Connect with us

Covid19

ഇന്ത്യ വാങ്ങിയത് 60,093 വെന്റിലേറ്ററുകള്‍; ആശുപത്രികളില്‍ സ്ഥാപിച്ചത് 23,699 എണ്ണം മാത്രം

Published

|

Last Updated

ന്യൂഡല്‍ഹി | കൊറോണ രോഗികളുടെ എണ്ണം നാള്‍ക്കുനാള്‍ കുതിച്ചുയരുമ്പോഴും രോഗികളെ പരിചരിക്കാനായി കേന്ദ്ര സര്‍ക്കാര്‍ വാങ്ങിയ വെന്റിലേറ്ററുകളില്‍ പകുതിയിലധികവും ഉപയോഗിക്കാതെ കിടക്കുന്നു. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തലില്‍ ആശുപത്രികളില്‍ അടിസ്ഥാന സൗകര്യം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി 60,093 വെന്റിലേറ്ററുകളാണ് കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡര്‍ ചെയ്തത്. എന്നാല്‍ ഇതുവരെ ആശുപത്രികളില്‍ സ്ഥാപിച്ചത് 23,699 എണ്ണം മാത്രമാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

വിവിധ സംസ്ഥാനങ്ങള്‍ക്കായി 36,825 വെന്റിലേറ്ററുകളാണ് ഇതുവരെ അനുവദിച്ചു നല്‍കിയത്. ഇതില്‍ 30,893 എണ്ണം കൈമാറിയിട്ടുമുണ്ട്. എന്നാല്‍ 6,927 വെന്റിലേറ്ററുകള്‍ ഇതുവരെ സ്ഥാപിച്ചിട്ടില്ല. രോഗികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ പല സ്ഥലങ്ങളിലും വെന്റിലേറ്റര്‍ ക്ഷാമം അനുഭവിക്കുമ്പോഴാണ് വാങ്ങിയ വെന്റിലേറ്ററുകള്‍ ഉപയോഗപ്പെടുത്താതെ കിടക്കുന്നത്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള മഹാരാഷ്ട്രക്ക് 4,434 വെന്റിലേറ്ററുകളാണ് അനുവദിച്ചത്. ഇതില്‍ 4427 എണ്ണം നല്‍കുകയും ചെയ്തു. എന്നാല്‍ 3559 എണ്ണം മാത്രമാണ് ഇതുവരെ ആശുപത്രികളില്‍ സ്ഥാപിച്ചത്.

കര്‍ണാടകക്ക് അനുവദിച്ച 2,025 വെന്റിലേറ്ററുളും നല്‍കിയെങ്കിലും 1,189 എണ്ണം മാത്രമാണ് സ്ഥാപിച്ചത്. ഉത്തര്‍പ്രദേശിന് 4,016 വെന്റിലേറ്ററുകള്‍ അനുവദിച്ചതില്‍ 1988 എണ്ണം നല്‍കി. സ്ഥാപിച്ചത് 1413 എണ്ണം മാത്രം.

മരനിരക്ക് കൂടുതലുള്ള പഞ്ചാബിലും വെന്റിലേറ്ററുകള്‍ ഉപയോഗിക്കാതെ കിടക്കുകയാണ്. 810 വെന്റിലേറ്ററുകളാണ് പഞ്ചാബിന് അനുവദിച്ചത്. ഇതില്‍ 509 എണ്ണം നല്‍കിയെങ്കിലും ഇതുവരെ സ്ഥാപിച്ചത് 289 എണ്ണം മാത്രമാണ്. ബീഹാറിന 500 വെന്റിലേറ്റര്‍ നല്‍കിയതില്‍ 319 എണ്ണമേ പ്രവര്‍ത്തിപ്പിച്ച് തുടങ്ങിയിട്ടുള്ളൂ.

ഈ വര്‍ഷം ജനുവരി മുതല്‍ ഇന്നുവരെയുള്ള കണക്കുകള്‍ പ്രകാരം 2568.4 കോടി രൂപ മുടക്കിയാണ് ഇന്ത്യ 60,093 വെന്റിലേറ്ററുകള്‍ക്ക് ഓര്‍ഡല്‍ നല്‍കിയത്.