കൂട്ടിമുട്ടല്‍ ഒഴിവാക്കാന്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് സ്ഥാനമാറ്റം

Posted on: September 23, 2020 3:24 pm | Last updated: September 23, 2020 at 3:24 pm

വാഷിംഗ്ടണ്‍ | ബഹിരാകാശത്തിലെ റോക്കറ്റ് അവശിഷ്ടവുമായുള്ള കൂട്ടിമുട്ടല്‍ ഒഴിവാക്കാന്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് നേരിയ സ്ഥാനമാറ്റം നടത്തി ബഹിരാകാശ യാത്രികര്‍. ഭൂമിയുടെ ഭ്രമണപഥത്തിലെ വസ്തുക്കളെ നല്ല രീതിയില്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുന്നതാണ് ഇതെന്ന് നാസ അറിയിച്ചു.

കൂട്ടിമുട്ടല്‍ ഒഴിവാക്കുന്നതിന് നിലയത്തിന്റെ ഭ്രമണപഥം ക്രമീകരിക്കാന്‍ രണ്ടര മിനുട്ടാണ് ബഹിരാകാശ യാത്രികര്‍ക്ക് വേണ്ടിവന്നത്. റഷ്യന്‍- അമേരിക്കന്‍ യാത്രക്കാര്‍ സംയുക്തമായാണ് ഓപറേഷന്‍ നടത്തിയത്. ബഹിരാകാശ നിലയത്തിന്റെ 1.4 കിലോമീറ്ററിനുള്ളിലാണ് അവശിഷ്ടം കടന്നുപോയത്.

നിലയത്തിന്റെ സ്ഥാന മാറ്റ സമയത്ത് മൂന്ന് അംഗങ്ങള്‍ സൊയുസ് പേടകത്തിന്റെ അടുത്താണ് നിലയുറപ്പിച്ചത്. അത്യാവശ്യമാണെങ്കില്‍ ഒഴിപ്പിക്കല്‍ നടത്താനായിരുന്നു ഇത്. അതീവ ജാഗ്രതയോടെയാണ് പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. പ്രവര്‍ത്തനത്തിന് ശേഷം ബഹിരാകാശ യാത്രികര്‍ക്ക് അവരുടെ സാധാരണ പ്രവര്‍ത്തനങ്ങളിലേക്ക് തിരിച്ചെത്താന്‍ സാധിച്ചതായും നാസ അറിയിച്ചു.

ഈ അവശിഷ്ടം 2018ലെ ജപ്പാന്‍ റോക്കറ്റിന്റെതാണെന്നാണ് കരുതുന്നത്. കഴിഞ്ഞ വര്‍ഷം ഈ റോക്കറ്റ് 77 കഷണങ്ങളായി ചിതറിയിരുന്നു. ഭൂമിക്ക് മുകളില്‍ 420 കിലോമീറ്റര്‍ അകലെ മണിക്കൂറില്‍ 17,000 മൈല്‍ വേഗതയിലാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം  ചുറ്റുന്നത്.

ALSO READ  ഭൂമിക്ക് പുറത്ത് വൈറസുകളുടെ സാന്നിധ്യം തേടി ശാസ്ത്രജ്ഞര്‍