Connect with us

Editorial

ശഹീന്‍ ബാഗ്: പരിഹാസ്യമാണ്‌ ഈ കുറ്റപത്രവും

Published

|

Last Updated

ആടിനെ പട്ടിയാക്കി പിന്നെ പേപ്പട്ടിയാക്കി തല്ലിക്കൊല്ലുകയെന്ന ഫാസിസ്റ്റ് ശൈലിയുടെ പ്രയോഗവത്കരണമാണ് ശഹീന്‍ ബാഗ് സമരവുമായി ബന്ധപ്പെട്ട് ഡല്‍ഹി പോലീസ് സമര്‍പ്പിച്ച കുറ്റപത്രം. ശഹീന്‍ ബാഗില്‍ സമാധാനപരമായി നടന്ന സമരത്തെ അടിച്ചൊതുക്കാന്‍ ആഹ്വാനം ചെയ്ത ബി ജെ പി നേതാവ് കപില്‍ മിശ്ര കുറ്റപത്രത്തില്‍ ഇടം പിടിച്ചതേയില്ല. അതേസമയം, അവിടെ നടന്ന വംശീയാതിക്രമവുമായി പുലബന്ധം പോലുമില്ലാത്ത സി പി എം നേതാവ് ബൃന്ദാ കാരാട്ട്, സി പി ഐ നേതാവ് ആനിരാജ, സ്വരാജ് ഇന്ത്യാ നേതാവ് യോഗേന്ദ്ര യാദവ്, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ശിദ് തുടങ്ങിയവരുടെ പേരുകള്‍ സ്ഥലം പിടിച്ചിട്ടുമുണ്ട്. ശഹീന്‍ ബാഗ് പ്രക്ഷോഭത്തെ വിലകുറച്ചു കാണിക്കാനായി, ദിവസക്കൂലി നല്‍കിയാണ് സമരപ്പന്തലിലേക്ക് സ്ത്രീകളെ എത്തിച്ചതെന്നും ആരോപിച്ചിരിക്കുന്നു കോടതിയില്‍ കഴിഞ്ഞയാഴ്ച സമര്‍പ്പിച്ച കുറ്റപത്രത്തില്‍. പൗരത്വ നിയമ ഭേദഗതിയോട് വിയോജിപ്പുള്ളവരോ, സമരത്തില്‍ തത്പരരോ ആയിരുന്നില്ല ശഹീന്‍ ബാഗില്‍ തടിച്ചുകൂടിയ സ്ത്രീകളെന്നും മാധ്യമ ശ്രദ്ധ ലഭിക്കാനായി പണം കൊടുത്ത് ആളെ എത്തിക്കുകയായിരുന്നുവെന്നും വരുത്തിത്തീര്‍ക്കുകയാണ് ലക്ഷ്യം.

ഓരോ ദിവസവും സമരത്തിന്റെ മുന്‍നിരയില്‍ ഇരിക്കാനായി സ്ത്രീകളെ വാടകക്കെടുക്കുകയായിരുന്നുവത്രെ. ജാമിഅ മില്ലിയ്യ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി മെമ്പര്‍ ശിഫാഉര്‍റഹ്മാന്റെ നേതൃത്വത്തിലാണ് സ്ത്രീകളെ കൂട്ടത്തോടെ ദിവസ വേതനം നല്‍കി വാടക ബസുകളിലും മറ്റു വാഹനങ്ങളിലുമായി ശഹീന്‍ ബാഗിലെത്തിച്ചതെന്നും കുറ്റപത്രം പറയുന്നു. ഇതിനായി സമരക്കാര്‍ വന്‍തോതില്‍ ഫണ്ട് ശേഖരണം നടത്തിയിരുന്നു. ബേങ്ക് അക്കൗണ്ടുകളില്‍ വരെ ഈയിനത്തില്‍ പണം എത്തി. ജാമിഅ മില്ലിയ്യയുടെ ഏഴാം നമ്പര്‍ ഗേറ്റിനു പുറത്ത് സമരവേദിയില്‍ ഹാജരായവര്‍ക്ക് 5,000 മുതല്‍ 1,000 വരെ രൂപ നല്‍കിയിരുന്നു എന്നിങ്ങനെ നീളുന്നു ഡല്‍ഹി പോലീസിന്റെ പെരും കള്ളത്തരങ്ങള്‍. സാക്ഷികളില്‍ നിന്നും സമരക്കാരുടെ വാട്‌സ്ആപ്പ് ചാറ്റുകളില്‍ നിന്നുമാണത്രെ ഇതെല്ലാം കണ്ടെത്തിയത്. സമരപ്പന്തലില്‍ ബിരിയാണി വിളമ്പിയാണ് ആളുകളെ ആകര്‍ഷിച്ചിരുന്നതെന്ന് സംഘ്പരിവാര്‍ മാധ്യമങ്ങള്‍ നേരത്തേ ആരോപിച്ചിരുന്നു. അതിന്റെ മറ്റൊരു പതിപ്പാണ് ഡല്‍ഹി പോലീസിന്റെ ഈ കുറ്റപത്രം.

സ്വാതന്ത്ര്യാനന്തര ഇന്ത്യ കണ്ട അത്യുജ്ജ്വല സമരങ്ങളിലൊന്നായിരുന്നു ശഹീന്‍ ബാഗ് പ്രക്ഷോഭം. പൗരത്വ ഭേദഗതി നിയമത്തിനും ജാമിഅ മില്ലിയ്യയിലെ പോലീസ് അതിക്രമത്തിനുമെതിരെ 2019 ഡിസംബര്‍ 15ന് ആരംഭിച്ച് മാസങ്ങളോളം നീണ്ടുനിന്ന സമരത്തില്‍ ആയിരക്കണക്കിന് സ്ത്രീകളാണ് ദിനംപ്രതി പങ്കെടുത്തത്. പത്തോളം സ്ത്രീകള്‍ ആരംഭിച്ച ഈ പ്രതിഷേധ സമരം അതിവേഗമാണ് അടിച്ചമര്‍ത്തലിനെതിരായ അത്യുജ്ജ്വല പ്രക്ഷോഭമായി മാറിയതും ദേശീയതലത്തിലും ആഗോളതലത്തിലും ശ്രദ്ധ പിടിച്ചു പറ്റിയതും. കാലങ്ങളായി ഇന്ത്യയില്‍ താമസിച്ചു വരുന്ന ലക്ഷക്കണക്കിനാളുകള്‍ക്ക് മതത്തിന്റെ പേരില്‍ ഇന്ത്യന്‍ പൗരത്വം നിഷേധിക്കുന്ന മോദിസര്‍ക്കാറിന്റെ മതേതരത്വ വിരുദ്ധ നടപടിക്കെതിരെ പ്രതിഷേധിക്കാനായി ഡല്‍ഹിയിലെ അന്നത്തെ അതിശൈത്യത്തെ പോലും വകവെക്കാതെ കൈക്കുഞ്ഞുങ്ങളുമായി അമ്മമാര്‍ വരെ ഒഴുകിയെത്തി. ചരിത്രകാരന്മാര്‍, ജനപ്രതിനിധികള്‍, ബുദ്ധിജീവികള്‍, വിദേശ പ്രതിനിധികള്‍, വിദ്യാര്‍ഥികള്‍ തുടങ്ങി സമൂഹത്തിലെ വിവിധ തലങ്ങളിലുള്ളവര്‍ ദിനംപ്രതി സമര വേദി സന്ദര്‍ശിക്കുകയും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. വിദേശികള്‍ പോലുമെത്തി ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍.

ഇന്ത്യാ ചരിത്രത്തിന് പുതിയ ദിശാബോധമെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് സമരത്തെ വിശേഷിപ്പിച്ചത്. അമ്മമാരും സഹോദരിമാരും മഹത്തായ ലക്ഷ്യത്തിനായി കൈകോര്‍ക്കുന്നുവെന്ന് ദി വാഷിംഗ്ടണ്‍ പോസ്റ്റ് എഴുതി. സാര്‍വദേശീയ മാനമുള്ള സമരം (അറബ് ടൈംസ്), മാനവ മോചനത്തിനായുള്ള സമരം (വാള്‍സ്ട്രീറ്റ് ജേണല്‍) എന്നിങ്ങനെ നിരവധി ആഗോള മാധ്യമങ്ങള്‍ സമരത്തിന്റെ പ്രാധാന്യവും ജനപങ്കാളിത്തവും ചൂണ്ടിക്കാട്ടി. ശഹീന്‍ ബാഗ് പ്രക്ഷോഭ വേദിയിലെ ശ്രദ്ധേയ വ്യക്തിത്വമായ 82 വയസ്സുള്ള ബില്‍ഖീസ് ടൈം മാഗസിന്റെ 2020ലെ ലോകത്തിലെ ഏറ്റവും സ്വാധീനം ചെലുത്തിയ നൂറ് പേരുടെ പട്ടികയില്‍ ഇടംപിടിക്കുകയും ചെയ്തു. ബില്‍ഖീസ് ശഹീന്‍ ബാഗിലെ വനിതാ പ്രതിഷേധ കൂട്ടായ്മയിലെ മുന്‍നിര പോരാളിയായിരുന്നു. രാജ്യത്തിന്റെ ബഹുസ്വരത നിലനിര്‍ത്താനാണ് താന്‍ പൗരത്വ നിയമത്തിനെതിരായ സമരത്തിനിറങ്ങിയതെന്ന് അവര്‍ മാധ്യമങ്ങളോട് വ്യക്തമാക്കുകയും ചെയ്തു. ഇവരെയൊക്കെയാണ് ദിവസക്കൂലിക്കെടുത്ത് കൊണ്ടുവന്നതാണെന്ന് ഡല്‍ഹി പോലീസ് കണ്ടെത്തിയത്. ഡല്‍ഹി പോലീസ് കോടതിയില്‍ സമര്‍പ്പിച്ച ശഹീന്‍ ബാഗ് കുറ്റപത്രം നമ്മുടെ പോലീസ് സംവിധാനത്തെ ലോകത്തിനു മധ്യേ പരിഹാസ്യമാക്കാന്‍ മാത്രമേ സഹായിക്കുകയുള്ളൂ.

കുറ്റവാളികള്‍ ഹിന്ദുത്വ തീവ്രവാദികളും ഇരകള്‍ മത ന്യൂനപക്ഷങ്ങളോ ദളിതരോ ആകുകയും ചെയ്യുന്ന കേസുകളില്‍ അന്വേഷണോദ്യോഗസ്ഥരുടെ അട്ടിമറി രാജ്യത്ത് സാധാരണമാണ്. മലേഗാവ് സ്‌ഫോടനക്കേസില്‍ മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്‌ക്വാഡ് തലവനായിരുന്ന ഹേമന്ത് കാര്‍ക്കറെയുടെ നേതൃത്വത്തില്‍ നടന്ന വിശദവും സമഗ്രവുമായ അന്വേഷണത്തില്‍ സ്‌ഫോടനത്തിന് ഉത്തരവാദികളെന്നു കണ്ടെത്തിയ സ്വാധി പ്രഗ്യാസിംഗ് ഠാക്കൂര്‍ ഉള്‍പ്പെടെ ആറ് പ്രതികള്‍ കേസ് എന്‍ ഐ എയുടെ കൈകളിലെത്തിയപ്പോള്‍ നിരപരാധികളായി മാറി. ഉത്തര്‍ പ്രദേശിലെ സോന്‍ഭദ്ര ജില്ലയിലെ ഭുയിയ, ഗോണ്ട് തുടങ്ങിയ ആദിവാസി വിഭാഗങ്ങള്‍, തങ്ങളുടെ പ്രദേശത്തെ കുടിവെള്ളം മലിനമാക്കുകയും ആവാസ വ്യവസ്ഥയെ തന്നെ തകിടം മറിക്കുന്നതുമായ പദ്ധതിക്കെതിരെ രംഗത്ത് വന്നപ്പോള്‍ കലാപവും കൊള്ളയും നടത്തിയെന്നും ആയുധങ്ങള്‍ കൈവശം വെച്ചുവെന്നും ആരോപിച്ച് പോലീസ് ആദിവാസി വിഭാഗങ്ങളിലെ സ്ത്രീകളെ ഉള്‍പ്പെടെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. കശ്മീരില്‍ സമാധാനപരമായി പ്രതിഷേധിക്കുന്നവരെ തീവ്രവാദികളും ഭീകരവാദികളുമായി മുദ്രകുത്തുകയും വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തുകയും ചെയ്യലാണ് രീതി. പോലീസ് റിപ്പോര്‍ട്ടുകളിലെയും കുറ്റപത്രങ്ങളിലെയും ഇത്തരം മറിമായങ്ങളുടെ തുടര്‍ച്ചയാണ് ശഹീന്‍ ബാഗ് ആക്രമണക്കേസിലെ കുറ്റപത്രവും.

Latest