വിവാദമല്ല, വേണ്ടത് നയതന്ത്ര സൗഹൃദം

75 ലക്ഷത്തോളം പ്രവാസികള്‍ ഇന്ന് വിവിധ അറബ് രാജ്യങ്ങളില്‍ ജീവസന്ധാരണം തേടുന്നുണ്ട്. മറ്റൊരു രാജ്യവുമായി ഇല്ലാത്ത ശക്തമായ സൗഹൃദമാണ് യു എ ഇയും സഊദിയും ഖത്വറുമായുമൊക്കെ നമ്മുടെ രാജ്യവും ജനതയും ഊട്ടിവളര്‍ത്തിയിരിക്കുന്നത്. നല്ല നയതന്ത്ര സൗഹൃദം നിലനിന്നെങ്കിലേ സുഗമമായ ആദാനപ്രദാനങ്ങള്‍ നടക്കൂ. ആ വശം ഉള്‍ക്കൊള്ളാതെയാണ് ഭക്ഷണക്കിറ്റ് വിതരണം ചെയ്തതിനെയും ഖുര്‍ആന്‍ കോപ്പികള്‍ സ്വീകരിച്ചതിനെയും ചിലര്‍ നോക്കിക്കാണാന്‍ ശ്രമിക്കുന്നത്.
Posted on: September 23, 2020 4:02 am | Last updated: September 23, 2020 at 1:56 pm

ഇന്ത്യയും അറബ് രാജ്യങ്ങളും തമ്മിലുള്ള സാംസ്‌കാരികവും വാണിജ്യപരവുമായ ആദാനപ്രദാനങ്ങള്‍ക്ക് അയ്യായിരം വര്‍ഷത്തെ പഴക്കമുണ്ട്. ആ സമ്പര്‍ക്കങ്ങളാണ് വാണിജ്യ-വ്യാപാര ബന്ധങ്ങള്‍ക്കപ്പുറം ജൂത, ക്രൈസ്തവ, ഇസ്‌ലാം മതങ്ങള്‍ക്ക് മലബാര്‍ തീരങ്ങളില്‍ നങ്കൂരമിടാന്‍ സാഹചര്യമൊരുക്കിക്കൊടുത്തത്. ഗള്‍ഫ് മേഖലയില്‍ പെട്രോളിയം കണ്ടുപിടിക്കപ്പെട്ടതിലൂടെ കൈവന്ന ക്ഷേമൈശ്വര്യങ്ങളുടെ പുതിയൊരു യുഗം പിറന്നപ്പോള്‍ അതിന്റെ ഗുണഫലം അനുഭവിക്കാന്‍ ഇന്ത്യക്കാര്‍ക്ക് അവസരമുണ്ടാകുന്നത് സുദൃഢമായ ആ ബന്ധത്തിന്റെ ബലത്തിലാണ്. മത, വിഭാഗീയ ചിന്തകള്‍ക്കതീതമായ ജീവിത കാഴ്ചപ്പാടും രാഷ്ട്രീയ നിലപാടുകളും യു എ ഇയെ ഇന്ത്യയുടെ ഉറ്റമിത്രമാക്കുന്നു. നമ്മുടെ രാഷ്ട്രീയമായ ഏത് ചലനങ്ങള്‍ക്കും കടലിനപ്പുറം അനുരണനങ്ങള്‍ കാണാന്‍ സാധിക്കും.

ജീവകാരുണ്യ സംരംഭങ്ങളില്‍ ഉദാരമായി ചെലവഴിക്കുക എന്നത് അറബ് ഭരണകൂടങ്ങള്‍ പരമ്പരാഗതമായി പിന്തുടരുന്ന ജീവിതശൈലിയാണ്. അതിന്റെ അടിസ്ഥാനത്തിലാണ് റമസാനിലും ദുരിത നാളുകളിലും ഭക്ഷണപ്പൊതികളും ധനസഹായങ്ങളും മറ്റും അര്‍ഹതപ്പെട്ടവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ ശ്രമിക്കുന്നത്. കൊവിഡ് മഹാമാരി ലോകത്തെ ഭീതിമുനയില്‍ നിര്‍ത്തുകയും മലയാളികളടക്കമുള്ള ലക്ഷക്കണക്കിന് പ്രവാസികള്‍ ജോലിയും കൂലിയും നഷ്ടപ്പെട്ട് ലേബര്‍ ക്യാമ്പുകളിലും മറ്റും കഴിയേണ്ടി വരികയും ചെയ്ത ദുരിതസന്ധിയില്‍ പത്ത് ദശലക്ഷം ഭക്ഷണക്കിറ്റുകള്‍ ദുബൈ ഭരണാധികാരിയുടെ വക വിതരണം ചെയ്തതാണ് വലിയൊരു വിഭാഗത്തിന്റെ ജീവന്‍ നിലനിര്‍ത്തിയത്. മലയാളി സന്നദ്ധസംഘടനകളെ ഉപയോഗപ്പെടുത്തിയായിരുന്നു അവ അര്‍ഹര്‍ക്ക് എത്തിച്ചുകൊടുത്തത്. ആ ഘട്ടത്തിലാണ് സൗഹൃദത്തിന്റെ നയതന്ത്രബന്ധം നിലനില്‍ക്കുന്ന രാജ്യങ്ങളിലെ എംബസികളും കോണ്‍സുലേറ്റുകളും വഴി തദ്ദേശീയരിലെ പാവങ്ങള്‍ക്ക് ഭക്ഷണസാധനങ്ങള്‍ എത്തിക്കാന്‍ വിപുലമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയത്. അങ്ങനെയാണ് ആയിരം ഭക്ഷണക്കിറ്റുകള്‍ അര്‍ഹര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ സംസ്ഥാന വഖ്ഫ് മന്ത്രി ഡോ. കെ ടി ജലീലിന്റെ സഹായം തേടുന്നത്. അതില്‍ അസ്വാഭാവികമായ ഒന്നുമില്ലെന്ന് പരിശോധിച്ചാലറിയാം. ദാരിദ്ര്യം മൂത്ത് ജനം പട്ടിണി കിടന്ന് മരിക്കുന്ന എത്രയോ രാജ്യങ്ങളിലേക്ക് അറബ് ഭരണകൂടങ്ങള്‍ സഹായഹസ്തങ്ങള്‍ നീട്ടാറുണ്ട്. ഹജ്ജ് വേളയില്‍ ബലിയറുക്കപ്പെടുന്ന മൃഗങ്ങളുടെ മാംസം മൂന്നാം ലോകത്തെ പാവപ്പെട്ട രാജ്യങ്ങളിലേക്കാണ് സഊദി അറേബ്യ കയറ്റി അയക്കാറുള്ളത്. കഅ്ബാലയം പൊതിയുന്ന കറുത്ത പടം വര്‍ഷത്തില്‍ രണ്ട് തവണ പുതുക്കുമ്പോള്‍ പഴയത് കഷണങ്ങളാക്കി സുഹൃദ് രാജ്യങ്ങളിലേക്ക് അയച്ചുകൊടുക്കുന്ന സമ്പ്രദായം അടുത്തകാലം വരെ നിലനിന്നിരുന്നു.

വിവാദങ്ങള്‍ക്കിടെ നാം അറിയാതെ പോകുന്ന കുറെ നയതന്ത്ര അനുഭവങ്ങളുണ്ട് പോയ കാലത്ത്. അറബ് ഇസ്‌ലാമിക രാജ്യങ്ങളുമായുള്ള ഊഷ്മള ബന്ധം നിലനിര്‍ത്താന്‍ ഏറ്റവും കൂടുതല്‍ ഉത്സാഹം കാണിച്ചവരായിരുന്നു പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവും പുത്രി ഇന്ദിരാ ഗാന്ധിയും. 1954ല്‍ സഊദി ഭരണാധികാരി രണ്ടാഴ്ചയാണ് ഇന്ത്യയില്‍ ചെലവഴിച്ചത്. രാജാവിനെയും പരിവാരത്തെയും അബുല്‍ കലാം ആസാദാണത്രെ വരവേറ്റത്. അലീഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റി ചുറ്റിക്കണ്ട സഊദി രാജാവിനോട് ഗംഗാ തീരത്ത്, ബനാറസ് ഹിന്ദു യൂനിവേഴ്‌സിറ്റി എന്ന മറ്റൊരു സര്‍വകലാശാല ഉണ്ടെന്ന് അറിയിച്ചപ്പോള്‍ അവിടെയും സന്ദര്‍ശിക്കാന്‍ ആവേശം കാണിച്ചു. ഈ ഊഷ്മള ബന്ധമാണ്, അടുത്ത വര്‍ഷം നെഹ്‌റു ജിദ്ദ സന്ദര്‍ശിച്ചപ്പോള്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യുന്നതിന് ജിദ്ദ ഫുട്‌ബോള്‍ മൈതാനിയില്‍ പ്രത്യേകം

സൗകര്യമേര്‍പ്പെടുത്തിക്കൊടുക്കുന്നതിന് പ്രചോദനമായത്. ഇന്ദിരാ ഗാന്ധി 1982 ഏപ്രിലില്‍ ഒരാനക്കുട്ടിയുമായി ജിദ്ദയില്‍ വിമാനമിറങ്ങിയത് അന്ന് കൗതുകമേറിയ വാര്‍ത്തയായിരുന്നു. 2006ലെ റിപ്പബ്ലിക് ദിനത്തില്‍ മുഖ്യാതിഥിയായി എത്തിയ അബ്ദുല്ല രാജാവ് ഇന്ത്യ തന്റെ രണ്ടാമത്തെ വീടാണെന്നാണ് വിശേഷിപ്പിച്ചത്.
അറേബ്യന്‍ സൈകത ഭൂവില്‍ പെട്രോഡോളര്‍ ഒഴുകാന്‍ തുടങ്ങിയപ്പോള്‍ ലക്ഷക്കണക്കിന് മലയാളികള്‍ ലോഞ്ചുകളിലും പത്തേമാരികളിലും കയറിപ്പറ്റി ഖോര്‍ഫുക്കാന്റെയും മറ്റും തീരങ്ങളിലണഞ്ഞപ്പോള്‍, ഇത്തരം ഓര്‍മകളാണ് അവരെ ഇരുകരവും നീട്ടി സ്വീകരിക്കാന്‍ അറബികള്‍ക്ക് പ്രചോദനമേകിയത്. മലയാളികളെ അവര്‍ വിശ്വസിച്ചു; പെരുത്തും ഇഷ്ടപ്പെട്ടു. മനുഷ്യത്വത്തിന്റെ ഉദാത്തമായ മാതൃകകള്‍ വഴി ഇവിടുത്തെ ലക്ഷക്കണക്കിന് കുടുംബങ്ങളെ സാമ്പത്തികമായി കൈപിടിച്ചുയര്‍ത്തുകയും ബിസിനസ് സാമ്രാജ്യങ്ങള്‍ കെട്ടിപ്പൊക്കാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്ത ശൈഖുമാരുടെ അളവറ്റ ഉദാരതയുടെ കഥകള്‍ മറക്കാനാകില്ല. പെട്രോഡോളറിന്റെ ഒഴുക്കിന് തുടക്കം കുറിക്കുന്നതിന് മുമ്പ് കേരളത്തില്‍ നിന്ന് അങ്ങോട്ടേക്കാണ് സഹായം പ്രവഹിച്ചിരുന്നത്. സയ്യിദ് അബ്ദുര്‍റഹ്മാന്‍ ബാഫഖി തങ്ങള്‍ കോഴിക്കോട്ടെ പ്രമാണിമാരില്‍ നിന്ന് സക്കാത്ത് സംഭരിച്ച് മക്കയിലും മദീനയിലും ജിദ്ദയിലും അര്‍ഹര്‍ക്ക് എത്തിച്ചുകൊടുത്ത ഒരു കാലഘട്ടമുണ്ടായിരുന്നുവെന്ന് എത്ര പേര്‍ക്കറിയാം? അടുത്ത കാലത്ത് വരെ കേരളത്തില്‍നിന്നുള്ള ഹജ്ജ് തീര്‍ഥാടകര്‍ക്ക് വിശ്രമ കേന്ദ്രമായി വര്‍ത്തിച്ച കേയി റൂബാത്ത് പോലും പൗരാണിക സാമൂഹിക ബന്ധങ്ങളുടെ ഈടുറ്റ പ്രതീകമായിരുന്നു.
കഴിഞ്ഞ അര നൂറ്റാണ്ടിനിടയില്‍ ഇന്ത്യയും ഗള്‍ഫ് രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് കാതലായ മാറ്റങ്ങളുണ്ടായി. 75 ലക്ഷത്തോളം പ്രവാസികള്‍ ഇന്ന് വിവിധ അറബ് രാജ്യങ്ങളില്‍ ജീവസന്ധാരണം തേടുന്നുണ്ട്. മറ്റൊരു രാജ്യവുമായി ഇല്ലാത്ത ശക്തമായ സൗഹൃദമാണ് യു എ ഇയും സഊദിയും ഖത്വറുമായുമൊക്കെ നമ്മുടെ രാജ്യവും ജനതയും ഊട്ടിവളര്‍ത്തിയിരിക്കുന്നത്. ഇതിന്റെ പ്രതിഫലനം ഇവിടെ ദൃശ്യമാണ്. ഇന്നീ കാണുന്ന കേരളം ഗള്‍ഫ് പ്രൊഡക്റ്റാണ്. പെട്രോഡോളറില്‍ പടുത്തുയര്‍ത്തിയ നമ്മുടെ സമ്പദ് ഘടന അവിടെ നിന്നുള്ള പണപ്രവാഹം എന്ന് നിലക്കുന്നുവോ അന്ന് ക്ഷയിക്കും. നല്ല നയതന്ത്ര സൗഹൃദം നിലനിന്നെങ്കിലേ സുഗമമായ ആദാനപ്രദാനങ്ങള്‍ നടക്കൂ. ആ വശം ഉള്‍ക്കൊള്ളാതെയാണ് കേരളത്തിലെ പ്രതിപക്ഷവും ഹിന്ദുത്വ ശക്തികളും ഭക്ഷണക്കിറ്റ് വിതരണം ചെയ്തതും ഖുര്‍ആന്‍ കോപ്പികള്‍ സ്വീകരിച്ചതും രാഷ്ട്രീയ തിമിരം ബാധിച്ച കണ്ണുകളിലൂടെ നോക്കിക്കാണാന്‍ ശ്രമിക്കുന്നത്. 1,500 വര്‍ഷമായി ഈത്തപ്പഴവും സംസം വെള്ളവും ഖുര്‍ആനുമൊക്കെ ഇവിടെ എത്താന്‍ തുടങ്ങിയിട്ട്. രാജ്യം ഭരിക്കുന്ന പാര്‍ട്ടിക്ക് അറബ്, ഗള്‍ഫ്, ശൈഖ്, ഖുര്‍ആന്‍ എന്നൊക്കെ കേള്‍ക്കുമ്പോള്‍ അലര്‍ജിയാണ്. അറബ് സംസ്‌കാരത്തെയും മുസ്‌ലിംകളെയും നിദാന്ത ശത്രുക്കളായി കാണുന്ന വി ഡി സവര്‍ക്കറുടെ വിഷലിപ്തമായ പ്രത്യയശാസ്ത്ര അടിത്തറയില്‍ കെട്ടിപ്പൊക്കിയ ഹിന്ദുത്വക്ക് ഒരിക്കലും വിശാല മനസ്‌കതയോടെ ആ സമൂഹത്തെയും അവരുടെ സാംസ്‌കാരിക സമേകതയെയും ഉള്‍ക്കൊള്ളാനാകില്ല. 2002 ഒക്ടോബര്‍ 13ന് നാഗ്പൂരില്‍ ചേര്‍ന്ന ആര്‍ എസ് എസ് വിജയദശമി ഉത്സവത്തില്‍ അന്നത്തെ സര്‍സംഘ് ചാലക് കെ എസ് സുദര്‍ശന്‍ പറഞ്ഞത് ആരും മറന്നുകാണില്ല. എല്ലാ വിശുദ്ധ ഗ്രന്ഥങ്ങളും കാലാനുസൃതമായി പരിഷ്‌കരിക്കണമെന്നും ഏകദൈവ വിശ്വാസം ഇന്ത്യന്‍ സാമൂഹികാവസ്ഥക്ക് നിരക്കുന്നതല്ലെന്നുമാണ് അദ്ദേഹം പ്രസംഗിച്ചത്. ഖുര്‍ആന്‍ കാലഹരണപ്പെട്ടതും അറബ് ഗോത്ര സംസ്‌കാരത്തിന്റെ അന്ധവിശ്വാസങ്ങളാല്‍ ജഡിലവുമായ ഒരു ഗ്രന്ഥമാണെന്നാണ് ആര്‍ എസ് എസിന്റെ സ്ഥിരം പല്ലവി. അറബ് രാജ്യങ്ങളുമായി നയതന്ത്ര ബന്ധമാകാം. അവിടെ ചെന്ന് ഇന്ത്യക്കാര്‍ക്ക് ജോലി ചെയ്ത് സമ്പാദിക്കാം. പക്ഷേ, അവരുടെ സാംസ്‌കാരിക ചിഹ്നങ്ങള്‍ കണ്ടുകൂടാ എന്ന ചിന്തയാണ് ഇപ്പോഴും അവര്‍ കൊണ്ടുനടക്കുന്നത്. കൊവിഡ് മഹാമാരിയുടെ പേരില്‍ തബ്‌ലീഗുകാരെ മുഴുവന്‍ തുറുങ്കിലടക്കുകയും രോഗ വ്യാപനത്തിന് അവരാണ് ഉത്തരവാദികളെന്ന് പ്രചരിപ്പിക്കുകയും അതിന്റെ പേരില്‍ വിദ്വേഷപരമായ ഫേസ് ബുക്ക് പോസ്റ്റുകളിടുകയും ചെയ്തപ്പോള്‍ ദുബൈ രാജകുടുംബത്തിലെ ഒരു ഗവേഷണ വിദ്യാര്‍ഥിക്ക് ഇടപെടേണ്ടിവന്നു. വിദ്വേഷം പ്രചരിപ്പിക്കാനാണ് ഉദ്ദേശ്യമെങ്കില്‍ ഇവിടുത്തെ നിയമമനുസരിച്ച് നടപടി വരുമെന്നും നിങ്ങളുടെ നാട്ടില്‍ പോയി വിദ്വേഷം പ്രചരിപ്പിച്ചോളൂവെന്നും അവര്‍ക്ക് മുന്നറിയിപ്പ് നല്‍കേണ്ടിവന്നു. സംഘ്പരിവാറിന്റെ വിദ്വേഷ പ്രസാരണം എന്തുമാത്രം അന്തരീക്ഷം കലുഷിതമാക്കിയിട്ടുണ്ടെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര സൗഹൃദങ്ങളെ അത് സാരമായി പോറലേല്‍പ്പിക്കാന്‍ സാധ്യതയുണ്ടെന്നും ഓര്‍മപ്പെടുത്തി സഊദി, അമേരിക്ക, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളില്‍ ഇന്ത്യയുടെ അംബാസഡര്‍ ആയിരുന്ന തല്‍മീസ് അഹമ്മദിന് “ദി വയര്‍’ ഓണ്‍ലൈന്‍ പത്രത്തില്‍ ചിന്തോദ്ദീപകമായ ലേഖനം എഴുതേണ്ടിവരുകയുണ്ടായി.
സ്വര്‍ണക്കടത്ത് വിഷയത്തില്‍ ഇന്ത്യയുമായി സൗഹൃദ ബന്ധമുള്ള യു എ ഇ ഭരണകൂടത്തിനു മുന്നില്‍ വിഷയം അവതരിപ്പിക്കാന്‍ പോലും നമുക്കിതുവരെ സാധിച്ചിട്ടില്ല. ഇവിടെയാണ് കോലാഹലങ്ങളിലൂടെ പുകമറ സൃഷ്ടിച്ച് അന്തരീക്ഷം കലുഷിതമാക്കുന്നവരുടെ ഉള്ളിലിരിപ്പ് പുറത്തു ചാടുന്നത്. യു എ ഇ കോണ്‍സുലേറ്റ് മതസ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും വിതരണം ചെയ്യാനേല്‍പ്പിച്ച ഖുര്‍ആന്‍ സ്വര്‍ണക്കടത്തിനുള്ള മറയാണ്, ഖുര്‍ആനിന്റെയും ഈത്തപ്പഴത്തിന്റെയും ഇറക്കുമതിക്കു പിന്നില്‍ സ്വര്‍ണക്കടത്താണ് ലക്ഷ്യം എന്നൊക്കെയുള്ള ആരോപണങ്ങള്‍ പരിശോധിക്കപ്പെടേണ്ടി വരുന്നത് ഇവിടെയാണ്.

കാസിം ഇരിക്കൂര്‍