20,000 കോടി രൂപയുടെ നികുതി തര്‍ക്കത്തില്‍ ഇന്ത്യക്കെതിരെ വോഡാഫോണിന് വിജയം

Posted on: September 25, 2020 6:17 pm | Last updated: September 25, 2020 at 6:17 pm

ന്യൂഡല്‍ഹി | ഇന്ത്യയുമായുള്ള 20,000 കോടി രൂപയുടെ നികുതി തര്‍ക്ക കേസില്‍ വോഡാഫോണിന് വിജയം. ഹേഗിലെ അന്താരാഷ്ട്ര ആര്‍ബിട്രേഷന്‍ ട്രൈബ്യൂണലാണ് വോഡാഫോണിന് അനുകൂലമായി വിധിച്ചത്. നിയമനടപികള്‍ക്കുള്ള ചെലവിനത്തില്‍ ഭാഗിക നഷ്ടപരിഹാരമായി വോഡാഫോണിന് ഇന്ത്യ 4000 കോടി രൂപ നല്‍കണമെന്നും ട്രൈബ്യൂണല്‍ വ്യക്തമാക്കി.

വോഡാഫോണിന് എതിരെ നികുതിയും പലിശയും ചുമത്തുന്നത് നെതര്‍ലാന്‍ഡും ഇന്ത്യയും തമ്മിലുള്ള നിക്ഷേപ ഉടമ്പടിയുടെ ലംഘനമാണെന്ന് വ്യക്തമാക്കിയാണ് ട്രൈബ്യൂണല്‍ ഉത്തരവ്. 2007ല്‍ ഹച്ചിസണില്‍ നിന്ന് ഇന്ത്യയിലെ ടെലികോം ആസ്തി വോഡാഫോണ്‍ ഏറ്റെടുത്തതാണ് നികുതി തര്‍ക്കത്തിന് കാരണമായത്. 11 ബില്യണ്‍ ഡോളറിന്റെ ഏറ്റെടുക്കലാണ് വോഡാഫോണ്‍ അന്ന് നടത്തിയത്.

രണ്ടാം യുപിഎ സര്‍ക്കാരാണ് ഇതുമായി ബന്ധപ്പെട്ട് 11,000 കോടി രൂപ നികുതി അടയ്ക്കണമെന്ന് വോഡാഫോണിനോട് ആവശ്യപ്പെട്ടത്.