ആശുപത്രി ജീവനക്കാരുടെ മർദനമേറ്റ കൊവിഡ് രോഗിക്ക് ദാരുണാന്ത്യം

Posted on: September 19, 2020 7:03 pm | Last updated: September 19, 2020 at 8:39 pm

അഹമ്മദാബാദ് | ഗുജറാത്തിൽ ആശുപത്രി ജീവനക്കാരുടെ മർദനമേറ്റ് ഗുരുതരാവസ്ഥയിലായ കൊവിഡ് രോഗി മരിച്ചു. 38കാരനായ പ്രഭാകർ പാട്ടീൽ ആണ് രാജ്‌കോട്ട് സിവിൽ ആശുപത്രി ജീവനക്കാരുടെ മർദനമേറ്റ് മരിച്ചത്. ഒരാഴ്ച മുന്പ് ഇദ്ദേഹത്തെ ആശുപത്രി ജീവനക്കാർ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ  സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. തന്‌റെ സഹോദരന്റെ മരണത്തിന് ഉത്തരവാദികൾ ആശുപത്രി ജീവനക്കാരാണെന്ന് ചൂണ്ടിക്കാട്ടി പ്രഭാകർ പാട്ടീലിന്റെ സഹോദരൻ വിലാസ് പാട്ടീൽ പോലീസിൽ പരാതി നൽകി. യുവാവ് മരിക്കുന്നതിന് മുമ്പ് ജീവനക്കാർ സഹോദരനെ ക്രൂരമായി മർദിച്ചിരുന്നു.
കൊവിഡ് ബാധിതനായി മരിച്ചിട്ടും പ്രോട്ടോക്കോൾ ഒന്നും പാലിക്കാതെ മൃതദേഹം തങ്ങൾക്ക് കൈമാറുകയായിരുന്നു ആശുപത്രി അധികൃതരെന്നും വിലാസ് പറഞ്ഞു.

വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് 12 ദിവസം മുമ്പാണ് പ്രഭാകറിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. പിന്നീട് കൊവിഡ് ചികിത്സക്കായാണ് രാജ്‌കോട്ട് സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഇതിനിടെയാണ് ആശുപത്രി ജീവനക്കാരും സുരക്ഷാ ജീവനക്കാരും യുവാവിനെ മർദിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായത്. പി പി ഇ കിറ്റ് ധരിച്ച നഴ്‌സുമാരും ജീവനക്കാരും നിലത്തുവീണുകിടക്കുന്ന ഇയാളുടെ നെഞ്ചിൽ കാൽമുട്ട് അമർത്തി ഇരിക്കന്നതും മുഖത്ത് അടിക്കുന്നതും വീഡിയോയിൽ വ്യക്തമായിരുന്നു. എന്നാൽ രോഗി മാനസിക നില തെറ്റിയ നിലയിലായിരുന്നു പെരുമാറിയിരുന്നത് എന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണം.

അതേസമയം, നഗരത്തിലെ ഫാക്ടറിയിൽ ഓപറേറ്ററായി ജോലി ചെയ്തിരുന്ന പ്രഭാകർ മാനസികമായി ആരോഗ്യവാനായിരുന്നു. ആശുപത്രി ജീവനക്കാരുടെ അശ്രദ്ധയും മനുഷ്യത്വരഹിതവുമായ പെരുമാറ്റവുമാണ് യുവാവിന്റെ മരണത്തിന് ഇടയാക്കിയതെന്ന് കുടുംബം ആരോപിച്ചു. സംഭവത്തിൽ ആശുപത്രി അധികൃതർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഇവർ സർക്കാറിന് പരാതി നൽകിയിട്ടുണ്ട്.