കൊവിഡ് വ്യാപനം; ഇന്ത്യയടക്കം മൂന്ന് രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ സഊദി നിര്‍ത്തിവച്ചു

Posted on: September 23, 2020 2:53 pm | Last updated: September 23, 2020 at 9:15 pm

ദമാം | കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ ഇന്ത്യയടക്കം മൂന്ന് രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ താത്ക്കാലികമായി നിര്‍ത്തിവച്ചതായി സഊദി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ പ്രസ്താവനയില്‍ അറിയിച്ചു. ഇന്ത്യക്കു പുറമെ അര്‍ജന്റീന, ബ്രസീല്‍ എന്നീ രാജ്യങ്ങളിലേക്കുള്ള സര്‍വീസുകളാണ് നിര്‍ത്തലാക്കിയത്. എന്നാല്‍, സഊദിയിലെ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തിന്റെ മേല്‍നോട്ടത്തില്‍ സര്‍വീസ് നടത്തുന്ന ‘വന്ദേ ഭാരത്’ സര്‍വീസുകള്‍ക്ക് പുതിയ നിയമം ബാധകമല്ലെന്നും അതോറിറ്റി അറിയിച്ചു. 14 ദിവസം ഈ രാജ്യങ്ങളില്‍ കഴിഞ്ഞവര്‍ക്കും രാജ്യത്തേക്ക് മടങ്ങിവരുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ ഒരാഴ്ചക്കിടെ ഇന്ത്യയില്‍ നിന്നും നിരവധി സ്വകാര്യ ട്രാവല്‍ ഏജന്‍സികളാണ് സഊദിയിലേക്ക് സര്‍വീസ് ആരംഭിച്ചതായി അറിയിപ്പുകള്‍ നല്‍കിയത്. ഇതേ തുടര്‍ന്ന് നിരവധി പ്രവാസികള്‍ മടക്കയാത്രക്കായി ടിക്കറ്റ് ബുക്ക് ചെയ്ത് കാത്തിരിക്കുന്നതിനിടയിലാണ് പുതിയ തീരുമാനം. പുതിയ ഉത്തരവ് വന്നതോടെ വിസാ കാലാവധിയും- റീ എന്‍ട്രിയും അവസാനിക്കാറായവര്‍ വീണ്ടും പുതുക്കേണ്ടി വരും.