Connect with us

Covid19

കൊവിഡ്: കോഴിക്കോട് പാളയം മാര്‍ക്കറ്റ് ഒരാഴ്ച അടച്ചിടും

Published

|

Last Updated

കോഴിക്കോട് | കൊവിഡ് വ്യാപനം രൂക്ഷമായ കോഴിക്കോട് പാളയം മാര്‍ക്കറ്റ് അടച്ചിടാന്‍ ജില്ലാ കലക്ടറുടെ ഉത്തരവ്. ഇന്നു മുതല്‍ ഈമാസം 30 വരെയാണ് മാര്‍ക്കറ്റ് അടച്ചിടുക. നഗരത്തിലെ തിരക്കേറിയ പാളയം മാര്‍ക്കറ്റില്‍ ഇന്നലെ നടത്തിയ കൊവിഡ് പരിശോധനയില്‍ 233 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. മാര്‍ക്കറ്റ് അടച്ചിടുന്ന ദിവസങ്ങളില്‍ ഈ ഭാഗത്തേക്ക് പൊതുജനങ്ങള്‍ക്കും കച്ചവടക്കാര്‍ക്കും പ്രവേശനമുണ്ടാകില്ല. നിരോധന പരിധിയില്‍ വരുന്ന ഭാഗങ്ങളില്‍ പൊതുജനങ്ങള്‍ പ്രവേശിക്കുന്നില്ലെന്ന് പോലീസ് ഉറപ്പുവരുത്തും. ഡെപ്യൂട്ടി തഹസില്‍ദാറുടെ നേതൃത്വത്തില്‍ ക്വിക്ക് റെസ്‌പോണ്‍സ് ടീമിനെ മാര്‍ക്കറ്റില്‍ നിയോഗിച്ചിട്ടുണ്ട്.

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് പച്ചക്കറിയുമായി പാളയം മാര്‍ക്കറ്റിലേക്കു വരുന്ന വണ്ടികള്‍ തടമ്പാട്ടുതാഴത്തെ അഗ്രികള്‍ച്ചറല്‍ മാര്‍ക്കറ്റ് വഴി വിതരണം ചെയ്യാന്‍ അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്. മാര്‍ക്കറ്റ് തുറക്കുന്നതിനുമുമ്പ് അണുനശീകരണം നടത്തും. ഒരാഴ്ചക്കു ശേഷം കൊവിഡ് പരിശോധനക്ക് വിധേയരായ രോഗലക്ഷണങ്ങളില്ലാത്തവര്‍ക്കു മാത്രമേ മാര്‍ക്കറ്റില്‍ കച്ചവടത്തിന് അനുമതി നല്‍കൂ. എല്ലാ കച്ചവടക്കാരും തൊഴിലാളികളും കൊവിഡ് ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാനും ആഴ്ചയിലൊരിക്കല്‍ മാര്‍ക്കറ്റില്‍ കൊവിഡ് പരിശോധന നടത്താനും കലക്ടര്‍ നിര്‍ദേശിച്ചു.