ദീപികയും സാറയും നാളെ എന്‍ സി ബി മുമ്പാകെ ഹാജരാകണം

Posted on: September 24, 2020 6:50 pm | Last updated: September 24, 2020 at 6:50 pm

മുംബൈ | നടന്‍ സുശാന്ത് സിംഗ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസില്‍ ബോളിവുഡ് നടിമാരായ ദീപിക പദുക്കോണ്‍, സാറ അലി ഖാന്‍ എന്നിവര്‍ ചോദ്യംചെയ്യലിനായി നാളെ നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍ സി ബി) മുമ്പാകെ ഹാജരാകണം. ഗോവയിലായിരുന്ന ദീപികയും സാറയും ഇന്ന് ഉച്ചയോടെ മുംബൈയിലേക്ക് യാത്ര തിരിച്ചു.

നേരത്തെ സമന്‍സ് ലഭിച്ചിട്ടില്ലെന്ന് പറഞ്ഞ നടി രാകുല്‍ പ്രീത് സിംഗിനെയും നാളെ ചോദ്യം ചെയ്യുമെന്ന് എന്‍ സി ബി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. രാകുല്‍ പ്രീത് സിംഗിനോട് കഴിഞ്ഞ ദിവസം തന്നെ ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരുന്നതാണെന്നും അവരെ ഫോണിലടക്കം ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഫാഷന്‍ ഡിസൈനര്‍ സിമോണെ ഖംബാട്ട, സുശാന്തിന്റെ മാനേജര്‍ ശ്രുതി മോദി, ടെലിവിഷന്‍ താരങ്ങളായ അഭിഗെയ്ല്‍, ഭാര്യ സനം ജോഹര്‍ തുടങ്ങിയവര്‍ വ്യാഴാഴ്ച ചോദ്യംചെയ്യലിന് ഹാജരായിരുന്നു.