Connect with us

Covid19

പൊതുപ്രവര്‍ത്തകന്റെ ഉത്തരവാദിത്തം കെ എം അഭിജിത്ത് കാണിച്ചില്ല: മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം | രോഗവ്യാപനം കൂട്ടാതിരിക്കാന്‍ പാര്‍ട്ടികളും നേതാക്കളും കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു പൊതുപ്രവര്‍ത്തകന്‍ പാലിക്കേണ്ട ഉത്തരവാദിത്തം കെ എസ് യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്തിന്റെ
ഭാഗത്ത് നിന്നും ഉണ്ടായില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.

കൊവിഡ് പരിശോധനക്ക് പേരും വിലാസവും വ്യാജമായി നല്‍കിയതിന് അഭിജിത്തിനെതിരെ പോത്തന്‍കോട് പോലീസ് കേസെടുത്തിരിക്കുകയാണ്. ഇന്ത്യന്‍ ശിക്ഷാനിയമം 419-ാം വകുപ്പ്, കേരള എപ്പിഡെമിക് ഡിസീസസ് ഓര്‍ഡിനന്‍സ് 2020 ലെ 4(2)(ബി), 4(2)(എ), 5 എന്നിവ പ്രകാരമാണ് കേസെടുത്തത്. പോത്തന്‍കോട് പഞ്ചായത്ത് പ്രസിഡന്റിന്റെ പരാതിയിലാണ് കേസ്. സംഭവത്തെക്കുറിച്ച് പോത്തന്‍കോട് എസ് ഐയുടെ നേതൃത്വത്തിലുള്ള സംഘം ആന്വേഷണം തുടങ്ങിയിട്ടുണ്ട്. ഈ വിഷയത്തില്‍ അഭിജിത്തിനെ ആരെങ്കിലും സഹായിച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരേയും നിയമ നടപടിയുണ്ടാകും.

കേരളത്തിലെ ഉത്തരവദിത്തപ്പെട്ട സംഘടനയുടെ നേതാവാണ് അദ്ദേഹം. എന്നാല്‍ നിരുത്തരവദപരമായാണ് അദ്ദേഹം പെരുമാറിയത്. സംസ്ഥാനത്ത് കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ചുനടത്തുന്ന സമരങ്ങളെക്കുറിച്ച് ആവര്‍ത്തിച്ച് സൂചിപ്പിച്ചിട്ടുള്ളതാണ്. പ്രതിപക്ഷത്തെ മുതിര്‍ന്ന നേതാക്കളോടൊപ്പം ഇദ്ദേഹം പല പരിപാടികളിലും പങ്കെടുത്തിട്ടുമുണ്ട്.

കൊവിഡ് പ്രതിരോധ രംഗത്തുള്ള പൊലീസുകാര്‍ക്കും സാധാരണ ജനങ്ങള്‍ക്കും തന്റെ സഹപ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും രോഗം പരത്താനുള്ള ദൗത്യമാണ് ഇത്തരം കാര്യങ്ങളിലൂടെ ഏറ്റെടുക്കുന്നത്. ഇതിനെയാണ് തെറ്റായ പ്രവണത എന്ന് ചൂണ്ടിക്കാണിക്കുന്നത്. ഇത് നിയന്ത്രിക്കാന്‍ പ്രതിപക്ഷ നേതാവിന് ഉള്‍പ്പെടെ ചുമതലയുണ്ട്. രാഷ്ട്രീയമായി ഭിന്നതയും താത്പര്യങ്ങളുമുണ്ടാകാം. അത് രോഗവ്യാപനത്തിന്റെ തോത് വര്‍ധിപ്പിക്കുന്ന നിലയില്‍ അപകടകരമായ ഒന്നായി മാറിയിരിക്കുകയാണ്. ഇത് പ്രതിപക്ഷം മനസ്സിലാക്കണം എന്നു മാത്രമേ ഇപ്പോള്‍ പറയാനുള്ളുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.