Connect with us

Kerala

ലൈഫില്‍ സി ബി ഐ അന്വേഷണം പ്രഖ്യാപിച്ചത് ബി ജെ പി സംസ്ഥാന പ്രസിഡന്റ്; രാഷ്ട്രീയ വേട്ടയാടലിനെ എല്‍ ഡി എഫ് നേരിടും- കോടിയേരി

Published

|

Last Updated

തിരുവനന്തപുരം  |  ലൈഫ് വിവാദത്തിലെ സി ബി ഐ അന്വേഷണം പ്രഖ്യാപിച്ചത് ബി ജെ പി സംസ്ഥാന പ്രസിഡന്റാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. രാജ്യത്തെ അന്വേഷണ ഏജന്‍സികളെ ബി ജെ പി ദുരുപയോഗം ചെയ്യുകയാണ്. രാഷ്ട്രീയ ഉദ്ദേശത്തോടെയാണ് ഇപ്പോഴത്തെ സി ബി ഐ അന്വേഷണം. ഇതിനെ ആ രീതിയില്‍ തന്നെ എതിര്‍ക്കുക്കുമെന്ന് കോടിയേരി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

സംസ്ഥാന സര്‍ക്കാറിനെ ഇരുട്ടില്‍ നിര്‍ത്തിക്കൊണ്ടാണ് സി ബി ഐ അന്വേഷണം പ്രഖ്യാപിക്കപ്പെട്ടത്. ഇത്തരം നീക്കങ്ങളെ ജനങ്ങളെ അണിനിരത്തി നേരിടും. ജീവന്‍ കൊടുത്തും കേരളത്തിലെ ഇടത് പ്രവര്‍ത്തകര്‍ സര്‍ക്കാറിനെ സംരക്ഷിക്കും. ഏത് അന്വേഷണ ഏജന്‍സികളെ അണിനിരത്തിയാലും ബി ജെ പിക്ക് മുമ്പില്‍ കേരളത്തിലെ ഇടത് സര്‍ക്കാര്‍ കീഴടങ്ങില്ലെന്നും കോടിയേരി പറഞ്ഞു.

സി ബി ഐക്കെതിരെ കോണ്‍ഗ്രസിന് വിത്യസ്ത നിലപാടാണുള്ളത്. മാറാട് കേസ് സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ബി ജെ പി എത്ര പ്രക്ഷോഭങ്ങള്‍ നടത്തി. എന്നാല്‍ പിന്നീട് ഒത്തുതീര്‍പ്പിലൂടെ ബി ജെ പി അതില്‍ നിന്ന് പിന്‍മാറി. ബി ജെ പി കേന്ദ്രത്തില്‍ ഭരണത്തിലിരിക്കുമ്പോള്‍ എന്തുകൊണ്ട് മാറാട് കേസില്‍ സി ബി ഐ അന്വേഷണം നടത്തുന്നില്ല. ബി ജെ പി നേതാക്കള്‍ ഇതിന് മറുപടി നല്‍കണം.
ബിനീഷിനെതിരായ അന്വേഷണത്തില്‍ ഇടപെടില്ല. യു ഡി എഫ് വിട്ട ജോസ് കെ മാണി ഇതുവരെ രാഷ്ട്രീയ നിലപാട് പ്രഖ്യാപിച്ചിട്ടില്ല. അവര്‍ പ്രഖ്യാപിച്ച ശേഷം അവരുമായി സഹകരണം സംബന്ധിച്ച്ചര്‍ച്ച ചെയ്യും. ഡല്‍ഹിയില്‍ കാര്‍ഷിക ബില്ലിനെതിരെ ജോസ് കെ മാണി വിഭാഗം എല്‍ ഡി എഫിനൊപ്പം നിന്ന് സമരത്തില്‍ അണിനിരന്നു. ഇത് സ്വാഗതാര്‍ഹമാണെന്നും കോടിയേരി പറഞ്ഞു.

ജമാഅത്തെ ഇസ്ലാമിയെ അടക്കം കൂട്ട്പിടിച്ച് എല്‍ ഡി എഫിനെ അട്ടിമറിക്കാനാണ് കേരളത്തില്‍ മുസ്ലിം ലീഗും യു ഡി എഫും ശ്രമിക്കുന്നത്‌. ഒരു തവണകൂടി എല്‍ ഡി എഫ് അധികാരത്തില്‍ വന്നാല്‍ യു ഡി എഫ് ഇനി ഉണ്ടാകില്ലെന്നാണ് മുസ്ലിംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി പറയുന്നത്. മുസ്ലിംലീഗ് ആധിപത്യമുള്ള ഒരു സര്‍ക്കാറാണ് ഇനി അവരുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായാണ് ജമാഅത്തെ ഇസ്ലാമിയുമായി ലീഗ് ചര്‍ച്ച നടത്തിയത്. ജമാഅത്തെ ഇസ്ലാമിയാണ് ഇന്ന് മുസ്ലിം ലീഗിനെ നയിക്കുന്നത്. ജമാഅത്തിന്റെ ആശയങ്ങളാണ് ഇപ്പോള്‍ മുസ്ലിംലീഗ് എടുക്കുന്നത്. ഹാഗിയ സോഫിയ വിഷയത്തില്‍ ലീഗ് നിലപാട് വ്യക്തമാണ്. ലീഗിന്റെ അജന്‍ഡക്ക് അനുസരിച്ചാണ് കോണ്‍ഗ്രസും യു ഡി എഫും കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത്. ലീഗിന്റെ മുഖം ജനങ്ങള്‍ക്കിടയില്‍ ഇന്ന് ഏറെ വികൃതമായിരികക്കുകയാണ്.150 കോടിയുടെ ജ്വല്ലറി തട്ടിപ്പാണ് കാസര്‍കോട് ലീഗ് നേതാക്കള്‍ നടത്തിയത്. ഇതിന് പിന്നിലുള്ള മുഴുവന്‍ പേരെയും പോലീസ് നിയമത്തിന് മുന്നില്‍ കണ്ടുവരണം. വഖഫ് ഭൂമി വരെ ലീഗ് നേതാക്കള്‍ തട്ടിയിരിക്കുകയാണ്. ഏതെങ്കിലും മുസ്ലിം വഖഫ് സ്വത്ത് തട്ടിയെടുക്കുമോ?.

കേരളത്തിലെ മത ന്യൂനപക്ഷങ്ങള്‍ക്ക് പിണറായി സര്‍ക്കാറിനെക്കുറിച്ച് നല്ല മതിപ്പാണുള്ളത്. പൗരത്വ നിമത്തിലടക്കം കേരളത്തിലെ സര്‍ക്കാര്‍ എടുത്ത നിലപാടുകള്‍ അവര്‍ക്ക് അറിയാം. കേരളത്തിലെ ഇടത് സര്‍ക്കാര്‍ എടുത്ത നിലപാടുകള്‍ ദേശീയ അടിസ്ഥാനത്തില്‍ തന്നെ ശ്രദ്ധേയമായിരിക്കുകയാണ്.  എളമരം കരീമും രാജേഷും നടത്തിയത് പോലുള്ള പോരാട്ടത്തിന് എന്തുകൊണ്ട് യു ഡി എഫ് എം പിമാര്‍ തയ്യാറായില്ല. അവര്‍ അത് കേരളത്തിലെ ജനങ്ങളോട് തുറന്ന് പറയണം. കോണ്‍ഗ്രസ് പാര്‍ലിമെന്റില്‍ ബി ജെ പിയുടെ ബി ടീമായി മാറി. കാര്‍ഷിക ബില്‍ കര്‍ഷകര്‍ക്കെതിരായ യുദ്ധ പ്രഖ്യാപനമാണ്. കേന്ദ്രം എടുക്കുന്ന പല തീരുമാനങ്ങളും കേരളത്തെ പ്രതികൂലമായി ബാധിക്കുന്നു. കൊവിഡിന്റെ മറവില്‍ ബി ജെ പി സര്‍ക്കാര്‍ ഒരു ചര്‍ച്ചയും നടത്താതെ ബില്ലുകള്‍ പാസാക്കുകയാണ്. കേരളത്തിലെ എല്‍ ഡി എഫ് സര്‍ക്കാറിനെതിരെ കോര്‍പറേറ്റ് നീക്കം നടക്കുന്നു.

കോര്‍പറേറ്റ് താത്പര്യങ്ങള്‍ക്ക് വിരുദ്ധമായി സര്‍ക്കാര്‍ സ്വന്തം നിലയില്‍ പൊതുമേഖല ശക്തിപ്പെടുത്തുന്നതാണ് ഇവരുടെ എതിര്‍പ്പിന് കാരണം. റീട്ടെയില്‍ മേഖല കൈയടക്കാന്‍ റിലയന്‍സ് ശ്രമിക്കുന്നു. എന്നാല്‍ പൊതുവിപണിയില്‍ ശക്തമായ ഇടപെടല്‍ ഇടത് സര്‍ക്കാര്‍ നടത്തുന്നത് ഇവര്‍ക്ക് വിനയാകുന്നു. കോര്‍പറേറ്റുകളക്ക് ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ കടന്നുകയറാന്‍ കഴിയുന്നത് പോലെ കേരളത്തില്‍ നടക്കുന്നില്ല. ഇടത് സര്‍ക്കാര്‍ ഇവിടെയുള്ളതുകൊണ്ടാണ്. എങ്ങനെയെങ്കിലും കേരളത്തിലെ ഇടത് സര്‍ക്കാറിനെ അട്ടിമറിക്കണമെന്ന താത്പര്യമാണ് ഇവര്‍ക്കുള്ളത്. അതുകൊണ്ടാണ് കോര്‍പറേറ്റുകള്‍ പ്രതിപക്ഷ സമരത്തിന് പിന്തുണ നല്‍കുന്നത്. കോര്‍പറേറ്റ് മീഡിയകളുടെ പിന്തുണ പ്രതിപക്ഷത്തിന് ലഭിക്കുന്നത് ഇതുകൊണ്ടാണ്. എല്‍ ഡി എഫ് സര്‍ക്കാര്‍ കേരളത്തിലെ എല്ലാ മേഖലയിലും ഇടപെട്ടു. തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോയില്‍ പറഞ്ഞ 630 കാര്യത്തില്‍ 600ഉം കേരളത്തിലെ എല്‍ ഡി എഫ് സര്‍ക്കാര്‍ നടപ്പാക്കി കഴിഞ്ഞു. കേരളത്തില്‍ കൊവിഡ് കാലത്ത് പോലും പട്ടിണി മരണങ്ങള്‍ ഇല്ലെന്നത് ശ്രദ്ധേയമാണ്. സര്‍ക്കാറിന്റെ ശക്താമായ ഇടപെടലാണ് ഇതിനെല്ലാം പിന്നിലെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.