പെണ്‍കുട്ടിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി റിമാന്‍ഡില്‍

Posted on: September 19, 2020 9:51 pm | Last updated: September 19, 2020 at 9:51 pm

കോന്നി | ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ വീട്ടില്‍ അതിക്രമിച്ചു കയറി പെട്രോള്‍ ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയെ റിമാന്‍ഡ് ചെയ്തു. പത്തനംതിട്ട നന്നുവക്കാട് വൈക്കത്ത് പുത്തന്‍ വീട്ടില്‍ രാജേഷ് ജയനെ(28)യാണ് റിമാന്‍ഡ് ചെയ്തത്.

വ്യാഴാഴ്ച രാത്രി ഏഴരയോടെയാണ് രാജേഷ് പ്രമാടം സ്വദേശിയായ പെണ്‍കുട്ടിയെ കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ എത്തിയത്. വീടിന്റെ ഗേറ്റ് പൂട്ടിയിട്ടിരുന്നതിനാല്‍ വീടിന്റെ മതില്‍ ചാടിക്കടന്ന രാജേഷ്, മാതാപിതാക്കള്‍ക്കൊപ്പം പുറത്തേക്ക് വന്ന പ്രമാടം സ്വദേശിനി(22)യുടെ ശരീരത്തിലേക്ക് കൈയിലുണ്ടായിരുന്ന കുപ്പിയിലെ പെട്രോള്‍ ഒഴിക്കുകയായിരുന്നു. കുറച്ച് തന്റെ ശരീരത്തിലും ഒഴിച്ചു. തടയാന്‍ ശ്രമിച്ച പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ ശരീരത്തും പെട്രോള്‍ വീണു. തുടര്‍ന്ന് കൈയിലിരുന്ന ലൈറ്റര്‍ കത്തിച്ച് തീ കൊളുത്താനുള്ള ശ്രമം പെണ്‍കുട്ടിയുടെ പിതാവ് പരാജയപ്പെടുത്തിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

തുടര്‍ന്ന് കോന്നി പോലീസിനെ വിളിച്ച് പ്രതിയെ കൈമാറുകയായിരുന്നു. സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ രാജേഷ് നേരത്തേ വിവാഹിതനാണ്. വിവാഹ മോചനക്കേസ് കോടതിയില്‍ നടക്കുകയാണ്. അതിനിടെ ഫേസ്ബുക്കിലുടെ പരിചയപ്പെട്ടതാണ് പെണ്‍കുട്ടിയെ. ഫോണിലൂടെ എപ്പോഴും വിളിച്ച് ശല്യപ്പെടുത്തുന്നത് കാരണം പെണ്‍കുട്ടി ഇയാളില്‍ നിന്ന് അകന്നു. വിടാന്‍ ഭാവമില്ലാതെ പിന്നാലെ കൂടിയെങ്കിലും പെണ്‍കുട്ടി ഒഴിവാക്കി.

തുടരെ ഫോണ്‍ വിളിച്ചിട്ടും എടുക്കാതെ വന്നപ്പോഴാണ് പെണ്‍കുട്ടിയെയും കൊലപ്പെടുത്തി ജീവനൊടുക്കാന്‍ ഇയാള്‍ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായിട്ടാണ് പെട്രോളുമായി എത്തിയത്. പെണ്‍കുട്ടിയെ ഇല്ലായ്മ ചെയ്ത് താനും മരിക്കാന്‍ പോകുന്നുവെന്ന തരത്തില്‍ വാട്‌സാപ്പ് സ്റ്റാറ്റസ് ഇട്ട ശേഷമാണ് പ്രതി കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടത്.

ALSO READ  പത്തനംതിട്ടയിൽ വീടുകളില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 1,000 കടന്നു