Connect with us

Kerala

പാലുത്പാദനത്തില്‍ സംസ്ഥാനം സ്വയംപര്യാപ്തതയിലേക്ക്; ക്ഷീരഗ്രാമം പദ്ധതി 25 പഞ്ചായത്തുകളിലേക്കു കൂടി

Published

|

Last Updated

തിരുവനന്തപുരം | പാലുത്പാദനത്തില്‍ സ്വയംപര്യാപ്തതയിലേക്ക് സംസ്ഥാനം നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലക്ഷ്യത്തിലേക്കുള്ള നീക്കത്തിന്റെ ഭാഗമായി പാലുത്പാദനം വര്‍ധിപ്പിക്കാനും ക്ഷീര കര്‍ഷകരുടെ സാമൂഹിക, സാമ്പത്തിക ഉന്നമനം സാധ്യമാക്കാനും നടപ്പാക്കുന്ന ക്ഷീരഗ്രാമം പദ്ധതി 25 പഞ്ചായത്തുകളിലേക്കു കൂടി വ്യാപിപ്പിക്കുകയാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇതോടെ സംസ്ഥാനത്ത് 53 പഞ്ചായത്തുകളില്‍ പദ്ധതിയുടെ ഗുണഫലം ലഭ്യമാകും.

12.50 കോടി രൂപയാണ് ക്ഷീരഗ്രാമം പദ്ധതിക്കായി ചെലവഴിക്കുക. തിരഞ്ഞെടുത്ത പഞ്ചായത്തുകളില്‍ 50 ലക്ഷം രൂപ വീതം നല്‍കും. പുതിയ സംരംഭകര്‍ക്ക് രണ്ടു മുതല്‍ അഞ്ചു വരെ പശുക്കളുള്ള ഡയറി യൂനിറ്റുകള്‍ സ്ഥാപിക്കുന്നതിനും, നിലവിലെ ക്ഷീര കര്‍ഷകര്‍ക്ക് പശുക്കളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനും ഈ പദ്ധതി വഴി ധനസഹായം ലഭ്യമാക്കും. മാത്രമല്ല, പശുക്കള്‍ക്കൊപ്പം കിടാരികളെ കൂടി വാങ്ങുന്നതിന് ധനസഹായം നല്‍കുന്ന കോമ്പോസിറ്റ് ഡയറി യൂനിറ്റ് പദ്ധതിയും പദ്ധതിയിലൂടെ നടപ്പാക്കുന്നുണ്ട്.

കേരളത്തില്‍ പ്രതിദിനം ഏകദേശം 87 ലക്ഷം ലിറ്റര്‍ പാല്‍ ആവശ്യമുണ്ട്. ഇതില്‍ 82 ലക്ഷം ലിറ്റര്‍ പാലും ഇപ്പോള്‍ ആഭ്യന്തരമായി ഉത്പാദിപ്പിക്കാന്‍ കേരളത്തിനു കഴിയുന്നുണ്ട്. ക്ഷീരഗ്രാമം പദ്ധതി നടപ്പാക്കിയത് സംസ്ഥാനത്ത് പാലുത്പാദനത്തില്‍ വന്നിട്ടുള്ള റെക്കോഡ് വര്‍ധനക്ക് സഹായകരമായിട്ടുണ്ട്. ക്ഷീരഗ്രാമം പദ്ധതിക്ക് പുറമെ മൃഗസംരക്ഷണ വകുപ്പുമായി ബന്ധപ്പെട്ട് ഗോട്ട് സാറ്റലൈറ്റ് യൂനിറ്റും, നാഷണല്‍ ലൈവ് സ്റ്റോക്ക് മിഷന്‍ സഹായത്തോടെ നടത്തുന്ന ആടുഗ്രാമം പദ്ധതിയും, കേരള ലൈവ് സ്റ്റോക്ക് ഡിപ്പാര്‍ട്ട്‌മെന്റിന്റെ സഹായത്തോടെ കന്നുകാലികള്‍ക്കും ആടുകള്‍ക്കും കൃത്രിമ ബീജദാനത്തിനുള്ള വിപുലമായ പദ്ധതികളും ഇന്ന് ഉദ്ഘാടനം ചെയ്തു. അതോടൊപ്പം സംസ്ഥാന പൗള്‍ട്രി ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ കീഴില്‍ പുതിയ ഏജന്‍സികള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കിയതായും മുഖ്യമന്ത്രി പറഞ്ഞു.

---- facebook comment plugin here -----