അതിജീവന പ്രതിസന്ധികള്‍

Posted on: September 19, 2020 5:00 am | Last updated: September 19, 2020 at 12:49 am

കൊവിഡാനന്തര ലോകത്തിന്റെ സവിശേഷതകള്‍ എന്തായിരിക്കുമെന്ന് ഇതുവരെയും നിശ്ചയമായിട്ടില്ല. അത് എന്തായാലും മനുഷ്യന്റെ ജീവിതരീതിയിലും സാമൂഹികാവസ്ഥയിലും കാതലായ മാറ്റങ്ങള്‍ സൃഷ്ടിക്കും. അതിനെ നിർണയിക്കുന്ന ബൗദ്ധിക സാഹചര്യങ്ങളില്‍ പ്രധാനപ്പെട്ട ഒരു ഘടകം സമ്പത്തായിരിക്കും. സാമ്പത്തിക മേല്‍ക്കോയ്മയിലൂടെ മനുഷ്യന് കൂടുതല്‍ സുരക്ഷിത ജീവിതം നയിക്കാമെന്ന ധാരണയെ തിരുത്തിയ കാലം കൂടിയാണിത്. വികസിത- വികസ്വര രാഷ്ട്രങ്ങളിലെ അഭ്യന്തര ജീവിതാവസ്ഥകള്‍ കൊവിഡ് കാലത്ത് അതാണ് രേഖപ്പെടുത്തിയത്.

ഒരു രാജ്യത്തിന്റെ (സമൂഹത്തിന്റെ) ഏറ്റവും കാതലായ വശം അവിടുത്തെ ജനങ്ങള്‍ക്ക് ലഭ്യമാകുന്ന ആരോഗ്യ, വിദ്യാഭ്യാസ പരിഗണനകളാണ്. ഇത് രണ്ടും വികസിത സമൂഹങ്ങളില്‍ ശക്തമാണെന്ന വിശ്വാസത്തെയാണ് കൊവിഡ് കാലം തിരുത്തിയത്. യൂറോപ്യന്‍ രാഷ്ട്രങ്ങളിലെ സാധാരണക്കാരായ മനുഷ്യര്‍ മതിയായ ചികിത്സ ലഭ്യമാകാതെ മരണത്തിന് കീഴടങ്ങിയപ്പോള്‍ ലോകം ഞെട്ടലോടെയാണത് കണ്ടത്. കാലക്രമത്തില്‍ സമാന അവസ്ഥയിലേക്ക് ലോകരാഷ്ട്രങ്ങളിലെ ആരോഗ്യരംഗത്തെ പ്രതിസന്ധികള്‍ ശക്തിപ്രാപിച്ചു. ഭരണകൂടങ്ങള്‍ക്ക് നിയന്ത്രിക്കാന്‍ കഴിയാത്ത വിധം വളര്‍ന്ന പ്രതിസന്ധികള്‍ മനുഷ്യന്റെ നിലനിൽപ്പിനെ ബാധിക്കുന്നതായി നാം അറിഞ്ഞു. ഈ സാഹചര്യം മൂന്നാം ലോകരാഷ്ട്രങ്ങളിലേക്ക് എത്തുമ്പോള്‍ അതിന്റെ രാഷ്ട്രീയ പരിസരങ്ങള്‍ മാറുകയാണ്. പ്രത്യേകിച്ചും ജനസംഖ്യാടിസ്ഥാനത്തില്‍ ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന സാധാരണ മനുഷ്യരുടെ അവസ്ഥകള്‍. അവര്‍ കൊവിഡാനന്തര അതിജീവനത്തില്‍ നേരിടുന്ന പ്രതിസന്ധികള്‍ അതിരൂക്ഷമായിരിക്കും.

ഇന്ത്യന്‍ ജനത കൊവിഡ് കാലത്ത് രണ്ട് രീതിയിലുള്ള പ്രതിസന്ധികളെയാണ് അഭിമുഖീകരിക്കുന്നത്. ഒന്ന് ബൗദ്ധികമായ നിലനിൽപ്പിന്റെ പ്രശ്‌നമാണെങ്കില്‍ മറ്റൊന്ന് ജനാധിപത്യാവകാശങ്ങളെ ഭരണകൂടം നിരാകരിക്കുന്നതാണ്. രണ്ടിന്റെയും ഇരകള്‍ ജനസംഖ്യയില്‍ പകുതിയോളം വരുന്ന പാവപ്പെട്ട മനുഷ്യരായിരിക്കും. “പാവപ്പെട്ട’ എന്നതിന് സാമ്പത്തികമായ പിന്നാക്കാവസ്ഥ എന്ന് മാത്രമല്ല വിവക്ഷ. മറിച്ച്, ഇന്ത്യന്‍ രാഷ്ട്രീയ സമവാക്യങ്ങളെ നിർണയിച്ച സാമൂഹിക ഘടകങ്ങള്‍ കൂടി ഉള്‍പ്പെട്ടതാണത്. അതില്‍ പ്രധാനപ്പെട്ടത് രാജ്യത്തെ മർദിത മതന്യൂനപക്ഷങ്ങളും ജാതി ഹിന്ദുക്കളും കാലങ്ങളായി അനുഭവിക്കുന്ന ആസൂത്രിതമായ അവഗണനയാണ്. ഇതിനെതിരെയുള്ള രാഷ്ട്രീയ പ്രതിരോധമായിരുന്നു ഭരണഘടന ഉറപ്പ് നല്‍കിയ സാമൂഹിക സംവരണം. കൊവിഡ് കാലത്ത് സംവരണ തത്വങ്ങളിലെ അടിസ്ഥാന മൂല്യങ്ങളായ സാമൂഹികമായ പരികല്‍പ്പനകളെ നിരാകരിച്ച് അതിനെ സാമ്പത്തികമായി പുനര്‍നിർണയിക്കാന്‍ കഴിഞ്ഞു. ഇതിനെ തത്വത്തില്‍ അംഗീകരിക്കുന്ന രീതിയിലേക്ക് ഇടതുപക്ഷ പ്രസ്ഥാനങ്ങളും മാറി. ഈ സമീപനം ശക്തമായി എതിര്‍ക്കപ്പെടേണ്ടതാണ്.

ഇത്തരം വിഷയങ്ങള്‍ കൊവിഡ് കാലത്ത് ചര്‍ച്ച ചെയ്യേണ്ടതുണ്ട്. കാരണം, കൊവിഡാനന്തര സാമൂഹിക ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിസന്ധികള്‍ നേരിടുക താഴേ തട്ടില്‍ ജീവിക്കുന്ന മനുഷ്യരാകും. ഈ വിഭാഗത്തിന്റെ പിന്നാക്കാവസ്ഥയെ നിർണയിച്ച പ്രധാന ഘടകം സാമ്പത്തികമായ അസമത്വമാണെന്ന് അംഗീകരിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ മടിക്കുകയാണ്. കേരളത്തിലെ ഇടത് പക്ഷത്തിന് പോലും ഭൂമിക്ക് മേലുള്ള കുത്തകകളുടെ അധികാരങ്ങള്‍ തിരിച്ചുപിടിക്കാന്‍ കഴിയുന്നില്ല. പ്രകൃതി ദുരന്തങ്ങള്‍ക്ക് ഇരയാകുന്നവര്‍ അധികവും പുറന്പോക്കിലേക്ക് തിരസ്‌കൃതരായ മനുഷ്യരാണ്. ഉത്തരേന്ത്യന്‍ ദേശങ്ങളില്‍ ഇപ്പോഴും ഈ പാര്‍ശ്വവത്കരണത്തെ നിർണയിക്കുന്നത് ജാതിബോധമാണ്. അപ്പോഴും പരിമിതമായ സൗകര്യങ്ങള്‍ക്കിടയില്‍ അവര്‍ അതിജീവനത്തിന് വേണ്ടി പോരാടിയത് അഭ്യന്തര തൊഴില്‍ കൂടിയേറ്റം വഴിയാണ്. അവരുടെ ദൈനദിന ജീവിതത്തിന്റെ അകത്തളം എത്രമാത്രം ദുര്‍ബലമാണെന്ന് കൊവിഡിന്റെ ഒന്നാംഘട്ടം നമുക്ക് കാണിച്ചുതന്നു. രാജ്യതലസ്ഥാനത്തെ ചുട്ടുപൊള്ളുന്ന വെയിലത്ത് നഗ്നപാദരായി റോഡിലൂടെ നടന്നുപോയവര്‍, അവര്‍ക്കിടയില്‍ ഗര്‍ഭിണികളും കുട്ടികളും പ്രായം ചെന്നവരും ഉണ്ടായിരുന്നു. ചിലര്‍ യാത്രയില്‍ തളര്‍ന്നുവീണ് മരിച്ചു, ചിലര്‍ റെയില്‍പാളത്തില്‍ ചതഞ്ഞരഞ്ഞു. എല്ലാം രാജാവിന്റെ കണ്‍മുന്നില്‍ തന്നെ. അങ്ങനെ നടന്നുപോയവരില്‍, വീടണഞ്ഞവര്‍ ഇപ്പോള്‍ എങ്ങനെയായിരിക്കും ജീവിക്കുന്നുണ്ടാകുക? അവരുടെ അതിജീവന നാള്‍വഴികള്‍ ഭരണകൂടത്തെ അസ്വസ്ഥതപ്പെടുത്തുന്നില്ല എന്നതാണ് സത്യം.

ഇത്തരം ചിന്തകള്‍ രാജ്യത്തെ ഭരണാധികാരികളുടെ ഉറക്കം കെടുത്തേണ്ടതാണ്. പകരം നാം കണ്ടത് മയിലുകളുമായി ആനന്ദം പങ്കുവെക്കുന്ന പ്രധാനമന്ത്രിയെയാണ്. മറുഭാഗത്ത് പൊതുമേഖലാ സ്ഥാപനങ്ങള്‍ ആഗോള കുത്തക കമ്പനികള്‍ക്ക് വില്‍പ്പനക്ക് വെക്കുന്നു. തീവ്രദേശീയതയെക്കുറിച്ച് ഊറ്റംകൊള്ളുമ്പോഴും രാജ്യത്തിന്റെ നാട്ടെല്ല് പോലും ഊരി വില്‍ക്കാനുള്ള തിരക്കിലാണ് ഭരണകൂടം. ഇതിനെതിരെ പ്രതികരിക്കാനുള്ള ബദല്‍ ശക്തിയുടെ അഭാവം വിറ്റഴിക്കല്‍ കലാപരിപാടിക്ക് വേഗത വർധിപ്പിക്കുകയാണ്. വിറ്റഴിക്കപ്പെടുന്ന പൊതുമേഖലാ സ്ഥാപനങ്ങളില്‍ സര്‍ക്കാറിനുള്ള നിയന്ത്രണം നഷ്ടമാകുക വഴി രൂപപ്പെടുന്ന പ്രതിസന്ധികളുടെ ഇരകള്‍ പല രീതിയിലുള്ള തൊഴിലാളികളായിരിക്കും. നിലവില്‍ തൊഴില്‍ സമയം വർധിപ്പിക്കുക വഴി അത്തരം നടപടികള്‍ തുടങ്ങിക്കഴിഞ്ഞു.

ഇതൊക്കെ മധ്യ- ഉപരിവർഗത്തെ അത്ര പെട്ടെന്ന് ബാധിക്കില്ലെന്ന ധാരണയിലാണ് രാജ്യത്തെ സമ്പന്നര്‍. എന്നാല്‍, അരക്ഷിതമായ സമൂഹത്തിലെ ഒരു ജീവിതവും സുരക്ഷിതമല്ലെന്നാണ് ചരിത്രപാഠം. കൊവിഡാനന്തരം സ്ഥിതിഗതികള്‍ അത്ര പെട്ടെന്ന് പഴയ രീതിയിലേക്ക് തിരിച്ചെത്തില്ല. ഈ നിരീക്ഷണത്തെ ഉള്‍ക്കൊള്ളാന്‍ കഴിയാത്ത ഒരു ഭരണകൂടത്തിനും നിലനില്‍ക്കുന്നതും വരാനിരിക്കുന്നതുമായ അതിജീവന പ്രതിസന്ധികളെ തരണം ചെയ്യാന്‍ കഴിയില്ല. എത്രതന്നെ തീവ്ര ദേശീയബോധം ആളിക്കത്തിച്ചാലും മനുഷ്യന് ജീവിക്കാനുള്ള സാമൂഹിക സാഹചര്യങ്ങളില്‍ പ്രതിസന്ധി രൂപപ്പെട്ടു കഴിഞ്ഞാല്‍ അത് ബാധിക്കുക എതെങ്കിലും പ്രത്യേക വിഭാഗങ്ങളെ മാത്രമായിരിക്കില്ല. ആ തിരിച്ചറിവിലേക്ക് എത്താന്‍ ഇന്ത്യയിലെ ഭരണ വർഗത്തിനും അതിനെ താങ്ങിനിര്‍ത്തുന്ന ബ്യൂറോക്രാറ്റുകള്‍ക്കും കഴിയേണ്ടതുണ്ട്.

കൊവിഡാനന്തര ഇന്ത്യന്‍ സാമ്പത്തിക സാഹചര്യങ്ങള്‍ എത്രമാത്രം പ്രതിസന്ധികളെയാണ് നേരിടുകയെന്ന വസ്തുതകള്‍ നേരത്തേ തന്നെ പുറത്തുവന്നതാണ്. രാജ്യത്തെ ഒരു ശതമാനം വരുന്ന അതിസമ്പന്നരുടെ സമ്പത്തില്‍ ഒന്നര വര്‍ഷം മുമ്പുണ്ടായ വർധനവ് 39 ശതമാനമാണ്. മൊത്തം സമ്പത്തിന്റെ 77 ശതമാനവും കൈയടക്കിവെച്ചിരിക്കുന്നത് ജനസംഖ്യയുടെ 10 ശതമാനം വരുന്ന അതിസമ്പന്നരാണ്.

ഒരു ഭാഗത്ത് അഭ്യന്തര കുത്തക കോർപറേറ്റുകള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന സാമ്പത്തിക അനുകൂല്യം കൂടിവരുന്നു. മറുഭാഗത്ത് ദാരിദ്ര്യം കുന്നുകൂടുന്നു. ഈ പശ്ചാത്തലത്തില്‍ രാജ്യത്തെ തൊഴില്‍ മേഖലയില്‍ ഉത്പാദനം കുറയുക വഴി ഉണ്ടാകുന്ന തൊഴില്‍ നഷ്ടങ്ങള്‍ അടിത്തട്ടിലെ മനുഷ്യരെ കടുത്ത ദാരിദ്ര്യത്തിലെത്തിച്ചേക്കും. ഇതിനെയൊക്കെ മറികടക്കാനുള്ള ഇടപെടലാണ് രാജ്യത്തെ ഭരണകൂടം നിർവഹിക്കേണ്ടത്. എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ കൂടുതല്‍ അധികാര കേന്ദ്രീകരണത്തിലേക്ക് നീങ്ങുക വഴി ജനാധിപത്യ പൗരാവകാശങ്ങളെ ഭരണകൂടത്തിന്റെ സമ്പൂർണ അധികാര പരിധിയിലേക്കാണ് കൊണ്ടുപോകുന്നത്.

ഇതിനെ പ്രതിരോധിക്കാനുള്ള ശക്തമായ രാഷ്ട്രീയ ബദല്‍ രാജ്യത്ത് ഇന്നില്ല. മൂല്യരാഹിത്യം സംഭവിച്ച കോണ്‍ഗ്രസ് ഒരു രാഷ്ട്രീയ സംവിധാനം എന്നതിനപ്പുറം ജനാധിപത്യവത്കരിക്കപ്പെടാത്തത് അതിന്റെ ആഭ്യന്തര പ്രതിസന്ധികളായിരുന്നെങ്കിലും ഇപ്പോഴത് പുറത്ത് ചാടിയിരിക്കുന്നു. ഇത്തരം സമയങ്ങളില്‍ രാഷ്ട്രീയ പ്രതിരോധം ഉയരേണ്ടതാണ്. അതുണ്ടാകാതെ സമൂഹം നിശ്ചലാവസ്ഥയിലാണ്. ഭൂരിപക്ഷ മതത്തിന്റേതാണ് ഭരണകൂടമെന്ന് തോന്നിപ്പിക്കുംവിധം മതാധിഷ്ഠിത രാഷ്ട്രത്തിന് വേണ്ടി ഭരണഘടനാ മൂല്യങ്ങളെ അടിച്ചമര്‍ത്തുന്നു. ആഗസ്റ്റ് അഞ്ച് കൊണ്ട് ആഗസ്റ്റ് പതിനഞ്ചിനെ തിരുത്തിയപ്പോള്‍ കോണ്‍ഗ്രസ് കാണിച്ച നിലപാട് വലിയ അതിശയം സൃഷ്ടിക്കാത്തതിന് കാരണമുണ്ട്. ഭൂരിപക്ഷ മതത്തിന്റെ വിശ്വാസ താത്പര്യത്തിന് എതിര് നില്‍ക്കാന്‍ കഴിയാത്തവിധം രാഷ്ട്രത്തില്‍ നിന്ന് രാഷ്ട്രീയത്തെ അഴിച്ചുമാറ്റാന്‍ ഭരണകൂടത്തിന് കഴിഞ്ഞിരിക്കുന്നു. അതിനെ രാഷ്ട്രീയമായി പ്രതിരോധിക്കുന്നതിന് പകരം മൃദുഹിന്ദുത്വം ഞങ്ങളിലുണ്ട് എന്ന പ്രഖ്യാപനത്തിന് വലിയ അർഥമുണ്ട്.

മതേതര ഇന്ത്യന്‍ അവസ്ഥയെ വീണ്ടെടുക്കേണ്ടതിന് പകരം മതാത്മക ഇന്ത്യയെ തലോടുന്ന രീതിയിലേക്ക് കോണ്‍ഗ്രസ് മാറുമ്പോള്‍ ജനാധിപത്യ, മതേതര രാഷ്ട്ര കല്‍പ്പനയില്‍ നിന്ന് രാജ്യം അതിവേഗം മാറ്റപ്പെടുകയാണ്. ഇത് രാജ്യത്തെ ബഹുസ്വര സമൂഹത്തിന്റെ അതിജീവനത്തെ ബാധിക്കുക തന്നെ ചെയ്യും.