Kerala
ശ്രീകോവില്‍ പ്രവേശനം നിഷേധിക്കപ്പെട്ടവര്‍ക്ക് അത് സാധ്യമാക്കിയത് ഇടതു സര്‍ക്കാര്‍: മുഖ്യമന്ത്രി

തിരുവനന്തപുരം | കേരളത്തിന്റെ സാമൂഹിക ചരിത്രത്തെ പുരോഗമനപരമായി മുന്നോട്ടു നയിക്കുന്നതില്‍ പ്രമുഖ പങ്കുവഹിച്ച ആചാര്യനാണ് ശ്രീനാരായണ ഗുരുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനജീവിതം മനുഷ്യ സമൂഹത്തിനു നിരക്കുന്നതാക്കി പരിവര്‍ത്തിപ്പിക്കുന്നതില്‍ നെടുനായകത്വം വഹിച്ച മഹനീയ വ്യക്തിയാണ് അദ്ദേഹം. ഒരു കാലത്ത് ക്ഷേത്രത്തിനടുത്തു കൂടി വഴിനടക്കാന്‍ പോലും അനുവാദമില്ലാതിരുന്ന ജനതക്ക് ക്ഷേത്രപ്രവേശനത്തിനുള്ള അനുമതി ലഭിച്ചത് ഗുരുവിന്റെയും മറ്റും ഇടപെടലിലൂടെയാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് ശ്രീനാരായണ ഗുരുവിന്റെ പ്രതിമ അനാച്ഛാദനം നിര്‍വഹിച്ച ശേഷം പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.ക്ഷേത്രത്തില്‍ കടക്കാന്‍ അനുമതി ലഭിച്ചപ്പോഴും ആ വിഭാഗത്തിന് ശ്രീകോവില്‍ പ്രവേശനം നിഷിദ്ധമായിരുന്നു. ശ്രീകോവിലില്‍ ആ സമുദായത്തില്‍ പെട്ട ശാന്തിക്കാര്‍ക്ക് കയറാനും പൂജ ചെയ്യാനുമുള്ള അവസരമൊരുക്കിയത് നിലവിലെ സര്‍ക്കാറാണ്. അരുവിപ്പുറം പ്രതിഷ്ഠയുടെയും ക്ഷേത്ര പ്രവേശന വിളംബരത്തിന്റെയും വഴിക്കുള്ള മുമ്പോട്ട് പോകലാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ ക്ഷേത്ര ശ്രീകോവില്‍ പ്രവേശനമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കേരള സര്‍ക്കാറിന്റെതായി ഗുരുവിന്റെ പ്രതിമ എവിടെയുമില്ല എന്ന തിരിച്ചറിവാണ് തലസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ജനങ്ങളെ ആകര്‍ഷിക്കുന്ന കേന്ദ്രത്തില്‍ തന്നെ ഗുരു പ്രതിമ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ നിശ്ചയിച്ചത്.
ഗുരുവിനുള്ള ഏറ്റവും വലിയ സ്മാരകം അദ്ദേഹത്തിന്റെ മഹത്തായ സന്ദേശങ്ങളാണ്. ഗുരുവിനോടുള്ള ആദരാഞ്ജലി ആ സന്ദേശങ്ങള്‍ പഠിക്കുകയും പ്രാവര്‍ത്തികമാക്കുകയുമാണ്. ഇത് സര്‍ക്കാറിനറിയാം. എന്നാലതെല്ലാം അമൂര്‍ത്തമായ സ്മാരകമാണ്. അമൂര്‍ത്തമായ സ്മാരകത്തിനൊപ്പം മൂര്‍ത്തമായ സ്മാരകത്തിനും പ്രധാന്യമുണ്ട്. പ്രതിമ മൂര്‍ത്തമായ സ്മാരകമാണ്. പുതിയ തലമുറയും വിദേശത്തു നിന്നെത്തുവരും ഈ പ്രതിമ കാണുകയും അന്വേഷിക്കുകയും ചെയ്യും. സാര്‍വദേശീയ, സാര്‍വകാലിക, പ്രസക്തിയുള്ള ഗുരുസന്ദേശങ്ങള്‍ പുതിയ തലമുറയിലേക്ക് എത്തിക്കാനും ഇതിലൂടെ കഴിയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.