ചൈനയിലെ ബയോഫാർമ പ്ലാന്റിൽ ചോർച്ച; ആയിരത്തിലധികം പേർക്ക് രോഗബാധ

Posted on: September 18, 2020 7:19 pm | Last updated: September 18, 2020 at 7:19 pm

ബെയ്ജിംഗ് | രാജ്യത്തെ ബയോഫാർമ പ്ലാന്റിലുണ്ടായ ബാക്ടീരിയ ചോർച്ച മൂലം ആയിരക്കണക്കിന് അളുകൾ രോഗബാധിതരായതായി റിപ്പോർട്ട്. സർക്കാർ ഉടമസ്ഥതയിലുള്ള ബയോഫാർമ സ്യൂട്ടിക്കൽ പ്ലാന്റിലുണ്ടായ ചോർച്ചയിലാണ് വടക്കുപടിഞ്ഞാറൻ ചൈനയിലെ ആയിരത്തിലധികം ആളുകൾക്ക് ബാക്ടീരിയ പടർത്തുന്ന ബ്രൂസല്ലോസിസ് രോഗം പിടിപെട്ടതെന്നാണ് വെളിപ്പെടുത്തൽ.

ലാൻഷോ നഗരത്തിൽ ഇതുവരെ 3,245 പേർക്കാണ് ബാക്ടീരിയ ബാധ സ്ഥിരീകരിച്ചതെന്ന് ആരോഗ്യപ്രവർത്തകർ പറഞ്ഞു. രോഗബാധയുള്ള മൃഗങ്ങളുമായോ മൃഗ ഉത്പന്നങ്ങളുമായോ അടുത്ത ബന്ധം പുലർത്തുന്നവരെയാണ് രോഗം ബാധിക്കുന്നത്. മൃഗങ്ങൾക്കുവേണ്ടിയുള്ള വാക്‌സിൻ നിർമാണത്തിനിടെയാണ് ചോർച്ചയുണ്ടായത്. കഴിഞ്ഞ വർഷം ജൂലായ് മുതൽ ആഗസ്റ്റ് വരെയുള്ള കാലയളവിൽ പ്ലാന്റിൽ കാലാവധി കഴിഞ്ഞ അണുനാശിനികൾ ബ്രൂസല്ല വാക്‌സിൻ നിർമിക്കുന്നതിന് ഉപയോഗിച്ചിരുന്നു. ഇങ്ങനെ പുറന്തള്ളിയ പുകയിൽ ഉണ്ടായിരുന്ന നശിക്കാത്ത ബാക്ടീരിയകൾ എയ്‌റോസോളുകൾ വഴി അന്തരീക്ഷത്തി വ്യാപിക്കുകയായിരുന്നെന്ന് ലാൻഷോ ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.

ആദ്യഘട്ടത്തിൽ 1,401 പേർക്കാണ് ബ്രൂസല്ലോസിസ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ഡിസംബറിൽ തന്നെ 200 ഓളം പേർക്ക് രോഗം ബാധിച്ചിരുന്നു. ലാൻഷോ സർവകലാശാലയിലെ 20ഓളം വിദ്യാർഥികൾക്കും അധ്യാപകർക്കും ആദ്യം രോഗം സ്ഥിരീകരിച്ചിരുന്നതായി സിൻഹുവ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ആടുകൾ, കന്നുകാലികൾ, പന്നികൾ എന്നിവയിൽ നിന്നാണ് പ്രധാനമായും ബ്രൂസല്ലോസിസ് ബാക്ടീരിയ വ്യാപനം ഉണ്ടാകുകയെന്ന് ലാൻഷോ ആരോഗ്യകമ്മീഷൻ അറിയിച്ചു.

മാൾട്ട ഫീവർ, മെഡിറ്ററേനിയൻ ഫീവർ എന്നീ പേരുകളിലും ഈ രോഗം അറിയപ്പെടുന്നുണ്ട്.
പനി, വിട്ടുമാറാത്ത ക്ഷീണം, സന്ധിവേദന, തലവേദന തുടങ്ങിയവ ഇതിന്റെ ലക്ഷണങ്ങളാണ്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് ബ്രൂസല്ലോസിസ് പടരുന്നത് വളരെ അപൂർവമായി മാത്രമാണെന്ന് യു എസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ പറയുന്നു. മലിനമായ ഭക്ഷണം കഴിക്കുന്നതിലൂടെയും ശ്വസനത്തിലൂടെയുമാണ് രോഗം ബാധിക്കുന്നതെന്നാണ് പഠനത്തിൽ പറയുന്നത്.

വാക്‌സിൻ ചോർച്ചയെത്തുടർന്ന് ബയോ ഫാർമ ഈ വർഷം ആദ്യം മാപ്പ് ചോദിച്ചിരുന്നു. കമ്പനിയുടെ വാക്‌സിൻ നിർമാണ ലൈസൻസ് അധികൃതർ റദ്ദാക്കിയിട്ടുണ്ട്. ഒക്ടോബർ മുതൽ രോഗികൾക്കുള്ള നഷ്ടപരിഹാരം നൽകുന്നത് ഘട്ടംഘട്ടമായി ആരംഭിക്കുമെന്ന് പ്രാദേശിക വൃത്തങ്ങൾ അറിയിച്ചു.