണ് സമകാലീന ഇന്ത്യന്‍ അവസ്ഥയുടെ പ്രത്യേകത. അതിന്റെ ഏറ്റവും വലിയ തെളിവാണ് പൗരത്വ നിയമത്തിനുള്ള അംഗീകാരം. ഇന്ത്യന്‍ ജനതയെ മതാടിസ്ഥാനത്തില്‍ വിഭജിച്ചപ്പോള്‍ ഇരകള്‍ക്ക് ഒപ്പമായിരുന്നു ഗാന്ധിജി. അന്ന് അവസാനിച്ചു എന്ന് കരുതിയ വിഭജനത്തെ ഭരണകൂടം നേരിട്ട് നടപ്പാക്കുകയാണ് വര്‍ത്തമാന ഇന്ത്യയില്‍. ഇതിന്റെ രാഷ്ട്രീയത്തെ ശക്തിപ്പെടുത്തിയത് ഹിന്ദുത്വമാണ്.

രാഷ്ട്രീയം

രാഷ്ട്രത്തെക്കുറിച്ച് ഗാന്ധിജിക്ക് വ്യക്തമായ ധാരണയുണ്ടായിരുന്നു. അതിന്റെ അടിസ്ഥാനം മതേതര ജനാധിപത്യമാണ്. ഗ്രാമവും ഗ്രാമീണ ജനതയും അതിന്റെ അവിഭാജ്യ ഘടകമാണ്. എന്നാല്‍ ഏറ്റവും പുതിയ കാലത്ത് ഇന്ത്യന്‍ രാഷ്ട്രീയത്തെ മുന്നോട്ട് നയിക്കുന്നതും അതിനെ ബലപ്പെടുത്തുന്നതും ജാതിയും മതവുമാണ്. മറ്റു മതങ്ങളെ ബഹുമാനത്തോടെ കണ്ട ഗാന്ധിജിയെ ഇന്ന് വായിക്കുമ്പോള്‍ ഇന്ത്യ, ഭരണകൂട നിയന്ത്രിതമായ ഹിന്ദുത്വ രാഷ്ട്രീയത്തെയാണ് പിന്തുടരുന്നത് എന്ന് കാണാം. ഗാന്ധിജിയുടെ രാഷ്ട്രീയ ജീവിതത്തില്‍ മതം സജീവ സാന്നിധ്യമായിരുന്നു. അതൊരിക്കലും അപര മതവിദ്വേഷത്തെ ഉത്പാദിപ്പിച്ചിരുന്നില്ല. പകരം ഇന്ത്യന്‍ ബഹുസ്വരതയുടെ അടിസ്ഥാന പ്രമാണമായിട്ടാണ് എല്ലാ തരം സാംസ്‌കാരിക, സാമൂഹിക ധാരകളെയും ഗാന്ധിജി പരിഗണിച്ചത്. ഇതിനെതിരെ സ്വാതന്ത്ര്യത്തിനു മുമ്പേ ഹിന്ദുത്വ ശക്തികള്‍ രംഗത്തുണ്ടായിരുന്നു. എന്നാല്‍ 2014ന് ശേഷം അതില്‍ ഘടനാപരമായ മാറ്റം സംഭവിക്കുകയാണ്. ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കി മാറ്റാനുള്ള പഴയ കാല തീരുമാനത്തെ രാഷ്ട്രീയമായി വിജയിപ്പിച്ചെടുക്കുന്നതില്‍ ഇപ്പോള്‍ വളരെയധികം മുന്നോട്ട് പോയി.

ഇന്ത്യയുടെ നിലനില്‍പ്പ് ജനാധിപത്യത്തോടൊപ്പം രചനാത്മകവും സമരാത്മകവുമായ വിയോജിപ്പുകളോടെയാണ് മുന്നോട്ട് പോയത്. എന്നാല്‍ 2014ന് ശേഷം രാജ്യത്തിന്റെ അഭ്യന്തര സമൂഹത്തില്‍ ജനാധിപത്യ രീതിയില്‍ അവതരിപ്പിച്ച വിയോജിപ്പുകള്‍ രാജ്യദ്രോഹക്കുറ്റമായി മാറി. അനീതിപരവും അധാര്‍മികവുമായ ഏതും നിയമപരമായി ലംഘിക്കേണ്ടതാണെന്ന ഗാന്ധിജിയുടെ ചിന്ത സാമ്രാജ്യത്വത്തെ മുട്ടുകുത്തിച്ചതാണ്. അതിന്റെ വഴിയും ഇടപെടലും സമാധാനപരമായിരുന്നു. സത്യഗ്രഹത്തിന്റെ രീതി അതാണ്. അതേ മാര്‍ഗം തന്നെയാണ് പൗരത്വ നിഷേധത്തിനെതിരെയുള്ള ശഹീന്‍ ബാഗ് സമര രീതിയും. എന്നിട്ടും ആ സമരത്തില്‍ പങ്കെടുത്ത പലരും രാജ്യദ്രോഹ കുറ്റത്തിന് ജയിലിലാകുന്നു.

ഇതൊക്കെ നിലനില്‍ക്കെ സമകാലീന ഇന്ത്യ എന്തിന് ഗാന്ധിജിയെ വായിക്കണം എന്നതിന് രാഷ്ട്രീയമായി നിരവധി മറുപടികള്‍ ഉണ്ട്. അതില്‍ ഏറ്റവും പ്രസക്തമായത് അടിസ്ഥാന വര്‍ഗ നിലപാടാണ്. വര്‍ണാശ്രമ ധര്‍മത്തെ ആദ്യ കാലത്ത് തൊഴിലിന്റെ അടിസ്ഥാനത്തില്‍ ഗാന്ധിജി അംഗീകരിച്ചിരുന്നു. എന്നാല്‍ ജാതി എന്ന അര്‍ഥത്തില്‍ അതുണ്ടാക്കിയ വിവേചനത്തെ എതിര്‍ത്തു. അതേസമയം, സാമൂഹിക മാറ്റത്തെ പരിഗണിക്കുമ്പോള്‍ അത് അടിസ്ഥാന വര്‍ഗത്തില്‍ നിന്ന് തുടങ്ങേണ്ടതിന്റെ ആവശ്യകതയെ കൃത്യതയോടെ അവതരിപ്പിക്കാനും കഴിഞ്ഞിരുന്നു. നെയ്ത്തുകാരന്റെയും കര്‍ഷകന്റെയും ചെരുപ്പു കുത്തിയുടെയും ജീവിതാവസ്ഥകളെ സമൂലമായി മാറ്റാന്‍ കഴിയുന്നതായിരിക്കണം സമൂഹത്തിലെ മാറ്റങ്ങള്‍ എന്നതായിരുന്നു ആ ചിന്ത. എന്നാല്‍ ഇന്നത്തെ ഇന്ത്യയില്‍ ഇത്തരം വിഭാഗങ്ങളെ പുറമ്പോക്കിലേക്ക് തള്ളിമാറ്റുകയാണ്. അതിനായി രാഷ്ട്രീയ അധികാരത്തെ മാത്രമല്ല ഉപയോഗിക്കുന്നത്. സവര്‍ണ ജാതിയുടെ അധികാര മേല്‍ക്കോയ്മയാല്‍ നിയന്ത്രിക്കപ്പെടുന്ന ഭരണകൂടം കൂടിയാണ് ഈ വേട്ടയെ മുന്നോട്ട് നയിക്കുന്നത്. ഈ അവസരത്തില്‍ സമരാത്മകമായി കൂടി ഗാന്ധിജിയെ വായിക്കേണ്ടതുണ്ട്. അത്തരം വായനയില്‍ നിന്നായിരിക്കണം ഇന്ത്യന്‍ ബഹുസ്വരതയുടെ അടിസ്ഥാന പ്രമാണങ്ങളെ തിരിച്ചുപിടിക്കാന്‍ കഴിയേണ്ടത്.

Latest