അതിര്‍ത്തിയില്‍ കൂടുതല്‍ സൈന്യത്തെ അയക്കില്ല; ഇന്ത്യ ചൈന സംയുക്ത പ്രസ്താവന

Posted on: September 22, 2020 11:00 pm | Last updated: September 23, 2020 at 8:56 am

ന്യൂഡല്‍ഹി | അതിര്‍ത്തിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഇന്ത്യ-ചൈന സംയുക്ത പ്രസ്താവന. കോര്‍ കമാന്‍ഡര്‍ തലത്തില്‍ ഇന്നലെ നടന്ന ആറാംവട്ട ചര്‍ച്ചയുടെ തുടര്‍ച്ചയായാണ് പ്രസ്താവന.അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നതിനെ കുറിച്ച് ഇരുവിഭാഗങ്ങളും അഭിപ്രായങ്ങള്‍ കൈമാറിയിട്ടുണ്ട്.

ഇരു രാജ്യങ്ങളും ചര്‍ച്ചയിലൂടെ എത്തിച്ചേര്‍ന്ന സമവായം വീഴ്ച വരാതെ നടപ്പാക്കാനും ഇരുഭാഗങ്ങളും തമ്മിലുള്ള ആശയവിനിമയം ശക്തിപ്പെടുത്താനും തീരുമാനമായി. തെറ്റിദ്ധാരണകള്‍ അകറ്റാനും അതിര്‍ത്തിയിലെ മുന്‍നിരയിലേക്ക് കൂടുതല്‍സൈന്യത്തെ അയക്കുന്നത് നിര്‍ത്താനും ധാരണയായി. നിലപാട് മാറ്റുന്നതിലെ ഏകപക്ഷീയത ഒഴിവാക്കാനും പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാക്കുന്നതില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കാനും ധാരണയായതായും ഇന്ത്യയും ചൈനയും സംയുക്തപ്രസ്തവനയില്‍ അറിയിച്ചു

ഏഴാാവട്ട കമാന്‍ഡര്‍ തല ചര്‍ച്ചകള്‍ എത്രയും പെട്ടെന്ന് നടത്താനും അതിര്‍ത്തി സങ്കീര്‍ണതകള്‍ പൂര്‍ണമായും ഒഴിവാക്കുന്നതിനുള്ള കൂടുതല്‍ നടപടികള്‍ കൈക്കൊണ്ട് അതിര്‍ത്തിയിലെ ശാന്തിയും സമാധാനവും പുനസ്ഥാപിക്കാന്‍ സംയുക്തമായി പ്രവര്‍ത്തിക്കുമെന്ന് ഇരുവിഭാഗവും പ്രസ്താവയില്‍ അറിയിച്ചു.