Connect with us

Editorial

തല കുനിക്കട്ടെ, അപമാന ഭാരത്താല്‍

Published

|

Last Updated

ബാബരി മസ്ജിദിന്റെ ഭൂമി, പള്ളി അതിക്രമമായി പൊളിച്ച ഹിന്ദുത്വര്‍ക്ക് വിട്ടുകൊടുത്ത ഇന്ത്യന്‍ ജുഡീഷ്യറി പള്ളി പൊളിച്ചവരെ മുഴുവന്‍ കുറ്റവിമുക്തരാക്കുകയും ചെയ്തിരിക്കുന്നു. ബാബരി മസ്ജിദ് തകര്‍ത്തത് മുന്‍കൂട്ടിയുള്ള ആസൂത്രണമനുസരിച്ചായിരുന്നില്ലെന്നും അവിചാരിതമായി പെട്ടെന്ന് സംഭവിച്ചതാണെന്നുമാണ് ഇന്നലെ ലക്‌നൗ സി ബി ഐ കോടതി ജഡ്ജി സുരേന്ദര്‍ കുമാര്‍ യാദവ് വിധിന്യായത്തില്‍ പറയുന്നത്. സാമൂഹിക വിരുദ്ധരാകാം പള്ളി പൊളിച്ചതെന്നാണ് കോടതി “നിരീക്ഷണം.” കുറ്റക്കാര്‍ക്കെതിരെ ശക്തമായ തെളിവില്ലെന്നും കേസ് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടുവെന്നും കോടതി പറയുന്നു. മസ്ജിദ് ധ്വംസനത്തെ പ്രചോദിപ്പിക്കുകയായിരുന്നില്ല, ആള്‍ക്കൂട്ടത്തെ തടയാനാണത്രെ ആരോപണ വിധേയരായ നേതാക്കള്‍ ശ്രമിച്ചത്. മാത്രമല്ല, കെട്ടിടത്തിനകത്ത് രാമവിഗ്രഹം ഉണ്ടായിരുന്നതിനാല്‍ പള്ളിയുടെ കെട്ടിടം സംരക്ഷിക്കാനാണ് അശോക് സിംഗാളിനെ പോലെയുള്ള നേതാക്കള്‍ ശ്രമിച്ചതെന്നു കൂടി നിരീക്ഷിച്ചു കളഞ്ഞു ജസ്റ്റിസ് സുരേന്ദര്‍ കുമാര്‍ യാദവ്. അപ്രതീക്ഷിതമായിരുന്നില്ല ഈ വിധിപ്രസ്താവം. സമകാലീന ഇന്ത്യന്‍ സാഹചര്യത്തില്‍ മിക്കപേരും മറിച്ചൊരു ഉത്തരവ് പ്രതീക്ഷിച്ചിരുന്നുമില്ല.

1992 ഡിസംബര്‍ ആറിന് ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട കേസില്‍ മുതിര്‍ന്ന ബി ജെ പി നേതാക്കളായ എല്‍ കെ അഡ്വാനി, മുരളി മനോഹര്‍ ജോഷി, കല്യാണ്‍ സിംഗ്, ഉമാഭാരതി എന്നിവരടക്കം 32 പേരാണ് പ്രതികള്‍. നേരത്തേ 48 പേരുണ്ടായിരുന്നെങ്കിലും 28 വര്‍ഷം പഴക്കമുള്ള കേസില്‍ 16 പ്രതികള്‍ ഇടക്കാലത്ത് മരണപ്പെട്ടു. നേതാക്കള്‍ പ്രതികളായ ഗൂഢാലോചനക്കേസും കര്‍സേവകര്‍ മസ്ജിദ് തകര്‍ത്ത കേസും രണ്ടിടത്തായാണ് നേരത്തേ നടന്നിരുന്നത്. നേതാക്കള്‍ക്കെതിരായ കേസുകള്‍ റായ്ബറേലിയിലും കര്‍സേവകര്‍ക്കെതിരായ കേസുകള്‍ ലക്‌നൗവിലും. പിന്നീട് സുപ്രീം കോടതിയുടെ 2017ലെ ഉത്തരവ് പ്രകാരം രണ്ട് വിഭാഗം കേസുകളിലെയും വിചാരണ ഒന്നിച്ചു ചേര്‍ത്ത് ലക്‌നൗവിലേക്കു മാറ്റി. രണ്ട് വര്‍ഷത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്നായിരുന്നു സുപ്രീം കോടതിയുടെ അന്നത്തെ ഉത്തരവെങ്കിലും പിന്നീട് പല തവണ സമയം നീട്ടി നല്‍കുകയായിരുന്നു.

മതേതര ഇന്ത്യയുടെ ആത്മാവിനേറ്റ ആഴമേറിയ മുറിവായിരുന്നു ബാബരി മസ്ജിദ് തകര്‍ച്ച. രാജ്യത്തെ വര്‍ഗീയമായി ധ്രുവീകരിക്കുകയും അതിനെ രാഷ്ട്രീയപരമായി ഉപയോഗപ്പെടുത്തി അധികാരത്തിലെത്തുകയുമായിരുന്നു സംഘ്പരിവാര്‍ ശക്തികളുടെ തന്ത്രം. ബാബരി ധ്വംസനത്തെക്കുറിച്ച് അന്വേഷിക്കാന്‍ 1992 ഡിസംബര്‍ 16ന് കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് മന്‍മോഹന്‍ സിംഗ് ലിബര്‍ഹാന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഇക്കാര്യം അര്‍ഥശങ്കക്കിടമില്ലാത്ത വിധം വ്യക്തമാക്കുന്നുണ്ട്. മസ്ജിദ് തകര്‍ക്കല്‍ പരിപാടിക്ക് ഹിന്ദുത്വര്‍ വ്യക്തമായ തിരക്കഥ തയ്യാറാക്കിയിരുന്നു. അക്കാര്യം അവര്‍ മറച്ചുവെച്ചു. മസ്ജിദിന് ഒന്നും സംഭവിക്കില്ലെന്നും നടക്കാനിരിക്കുന്നത് പ്രതീകാത്മക കര്‍സേവ മാത്രമെന്നും തെറ്റിദ്ധരിപ്പിക്കുകയും ചെയ്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു. മസ്ജിദ് തകര്‍ക്കപ്പെടുമ്പോള്‍ അഡ്വാനിയും ജോഷിയും സ്ഥലത്തുണ്ടായിരുന്നു. അന്നത്തെ യു പി മുഖ്യമന്ത്രി കല്യാണ്‍ സിംഗിന് സംഘ്പരിവാര്‍ പദ്ധതി വ്യക്തമായി അറിയാമായിരുന്നിട്ടും സര്‍ക്കാര്‍ സംവിധാനങ്ങളെ അദ്ദേഹം നിഷ്‌ക്രിയമാക്കി. പള്ളി തകര്‍ക്കുന്നതിന് മികച്ച പരിശീലനം ലഭിച്ച കര്‍സേവകരെയാണ് ഭരണകൂടത്തിന്റെ സഹായത്തോടെ ഉന്നതരായ നേതാക്കള്‍ ഇതിനായി ഉപയോഗപ്പെടുത്തിയത്. മസ്ജിദ് തകര്‍ത്തതിന്റെ പൂര്‍ണ ഉത്തരവാദിത്വം വാജ്പയ്, അഡ്വാനി, മുരളി മനോഹര്‍ ജോഷി, കെ എസ് സുദര്‍ശന്‍, ഉമാഭാരതി, ഗോവിന്ദാചാര്യ, കല്യാണ്‍ സിംഗ്, എസ് എസ് വഗേല തുടങ്ങിയവര്‍ക്കുണ്ട് എന്നിങ്ങനെ 17 വര്‍ഷത്തെ അന്വേഷണത്തിനു ശേഷം തയ്യാറാക്കിയ ലിബര്‍ഹാന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് തറപ്പിച്ചു പറയുന്നുണ്ട്.

എന്തുകൊണ്ടോ സി ബി ഐ കോടതിക്ക് ഇതൊന്നും ബോധ്യപ്പെട്ടില്ല. പള്ളി പൊളിക്കുന്ന രംഗങ്ങള്‍ വ്യക്തമായി കാണിക്കുന്ന വീഡിയോകളും ചിത്രങ്ങളും നിരവധിയുണ്ട്. കോടതിയില്‍ അവ ഹാജരാക്കുകയും ചെയ്തിരുന്നു. ചാനല്‍ വഴി ആ രംഗങ്ങള്‍ ലോകം മുഴുവന്‍ കണ്ടതുമാണ്. ഇവയൊന്നും തെളിവായി സ്വീകരിക്കാന്‍ പറ്റില്ലെന്നായിരുന്നു കോടതി നിലപാട്. സ്വീകരിച്ചിരുന്നെങ്കില്‍ വിധിപ്രസ്താവം മറ്റൊന്നാകുമായിരുന്നു. ബാബരി തകര്‍ത്ത സംഭവം പോലെ നേരത്തേ തയ്യാറാക്കിയ തിരക്കഥയുടെ ഭാഗമാണ് സി ബി ഐ കോടതി വിധിപ്രസ്താവമെന്ന് ആരെങ്കിലും ധരിച്ചാല്‍ അവരെ കുറ്റപ്പെടുത്താനാകുമോ? ഏതായാലും അയോധ്യയില്‍ പള്ളിയേ ഉണ്ടായിരുന്നില്ലെന്ന് കോടതി പറഞ്ഞില്ലല്ലോ, സമാധാനിക്കാം! “അവിടെ പള്ളിയില്ലായിരുന്നുവെന്ന് തെളിഞ്ഞിരിക്കുന്നു. ഇതാണ് ഇന്ത്യയിലെ പുതിയ നീതി”യെന്നാണ് ഇന്നലത്തെ വിധിയെ അപഹസിച്ച് നിയമ വിദഗ്ധനും മുതിര്‍ന്ന സുപ്രീം കോടതി അഭിഭാഷകനുമായ പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തത്. അപമാന ഭാരത്താല്‍ മതേതര ജനാധിപത്യ വിശ്വാസികളുടെ തലകുനിഞ്ഞു പോകുകയാണ് ഈ കോടതി വിധിപ്രസ്താവത്തിനു മുന്നില്‍.

ബാബരി മസ്ജിദ് ഭൂമി ഹിന്ദുത്വര്‍ക്ക് വിട്ടുകൊടുത്ത കഴിഞ്ഞ നവംബറിലെ സുപ്രീം കോടതി വിധിയെ അനുസ്മരിപ്പിക്കുന്നതാണ് ഇന്നലത്തെ ലക്‌നൗ കോടതിയുടെ വിധിയും. ക്ഷേത്രം തകര്‍ത്ത സ്ഥാനത്തല്ല പള്ളി നിര്‍മിച്ചതെന്നും മസ്ജിദ് ധ്വംസനം നിയമലംഘനവും ക്രിമിനല്‍ കുറ്റവുമാണെന്നും വ്യക്തമായ ഭാഷയില്‍ പറഞ്ഞ പരമോന്നത കോടതി, എന്നിട്ടും മസ്ജിദ് ഭൂമി ഹൈന്ദവര്‍ക്ക് വിട്ടുകൊടുക്കുന്ന വിരോധാഭാസമാണ് അന്നു കണ്ടത്. മുന്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി മാധവ് ഗോദ്‌ബോലും ഡല്‍ഹി ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് എ പി ഷായും ചൂണ്ടിക്കാട്ടിയതു പോലെ മാതൃകാപരമായ അവസ്ഥയില്‍ പള്ളി പുനര്‍നിര്‍മിക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു കോടതി ചെയ്യേണ്ടിയിരുന്നത്. ഇതടിസ്ഥാനത്തില്‍ പള്ളി പൊളിച്ച കേസിലെ വാദമുഖത്ത് പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെങ്കിലും ലിബര്‍ഹാന്‍ കമ്മീഷന്റെ രേഖകളും പള്ളി പൊളിച്ചത് നിയമ ലംഘനമാണെന്ന സുപ്രീം കോടതി തീര്‍പ്പും പള്ളി തകര്‍ക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും മറ്റും കണക്കിലെടുത്ത് ആഗോള സമൂഹത്തില്‍ ഇന്ത്യയെ അപഹാസ്യമാക്കിയ ഈ കൃത്യം ചെയ്തവര്‍ക്ക് മാതൃകാപരമായ ശിക്ഷ വിധിക്കുകയായിരുന്നു സി ബി ഐ കോടതി ചെയ്യേണ്ടിയിരുന്നതെന്നാണ് നിയമ വിദഗ്ധ പക്ഷം.