Connect with us

Kerala

തദ്ദേശ തിരഞ്ഞെടുപ്പിന് നിര്‍ദേശങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍

Published

|

Last Updated

തിരുവനന്തപുരം | കൊവിഡ് പശ്ചാത്തലത്തില്‍ അടുത്ത് നടക്കാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിന് ചില മാര്‍ഗനിര്‍ദേശങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്നോട്ടുവെച്ചു. സ്ഥാനാര്‍ഥികള്‍ വീട്ടിനുള്ളില്‍ കയറി വോട്ട് ചോദിക്കരുതെന്നാണ് ഇതില്‍ പ്രധാനം. പുറത്ത് നിന്ന് അകലം പാലിച്ച് വോട്ടഭ്യര്‍ഥിക്കണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നത്. വോട്ട് ചോദിച്ചെത്തുന്ന പ്രവര്‍ത്തകര്‍ക്കും ഇത് ബാധകമാണ്. നോട്ടീസ്, വോട്ടര്‍ സ്ലിപ്പും ഉള്‍പ്പടെ പുറത്ത് വച്ചിട്ട് പോയാല്‍ മതി. രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് നല്‍കിയ കരട് നിര്‍ദ്ദേശത്തിലാണ് ഈ നിബന്ധനകള്‍.

ബൂത്തില്‍ ഒരേസമയം മൂന്ന് വോട്ടര്‍മാരെയേ പ്രവേശിപ്പിക്കാവൂവെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. പൊതുപ്രചാരണപരിപാടികളാവാം, പക്ഷെ അഞ്ച് പേരില്‍ കൂടരുത്. നിയന്ത്രണങ്ങളോടെ പൊതുയോഗങ്ങള്‍ നടത്താം. പഴയത് പോലെ സ്ഥാനാര്‍ഥിയെ മാലയിട്ട് സ്വീകരിക്കാന്‍ കഴിയില്ല. പ്രചാരണത്തിന് സോഷ്യല്‍ മീഡിയ കൂടുതലായി ഉപയോഗിക്കണം. പത്രികാ സമര്‍പ്പണസമയത്ത് അണികളുടെ തള്ള് പാടില്ല. സ്ഥാനാര്‍ഥിയുള്‍പ്പടെ രണ്ട് പേര്‍ മാത്രമേ പാടൂള്ളു തുടങ്ങിയ നിര്‍ദേശങ്ങളും കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

തിരഞ്ഞെടുപ്പ് തീയതി നിശ്ചയിക്കുന്നതിന് മുന്നോടിയായി ഈ ആഴ്ച ഡി ജി പിയുമായി കമ്മീഷന്‍ ചര്‍ച്ച നടത്തും.