നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററിന് നേരെ സൈബര്‍ ആക്രമണം; ഡാറ്റകള്‍ നഷ്ടമായി

Posted on: September 18, 2020 5:50 pm | Last updated: September 18, 2020 at 11:48 pm

ന്യൂഡല്‍ഹി | രാജ്യത്തെ ഏറ്റവും വലിയ ഡാറ്റാ ഏജന്‍സിയായ നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്‌സ് സെന്ററിന് (എന്‍ഐസി) നേരെ സൈബര്‍ ആക്രമണം. ഏജന്‍സിയുടെ നിരവധി കമ്പ്യൂട്ടറുകളില്‍ നിന്ന് തന്ത്രപ്രധാനമായ വിവരങ്ങള്‍ ഹാക്കര്‍മാര്‍ കടത്തി. സംഭവത്തില്‍ ഡല്‍ഹി പോലീസിന്റെ പ്രത്യേക സെല്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.

പ്രധാനമന്ത്രിയും എന്‍എസ്എയും ഉള്‍പ്പെടെയുള്ള ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങളാണ് എന്‍ഐസിയില്‍ സൂക്ഷിക്കുന്നത്. രാജ്യത്തെ പൗരന്മാരുമായും വിവിഐപികളുമായും ബന്ധപ്പെട്ട വിവരങ്ങളും എന്‍ഐസിയിലുണ്ട്. അത്തരമൊരു സാഹചര്യത്തില്‍, ഈ സൈബര്‍ ആക്രമണം വളരെ അപകടകരമായാണ് വിലയിരുത്തപ്പെടുന്നത്. ബാംഗ്ലൂര്‍ ആസ്ഥാനമായുള്ള ഒരു സ്ഥാപനമാണ് സൈബര്‍ ആക്രമണത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്.

ഡല്‍ഹി പോലീസിന്റെ സ്‌പെഷ്യല്‍ സെല്ലിന് ലഭിച്ച വിവരം അനുസരിച്ച് എന്‍ഐസിയുടെ കമ്പ്യൂട്ടറുകളിലേക്ക് ഇമെയില്‍ വഴി മാല്‍വെയര്‍ അയച്ചാണ് ആക്രമണം എന്നാണ് അറിയുന്നത്. ഇമെയിലിന് ഒപ്പമുള്ള ലിങ്കില്‍ ക്ലിക്കുചെയ്തതോടെ കമ്പ്യൂട്ടറുകളില്‍ നിന്നുള്ള എല്ലാ വിവരങ്ങളും മായ്ക്കപ്പെടുകയായിരുന്നു.

വാര്‍ത്ത വന്നയുടനെ ഡല്‍ഹി പോലീസിന്റെ സ്പെഷ്യല്‍ സെല്‍ കമാന്‍ഡര്‍ എടുത്ത് കേസില്‍ അന്വേഷണം തുടങ്ങി. ബാംഗ്ലൂര്‍ ആസ്ഥാനമായുള്ള ഒരു കമ്പനിയില്‍ നിന്നാണ് ഇമെയില്‍ വന്നത് എന്നാണ് പ്രാഥമിക വിവരം. യുഎസ് ആസ്ഥാനമായുള്ള സ്ഥാപനവുമായി ബന്ധപ്പെട്ട ഈ കമ്പനിയുടെ ഐപി വിലാസം പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

ALSO READ  രാജ്യസുരക്ഷക്ക് ഭീഷണിയായി സൈബര്‍ ആക്രമണങ്ങള്‍