Connect with us

National

ജീവന് ഭീഷണിയുണ്ടെന്ന് ട്വീറ്റ് ചെയ്ത് മൂന്നാം ദിനം യുവ അഭിഭാഷകന്‍ വെടിയേറ്റ് മരിച്ചു

Published

|

Last Updated

ശ്രീനഗര്‍ | ശ്രീനഗറില്‍ യുവ അഭിഭാഷകന്‍ വീടിന് മുന്നില്‍വെച്ച് വെടിയേറ്റ് മരിച്ചു. ചാനല്‍ ചര്‍ച്ചകളിലും പത്രത്താളുകളിലും സജീവമായിരുന്ന ബാബര്‍ ഖദ്‌രി (40) ആണ് മരിച്ചത്. തനിക്കെതിരെ തെറ്റായ രീതിയില്‍ ക്യാമ്പയിന്‍ നടക്കുന്നുവെന്നും തന്റെ ജീവന്‍ നഷ്ടപ്പെടാനിടയുണ്ടെന്നും അതില്‍ കേസെടുത്ത് അന്വേഷണം നടത്തണമെന്നും പോലീസിനോട് ആവശ്യപ്പെട്ട് ട്വീറ്റ് ചെയ്തതിന്റെ മൂന്നാം ദിവസമാണ് ബാബറിന്റെ മരണം.

“ഏജന്‍സികള്‍ക്കായി ഞാന്‍ പ്രവര്‍ത്തിക്കുന്നുവെന്ന് തെറ്റായ പ്രചരണം നടത്തിയ ഈ ഷാ നസീറിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഞാന്‍ സംസ്ഥാന പോലീസിനോട് അഭ്യര്‍ത്ഥിക്കുന്നു. ഈ വ്യാജ പ്രചാരണം എന്റെ ജീവന് ഭീഷണിയാകും”- ഇതായിരുന്നു ട്വീറ്റ്. ഇതോടൊപ്പം തനിക്കെതിരെ ക്യാമ്പയിന്‍ നടത്തുന്നയാളുടെ ട്വീറ്റീന്റെ സ്‌ക്രീന്‍ഷോട്ടും ഉള്‍പ്പെടുത്തിയിരുന്നു.

വെടിവെച്ച ഉടന്‍ അക്രമികള്‍ ഓടിരക്ഷപ്പെടുകയായിരുന്നു. ബാബര്‍ ഖദ് രിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു. ഒരു വെടിയുണ്ടയാണ് അദ്ദേഹത്തിന്റെ ശരീരത്തില്‍ ഏറ്റതെന്നും അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനിടെ കാശ്മീരില്‍ കൊല്ലപ്പെടുന്ന രണ്ടാമത്തെ പൊതുപ്രവര്‍ത്തകനാണ് ബാബര്‍ ഖദ്‌രി ബുദ്ഗാം ജില്ലയിലെ ബ്ലോക് ഡവലപ്‌മെന്റ് കൗണ്‍സിലര്‍ ഭുപീന്ദര്‍ സിംഗ് ബുധനാഴ്ച രാത്രി വെടിയേറ്റ് മരിച്ചിരുന്നു.