പന്നിപ്പടക്കം നിര്‍മിക്കുന്നതിനിടെ സ്‌ഫോടനം: രണ്ടു പേര്‍ കൂടി പിടിയില്‍

Posted on: September 22, 2020 3:30 pm | Last updated: September 22, 2020 at 3:33 pm

കണ്ണൂര്‍ | മട്ടന്നൂരിലെ നടുവനാട്ടില്‍ വീടിനകത്ത് വച്ച് പന്നിപ്പടക്കം നിര്‍മിക്കുന്നതിനിടെ സ്‌ഫോടനമുണ്ടായതുമായി ബന്ധപ്പെട്ട് കേസില്‍ രണ്ട് പേര്‍ കൂടി പിടിയില്‍. നടുവനാട് സ്വദേശി രജിത്ത്, കൊതേരി സ്വദേശി, സന്ദീപ് എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി പതിനൊന്നരയോടെയുണ്ടായ സ്‌ഫോടനത്തില്‍ സി പി എം പ്രവര്‍ത്തകനായ രാജേഷിന് പരുക്കേറ്റിരുന്നു. ഇയാളെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പൊട്ടിത്തെറിയുടെ ശബ്ദം കേട്ട നാട്ടുകാര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. വീട്ടില്‍ സ്‌ഫോടനമുണ്ടായ സമയത്ത് രാജേഷ് മാത്രമാണ് ഉണ്ടായിരുന്നത്. ഇയാള്‍ മുമ്പ് നിരവധി കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. സംഭവ സ്ഥലത്ത് പോലീസ് നടത്തിയ പരിശോധനയില്‍ മൂന്ന് പന്നിപ്പടക്കം കണ്ടെടുത്തിരുന്നു. പൊട്ടിത്തെറിച്ച സ്‌ഫോടക വസ്തുവിന്റെ അവശിഷ്ടങ്ങള്‍ പോലീസ് വിശദ പരിശോധനക്കായി അയച്ചിട്ടുണ്ട്.