Connect with us

Saudi Arabia

ദേശീയ ദിനം : തൊണ്ണൂറിന്റെ ഉത്സവലഹരിയില്‍ സഊദി അറേബ്യ

Published

|

Last Updated

ജിദ്ദ | സഊദി അറേബ്യയുടെ തൊണ്ണൂറാമത് ദേശീയ ദിനം ആഘോഷിക്കാന്‍ നാടും നഗരവും ഒരുങ്ങി.
വിപുലമായ പരിപാടികളോടെ ചരിത്ര സംഭവമാക്കാനുള്ള തയാറെടുപ്പിലാണ് എല്ലാ പ്രവിശ്യകളും.കൂറ്റന്‍ ദേശീയ പതാകകളും വൈദ്യുത ദീപാലങ്കാരങ്ങളും എല്ലാ നഗരങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലും ഉയര്‍ന്നിട്ടുണ്ട് .നഗരത്തിലെ എല്ലാ വലിയ കെട്ടിടങ്ങള്‍ക്ക് മുകളിലെല്ലാം ദേശീയ പതാകകളോടൊപ്പം സഊദി ഭരണാധികാരിയും തിരുഗേഹങ്ങളുടെ സൂക്ഷിപ്പുകാരനുമായ സല്‍മാന്‍ രാജാവിന്റെയും , കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെയും ചിത്രങ്ങള്‍ ആലേഖനം ചെയ്ത ബഹുവര്‍ണ്ണ ചിത്രങ്ങള്‍ തൂക്കിയും തോരണങ്ങള്‍ കൊണ്ട് അലങ്കരിച്ചും മനോഹാരിതമാക്കിയിട്ടുണ്ട്

കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കനത്ത ആരോഗ്യ സുരക്ഷയിലാണ് ഈ വര്‍ഷത്തെ ദേശീയ ദിനാഘോഷ പരിപാടികള്‍ നടക്കുന്നത്. ദിനാഘോഷത്തിന്റെ ഭാഗമായി രാജ്യത്തെ മുഴുവന്‍ സ്വകാര്യ മേഖലകളിലെ സ്ഥാനങ്ങള്‍ക്കും സെപ്തംബര്‍ 23ന് മാനവവിഭവശേഷി മന്ത്രാലയം പൊതു അവധിയും നല്‍കിയിട്ടുണ്ട്.പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് സെപ്തംബര്‍ 23, 24 തീയതികളില്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട് . വാരാന്ത്യ അവധി ഉള്‍പ്പെടെ തുടര്‍ച്ചയായ നാലു ദിവസം അവധി ലഭിക്കും.

അബ്ദുല്‍ അസീസ് രാജാവ് അറേബ്യന്‍ ഉപദ്വീപിലെ വിവിധ പ്രദേശങ്ങളെ കൂട്ടിച്ചേര്‍ത്ത് 1932 സെപ്റ്റംബര്‍ 23ന് ആണ് ആധുനിക സഊദി അറേബ്യയുടെ രൂപീകരണത്തിന് നേതൃത്വം നല്‍കിയത്.രാജ്യത്തിന്റെ പരമ്പരാഗത സംസ്‌കാരത്തനിമ വിളിച്ചോതുന്ന വ്യത്യസ്തങ്ങളായ കലാപരിപാടികളാണ് രാജ്യത്തെ 13 പ്രവിശ്യകളിലും അരങ്ങേറുന്നത്. ആഘോഷങ്ങളുടെ ഭാഗമായി ജിദ്ദ കോര്‍ണിഷില്‍ എയര്‍ബസ് എ 330 , എഫ് -15, യൂറോഫൈറ്റര്‍ ടൈഫൂണ്‍, ബിഎഇ ഹോക്ക് തുടങ്ങിയ വിമാനങ്ങളുടെ വ്യോമ അഭ്യാസ പ്രകടനങ്ങളും നടന്നു.നൂറുകണക്കിന് ആളുകളാണ് ആകാശ കാഴ്ച്ചകള്‍ കാണാനെത്തിയത്

ദേശീയ ദിനത്തോടനുബന്ധിച്ച് സെപ്റ്റംബര്‍ 23 ന് രാജ്യത്തെ വിവിധ സൈനിക, സിവില്‍ ഏവിയേഷന്‍ ടീമുകളുടെ നേതൃത്വത്തില്‍ സഊദിയിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ എയര്‍ ഷോ നടക്കുമെന്ന് ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി (ജിഇഎ) അറിയിച്ചു .ഈ വര്ഷം അറുപത് വിമാനങ്ങളാണ് പങ്കെടുക്കുന്നത് .സഊദി ടെലിവിഷന്‍ ചാനലില്‍ തത്സമയ പ്രക്ഷേപണം വൈകിട്ട് നാലു മണിമുതല്‍ ആരംഭിക്കുമെന്നും അതോറിറ്റി അറിയിച്ചു.ഹെലികോപ്റ്ററുകള്‍ , സഊദി വിമാനങ്ങളായ ഫ്ളൈ നാസ്, സഊദിയ ജനറല്‍ അതോറിറ്റി ഫോര്‍ സിവില്‍ ഏവിയേഷന്‍ തുടങ്ങിയ കമ്പനികളും എയര്‍ഷോയില്‍ പങ്കെടുക്കുന്നുണ്ട്.പ്രമുഖ അറബ് ടീമുകള്‍ പങ്കെടുക്കുന്ന കച്ചേരികള്‍ റിയാദ്, ജിദ്ദ, ദമ്മാം എന്നീ പ്രവിശ്യകളില്‍ സെപ്തംബര്‍ 26 വരെ നടക്കും,ആരോഗ്യ നിയന്ത്രങ്ങള്‍ പാലിച്ചായിരിക്കണം ആഘോഷ പരിപാടികളില്‍ പൊതുജനങ്ങള്‍ പങ്കെടുക്കേണ്ടതെന്നും മന്ത്രാലയം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

അബ്ദുല്‍ അസീസ് രാജാവ് ,സഊദ് രാജാവ്,ഫൈസല്‍ രാജാവ് , ഖാലിദ് രാജാവ് ,ഫഹദ് രാജാവ് ,അബ്ദുള്ള രാജാവ് എന്നിവരായിരുന്നു സഊദിയിലെ മുന്‍കാല ഭരണാധികാരികള്‍.