Connect with us

Kerala

ബാബരി മസ്ജിദ് തകർക്കൽ: കോടതി വിധി അതീവ നിരാശാജനകം- സമസ്ത

Published

|

Last Updated

കോഴിക്കോട് | ബാബരി മസ്ജിദ് തകർത്ത കേസിലെ 32 പ്രതികളെയും പ്രത്യേക കോടതി വെറുതെ വിട്ട സംഭവം അതീവ നിരാശാജനകമാണെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ഇ സുലൈമാൻ മുസ്ലിയാരും ജനറൽ സെകട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. ഇന്ത്യയുടെ മതേതരത്വത്തെ ആഴത്തിൽ മുറിപ്പെടുത്തിയ സംഭവമായിരുന്നു ബാബരി മസ്ജിദ് തകർക്കൽ. വർഷങ്ങൾ നീണ്ട ആസൂത്രണം അതിനു പിന്നിലുണ്ടായിരുന്നു. പ്രതികളിൽ ചിലർ രാജ്യം മുഴുവൻ യാത്ര നടത്തി വർഗീയ പ്രചാരണം  നടത്തിയവരും, വളരെ പ്രത്യക്ഷമായി ബാബരി വിരുദ്ധ കാമ്പയിനു നേതൃത്വം നല്കിയവരുമാണ്.

അവരെയെല്ലാം വെറുതെ വിടുകയും അവർ അക്രമികളെ തടയാൻ ശ്രമിച്ചവരായിരുന്നു എന്ന് സ്ഥാപിക്കുകയും ചെയ്യുന്ന  കോടതി വിധി അതീവ  ദു:ഖകരമാണ്. 1992 ല്‍ അയോധ്യയിലെ ബാബറി മസ്ജിദ് പൊളിച്ച നടപടി നിയമലംഘനമാണെന്നും ക്രിമിനല്‍ കുറ്റമാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചിട്ടുണ്ട്. അതിനു കാരണക്കാരായ പ്രതികളെ വളരെ ലാഘവത്തോടെ വെറുതെവിടുന്നതും അവർക്ക് ഗുഡ് സർട്ടിഫിക്കറ്റ് നൽകുന്നതും എന്ത് സന്ദേശമാണ് നൽകുകയെന്ന് സമസ്ത നേതാക്കൾ ചോദിച്ചു.

രാജ്യത്തെ ഭരണനിർവഹണത്തിൽ നടക്കുന്ന പാളിച്ചകൾ തിരുത്തി, ജനാധിപത്യത്തെ സംരക്ഷിക്കേണ്ട ദൗത്യമാണ് കോടതികൾക്കുള്ളത്. നിയമവ്യവസ്ഥയുടെ നിലനിൽപ്പ് അതിൽ ജനങ്ങൾക്കുള്ള വിശ്വാസത്തിലാണ്. ഇത്തരം വിധികൾ ആ വിശ്വാസമാണ് തകർക്കുന്നത്. തെളിവുകളുടെ അഭാവം എന്നത് ഒട്ടും യുക്തിസഹമല്ലാത്ത ന്യായം മാത്രമാണ്.

ബാബരി ധ്വംസനത്തിൻ്റെ സമ്പൂർണ ചിത്രം  ഔദ്യോഗിക രേഖകളിലും ദൃശ്യങ്ങളിലും വ്യക്തമാണ്. ഭൂമി തർക്ക കേസിലെ പരമോന്നത കോടതിയുടെ വിധിയെ ഈ വിധി റദ്ദാക്കുന്നുവെന്നും നേതാക്കൾ പറഞ്ഞു.

Latest