Connect with us

Editorial

സാമ്പത്തിക പതനം പാർലിമെന്റ് ചർച്ച ചെയ്യണം

Published

|

Last Updated

കൊവിഡ് മഹാമാരി രാജ്യത്തെ കടുത്ത പ്രതിസന്ധിയിലാഴ്ത്തിയ ശേഷം ഇതാദ്യമായി പാര്‍ലിമെന്റ് സമ്മേളനം നടക്കുകയാണ്. നിരവധി ബില്ലുകള്‍ സഭയില്‍ ചുട്ടെടുക്കുന്നുണ്ട്. ചര്‍ച്ചയില്ല, ചോദ്യമില്ല. ഏറ്റവും ഒടുവില്‍ കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട മൂന്ന് ബില്ലുകള്‍ പാസ്സാക്കിയെടുത്തു. രാജ്യസഭയില്‍ ആവശ്യത്തിന് അംഗബലമില്ലാത്ത ഭരണകക്ഷി, ശബ്ദ വോട്ടിലേക്ക് മാറിയാണ് ബില്ലുകൾ ഒളിച്ചു കടത്തിയത്. ഈ ബില്ലുകള്‍ക്കെതിരെ ശക്തമായ പ്രതിഷേധം രാജ്യത്ത് അലയടിക്കുന്നുണ്ട്. അതിനിടക്ക് പാര്‍ലിമെന്റ് സമ്മേളനം വെട്ടിച്ചുരുക്കാന്‍ പോകുന്നുവെന്നാണ് കേള്‍ക്കുന്നത്. അതിനും കാരണമാക്കുന്നത് കൊവിഡിനെയാണ്. ഈ മഹാമാരിയെ മറയാക്കി എന്തെല്ലാം വികല നയങ്ങളാണ് സര്‍ക്കാര്‍ നടപ്പാക്കിയത്. സ്വകാര്യവത്കരണം തകൃതിയായി നടക്കുന്നു. രാജ്യത്തിന്റെ നട്ടെല്ലായ പൊതു മേഖലാ സ്ഥാപനങ്ങള്‍ ഒന്നൊന്നായി വിറ്റഴിക്കുകയാണ്. തൊഴില്‍ നിയമങ്ങള്‍ പൊളിച്ചെഴുതുന്നു. വിദേശനയത്തില്‍ കാതലായ മാറ്റം വരുത്തുന്നു. വിദ്യാഭ്യാസം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ മേഖലകളില്‍ ഭരണ കക്ഷിയുടെ പ്രത്യയശാസ്ത്രം അടിച്ചേല്‍പ്പിക്കുന്നു. ജനകീയ പ്രതിരോധത്തിന്റെ സാധ്യതകള്‍ അടഞ്ഞിരിക്കുന്നുവെന്നത് സര്‍ക്കാര്‍ സൗകര്യമായെടുക്കുന്നു. പ്രതിപക്ഷം ദുര്‍ബലമായതിനാല്‍ ഇത്തരത്തിലുള്ള എല്ലാ എടുത്തു ചാട്ടങ്ങള്‍ക്കും സര്‍ക്കാറിന് ആത്മവിശ്വാസം കൂടുന്നു. ഈ സാഹചര്യത്തില്‍ പാര്‍ലിമെന്റിനെ പോരാട്ട വേദിയാക്കുകയാണ് പ്രതിപക്ഷം ചെയ്യേണ്ടത്. രാജ്യത്തിന് ചോദിക്കാനുള്ളത് അവിടെ മുഴങ്ങണം.

ഇന്ന് രാജ്യം ഗൗരവപൂര്‍വം ചര്‍ച്ച ചെയ്യേണ്ടത് സാമ്പത്തിക പ്രതിസന്ധിയാണ്. രാജ്യത്തിന്റെ സാമ്പത്തിക ഘടനയെ നിര്‍ണയിക്കുന്ന ജി ഡി പി നാല് പതിറ്റാണ്ടിനിടയിലെ ഏറ്റവും മോശമായ നിലയിലാണെന്നും നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ 14.8 ശതമാനം ചുരുങ്ങുമെന്നും റേറ്റിംഗ് ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കുന്നു. നടപ്പു സാമ്പത്തിക വര്‍ഷം സാമ്പത്തികനില മുന്‍ പ്രവചനങ്ങളേക്കാള്‍ മോശമായിരിക്കുമെന്ന സൂചന നല്‍കിക്കൊണ്ടാണ് പുതിയ അനുമാനങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. ഗോള്‍ഡ്മാന്‍ സാഷും ഫിച്ച് റേറ്റിംഗ്‌സുമാണ് രാജ്യത്തിന്റെ ജി ഡി പി സംബന്ധിച്ച് അവരുടെ തന്നെ മുന്‍ അനുമാനങ്ങളേക്കാള്‍ മോശം കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്. നടപ്പു സാമ്പത്തിക വര്‍ഷം രാജ്യത്തിന്റെ ജി ഡി പിയിലെ ഇടിവ് ചരിത്രത്തിലെ ഏറ്റവും മോശമായിരിക്കുമെന്നാണ് ഈ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കുന്നത്. ജൂണില്‍ അവസാനിച്ച ത്രൈമാസത്തില്‍ നാല് ദശാബ്ദത്തിനിടയിലെ ഏറ്റവും മോശം ഇടിവാണ് ജി ഡി പിയില്‍ സംഭവിച്ചിരിക്കുന്നത്. കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യവ്യാപകമായി പ്രഖ്യാപിച്ച ലോക്ക്ഡൗണാണ് ഇത്രയും രൂക്ഷമായ പ്രത്യാഘാതം സാമ്പത്തിക രംഗത്ത് സൃഷ്ടിച്ചതിന്റെ ഒരു കാരണം. ലോക്ക്ഡൗണ്‍ വന്നതോടെ ഡിമാന്‍ഡും സപ്ലൈയും ഒരു പോലെ ഇടിഞ്ഞു.

റിസര്‍വ് ബേങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍ കഴിഞ്ഞ ദിവസം നല്‍കിയ മുന്നറിയിപ്പുകള്‍ കൂടി ഇവിടെ കണക്കിലെടുക്കണം. സാധാരണ ജനങ്ങള്‍ യാചകരായി മാറുന്ന സ്ഥിതിയാണുള്ളതെന്ന് അദ്ദേഹം പറയുന്നു. കൊവിഡ് മഹാമാരി കടുത്ത പ്രത്യാഘാതമുണ്ടാക്കിയ അമേരിക്ക, ഇറ്റലി എന്നീ രാജ്യങ്ങളേക്കാള്‍ വലിയ തകര്‍ച്ചയാണ് ഇന്ത്യന്‍ സമ്പദ്്വ്യവസ്ഥ നേരിടുന്നത്. ആഭ്യന്തര ഉത്പാദനത്തില്‍ ഇറ്റലിയില്‍ 12.4 ശതമാനവും അമേരിക്കയില്‍ 9.5 ശതമാനവുമാണ് തകര്‍ച്ച. എന്നാല്‍, ഇന്ത്യ 23.9 ശതമാനം ഇടിഞ്ഞു. അസംഘടിത മേഖലകളിലെ കണക്കുകൂടി വന്നാല്‍ ചിത്രം ഇതിനേക്കാള്‍ ഭീകരമായിരിക്കുമെന്ന് രാജന്‍ പറയുന്നു.

ഇന്ത്യയില്‍ ഈ സ്ഥിതിവിശേഷം രൂപപ്പെട്ടതിന്റെ പഴി മുഴുവന്‍ കൊവിഡ് മഹാമാരിയില്‍ കെട്ടിവെക്കുന്നത് വസ്തുതാപരമാകില്ല. തീര്‍ച്ചയായും മഹാമാരി സമ്പദ് വ്യവസ്ഥയില്‍ സ്തംഭനാവസ്ഥ ഉണ്ടാക്കിയിട്ടുണ്ട്. പിന്നോട്ടടി പക്ഷേ രോഗം വന്നപ്പോള്‍ സംഭവിച്ചതല്ല. ഒന്നാം മോദി സര്‍ക്കാറിന്റെ കാലത്ത് തന്നെ തുടങ്ങിയതാണ് അത്. കോര്‍പറേറ്റ് അനുകൂല നയങ്ങള്‍ സാധാരണക്കാരന്റെ ക്രയശേഷിയില്‍ വലിയ ഇടിവുണ്ടാക്കി. ഇത് സര്‍വ മേഖലയിലും മാന്ദ്യത്തിന് വഴി വെച്ചു. നോട്ട് നിരോധനം ഉണ്ടാക്കിയ ആഘാതം വിവരണാതീതമായിരുന്നു. ഉദ്ദേശിച്ച ഗുണഫലങ്ങളൊന്നും ലഭിച്ചുമില്ല. കൃത്യമായ തയ്യാറെടുപ്പില്ലാതെ നടപ്പാക്കിയ ജി എസ് ടിയും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു. ഇക്കാരണങ്ങള്‍ കൊണ്ടെല്ലാം തളരാന്‍ തുടങ്ങിയ സാമ്പത്തിക ക്രമത്തെയാണ് കൊവിഡ് ആക്രമിച്ചത്. അതോടെ പതനം പൂര്‍ത്തിയായി. ഈ പ്രതിസന്ധി മറിടക്കാന്‍ പൊതു ചെലവ് വര്‍ധിപ്പിക്കുന്നതിന് പകരം എല്ലാ രക്ഷാ പാക്കേജുകളെയും വായ്പാ മേളയാക്കുകയാണ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ചെയ്തത്. അതിന് പുറമേയാണ് പൊതു മേഖലാ സ്ഥാപനങ്ങളുടെ വിറ്റഴിക്കല്‍.

കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ കൊവിഡ് പ്രതിസന്ധി സൃഷ്ടിച്ച പ്രഹരം ചില്ലറയല്ല. കൊവിഡ് കാലത്ത് നടപ്പു സാമ്പത്തിക വര്‍ഷം കേരളത്തിന് 30,000 കോടി രൂപയുടെ അധിക ബാധ്യതയുണ്ടാകുമെന്നാണ് വിലയിരുത്തല്‍. ഇങ്ങനെ നട്ടം തിരിയുന്ന സംസ്ഥാനങ്ങളെ സഹായിക്കാനുള്ള ബാധ്യത കേന്ദ്ര സര്‍ക്കാറിനുണ്ട്. കടമെടുത്തായാലും പൊതുച്ചെലവ് വര്‍ധിപ്പിക്കണം. ധനക്കമ്മിയെ കുറിച്ച് സംസാരിക്കേണ്ട സമയമല്ലിത്. രക്ഷാ പാക്കേജുകളുടെ മുഖമുദ്ര ജനങ്ങള്‍ക്ക് നേരിട്ട് പണം നല്‍കുക എന്നതായിരിക്കണം. പൊതു വിതരണ സമ്പ്രദായം ശക്തിപ്പെടുത്തണം. തൊഴില്‍ ദാതാവാകാന്‍ സര്‍ക്കാറുകള്‍ക്ക് സാധിക്കണം. ഇക്കാര്യങ്ങളില്‍ പ്രതിപക്ഷത്തുള്ള വിദഗ്ധരുടെ ഉപദേശം തേടണം. ദീര്‍ഘകാലം ഭരിച്ച പാര്‍ട്ടിയാണല്ലോ കോണ്‍ഗ്രസ്. മന്‍മോഹന്‍ സിംഗിനെപ്പോലുള്ളവര്‍ക്ക് കൃത്യമായ നിര്‍ദേശങ്ങള്‍ വെക്കാനാകും. പാര്‍ലിമെന്റില്‍ പ്രത്യേക ചര്‍ച്ച നടക്കണം. ചര്‍ച്ചയെ ഭരണപക്ഷം ഭയക്കുന്നതെന്തിനാണ്? പ്രതിസന്ധി ഘട്ടങ്ങളില്‍ ഒരുമിച്ച് പോംവഴി തേടുകയല്ലേ വേണ്ടത്. ചൈനക്ക് മുന്നറിയിപ്പ് നല്‍കാന്‍ സര്‍വ കക്ഷി യോഗം വിളിക്കുന്ന സര്‍ക്കാറിന് എന്തുകൊണ്ട് സമ്പത്തിക വിഷയത്തില്‍ അതായിക്കൂടാ.

Latest