Connect with us

National

യെദിയൂരപ്പയുടെ മകന്‍ കൈക്കൂലി വാങ്ങിയെന്ന്; മുഖ്യമന്ത്രി രാജിവെക്കണമെന്ന് കോണ്‍ഗ്രസ്

Published

|

Last Updated

ബെംഗളൂരു | കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയുടെ മകന്‍ കൈക്കൂലി ആവശ്യപ്പെട്ടെന്ന വാര്‍ത്ത പുറത്തുവന്നതിനെ തുടര്‍ന്ന് മുഖ്യമന്ത്രി രാജിവക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷം രംഗത്തെത്തി. ബെംഗളൂരു വികസന അതോറിറ്റിയുടെ ഫ്ളാറ്റ് നിര്‍മാണ പദ്ധതിയുമായി ബന്ധപ്പെട്ട് യെദിയൂരപ്പയുടെ മകന്‍ ബി വൈ വിജേയന്ദ്ര കൈക്കൂലി ആവശ്യപ്പെട്ടെന്ന വാര്‍ത്തയാണ് ഒരു ടെലിവിഷന്‍ ചാനല്‍ സ്റ്റിംഗ് ഓപ്പറേഷനിലൂടെ പുറത്തുവിട്ടത്. വിജയേന്ദ്രക്കു പുറമെ മരുമകനും കൊച്ചുമകനും കൂടി കൈക്കൂലി ആവശ്യപ്പെട്ടതായി വാര്‍ത്തയില്‍ വ്യക്തമാക്കുന്നു. ഇവരുടെ വാട്സ് ആപ് സന്ദേശങ്ങള്‍ ഇത് വ്യക്തമാക്കുന്നതാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. കരാറുകാരനില്‍ നിന്ന് കൈക്കൂലി പണമായും ബേങ്ക് അക്കൗണ്ട് വഴിയും ആവശ്യപ്പെട്ടെന്ന് പാര്‍ട്ടി പ്രതികരിച്ചു.

666 കോടിയുടെ പദ്ധതിയിലാണ് യെദിയൂരപ്പയും കുടുംബവും അഴിമതി നടത്തിയിട്ടുള്ളത്. അധികമായി 17 കോടിയാണ് യെദിയൂരപ്പയുടെ മകന്‍ കരാറുകാരനോട് ആവശ്യപ്പെട്ടത്. ഇതില്‍ ശശിധര്‍ മരദി എന്നയാളുടെ അക്കൗണ്ടിലേക്ക് 7.4 കോടി ട്രാന്‍സ്ഫര്‍ ചെയ്തിട്ടുണ്ട്. ബാക്കി പണം മരുമകന്റെ ഹുബ്ലിയിലെ മദുര എസ്റ്റേറ്റിലേക്ക് നല്‍കാനാണ് പറയുന്നത്. സുപ്രീം കോടതി ജഡ്ജിയും ഹൈക്കോടതി ജഡ്ജിയും അടങ്ങുന്ന കമ്മീഷന്‍ സംഭവത്തില്‍ അന്വേഷണം നടത്തണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. സത്യസന്ധമായ അന്വേഷണം നടത്താന്‍ യെദിയൂരപ്പ സ്ഥാനം രാജിവെക്കണം. വിവിധ എസ്റ്റേറ്റുകളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത കടലാസ് കമ്പനികളിലൂടെ കള്ളപ്പണം വെളുപ്പിക്കുകയാണെന്ന് പാര്‍ട്ടി നേതാവ് സിദ്ധരാമയ്യ ആരോപിച്ചു.

Latest