Connect with us

International

ശ്രീലങ്കയിൽ കന്നുകാലി കശാപ്പ് നിരോധനം; ഇറക്കുമതി ചെയ്ത ബീഫ് ഉപയോഗിക്കാം

Published

|

Last Updated

കൊളംബോ| ശ്രീലങ്കയിൽ കന്നുകാലി കശാപ്പിന് നിരോധനമേർപ്പെടുത്തി സർക്കാർ. കാർഷിക ആവശ്യത്തിന് വേണ്ടത്ര കന്നുകാലികൾ ഇല്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. മാംസം ഭക്ഷിക്കുന്നവർക്കായി ബീഫ് ഇറക്കുമതി ചെയ്ത് കുറഞ്ഞ വിലയിൽ ലഭ്യമാക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

കന്നുകാലി കശാപ്പ് നിരോധിക്കാനുള്ള പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെയുടെ നിർദേശത്തിന് ഈ മാസം എട്ടിന് ഭരണകക്ഷിയായ ശ്രീലങ്ക പൊതുജന പെരമുന (എസ് എൽ പി പി) യുടെ നേതൃയോഗം അംഗീകാരം നൽകിയിരുന്നു. നിലവിൽ രാജ്യത്ത് പ്രാബല്യത്തിലുള്ള മൃഗ നിയമം, കന്നുകാലി കശാപ്പ് ഓർഡിനൻസ്, മറ്റ് അനുബന്ധ നിയമങ്ങളും ചട്ടങ്ങളും ഭേദഗതി ചെയ്യാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രിസഭ അറിയിച്ചു. കാർഷിക ആവശ്യത്തിന് ഉപയോഗിക്കാനാകാത്ത പ്രായമായ കന്നുകാലികൾക്കായി പ്രത്യേക പദ്ധതി തയ്യാറാ  ക്കും. കശാപ്പ് മൂലം പരമ്പരാഗത കാർഷിക ആവശ്യങ്ങൾക്ക് വേണ്ടത്ര കന്നുകാലികളെ ലഭിക്കുന്നില്ലെന്ന് ക്യാബിനറ്റ് അംഗീകരിച്ച കുറിപ്പിൽ പറയുന്നു.

ക്ഷീരവ്യവസായത്തിന്റെ മുന്നോട്ടുപോക്കിനും കശാപ്പ് വിഘാതമാകുന്നുണ്ട്. നിരോധനം ഗ്രാമീണ ജനതക്ക് നേട്ടമുണ്ടാക്കും. ക്ഷീര ഉത്പന്നങ്ങളുടെ ഇറക്കുമതി കുറക്കാനും  ഇതുവഴി കഴിയുമെന്ന് ക്യാബിനറ്റ് നോട്ടിൽ പറയുന്നു. അതേസമയം, മാംസം ഭക്ഷിക്കുന്നവർക്കായി ബീഫ് ഇറക്കുമതി ചെയ്യുമെന്നും ഇത് കുറഞ്ഞ വിലയിൽ ആവശ്യക്കാർക്ക് ലഭ്യമാക്കുമെന്നും മന്ത്രി കഹേലിയ റാംബുകവെല്ല വ്യക്തമാക്കി.

2012ലെ സെൻസസ് പ്രകാരം ശ്രീലങ്കയിലെ രണ്ട് കോടിയിൽ അധികം വരുന്ന ആകെ ജനസംഖ്യയിൽ 70.10 ശതമാനം ബുദ്ധമതക്കാരും 12.58 ശതമാനം ഹിന്ദുക്കളും 9.66 ശതമാനം മുസ്‌ലിംകളും 7.62 ശതമാനം ക്രിസ്ത്യാനികളും 0.03 ശതമാനം മറ്റുള്ളവരുമാണ്.

Latest