ശോഭാ സുരേന്ദ്രനെ ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷയാക്കാന്‍ നീക്കം

Posted on: September 22, 2020 11:50 am | Last updated: September 22, 2020 at 7:11 pm

തിരുവനന്തപുരം | കെ സുരേന്ദ്രന്‍ സംസ്ഥാന പ്രസിഡന്റായ പാര്‍ട്ടിയോട് ഇടഞ്ഞ് നില്‍ക്കുന്ന ശോഭാ സുരേന്ദ്രനെ കേന്ദ്ര വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്. ഇതിന്റെ നിയമ വശങ്ങള്‍ കേന്ദ്രം പരിശോധിക്കുന്നതായാണ് വിവരം. നിലവില്‍ പാര്‍ട്ടിയുടെ സംസ്ഥാന വൈസ് പ്രസിഡന്റായ ശോഭാ സുരേന്ദ്രന്‍ കഴിഞ്ഞ രണ്ട് മാസത്തോളമായി പൊതുവേദികളിലൊന്നിലും സജീവമല്ല. നേരത്തെ ചാനല്‍ ചര്‍ച്ചകളില്‍ പാര്‍ട്ടി മുഖമായിരുന്ന ശോഭ ഇത്തരം ചര്‍ച്ചകള്‍ക്കെത്തിയിട്ട് മാസങ്ങള്‍ കഴിഞ്ഞു. പല ചാനലുകളും ചര്‍ച്ചക്കായി ക്ഷണിച്ചിരുന്നെങ്കിലും ഒഴുഞ്ഞുമാറുകയായിരുന്നു.

പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ട പേരുകളിലൊന്നായിരുന്നു ശോഭാ സുരേന്ദ്രന്റേത്. എന്നാല്‍ ശ്രീധരന്‍പിള്ള ഗവര്‍ണറായി പോയതിന് ശേഷം കെ സുരേന്ദ്രനെ പ്രസിഡന്റായി പാര്‍ട്ടി തിരഞ്ഞെടുക്കുകയായിരുന്നു. ഇതോടെ പൊതുരംഗത്ത് നിന്ന് ശോഭോ സുരേന്ദ്രന്‍ പിന്‍വലിയുകയായിരുന്നു.
വൈസ് പ്രസിഡന്റാക്കി ഒതുക്കി എന്ന വികാരത്തെ തുടര്‍ന്നായിരുന്നു ശോഭയുടെ പിന്‍വാങ്ങല്‍. ഈ സാഹചര്യത്തില്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ ഒരു പ്രശ്‌ന പരിഹാരം എന്നോളമാണ് ശോഭാ സുരേന്ദ്രനെ ദേശീയ ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.