Connect with us

Kerala

തുടര്‍ഭരണം ഭയന്ന് കൊലീബി സഖ്യം സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു: കോടിയേരി

Published

|

Last Updated

തിരുവനന്തപുരം | ഇടതുപക്ഷത്തിന് തുടര്‍ഭരണം ഉണ്ടാകുമെന്ന് വന്നതോടെയാണ് പ്രതിപക്ഷം സര്‍ക്കാറിനെതിരെ യുദ്ധപ്രഖ്യാപനം നടത്തിയതെന്നും കോണ്‍ഗ്രസും ബിജെപിയും ലീഗും ചേര്‍ന്ന് സര്‍ക്കാരിനെ അട്ടമറിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേരളത്തിലെ ധനമൂലധന ശക്തികളും പുറത്തുള്ള ചില കോര്‍പറേറ്റുകളും ഒരുവിഭാഗം ജാതിമത ശക്തികളും ഇവര്‍ക്കെല്ലാവിധ സഹായവും നല്‍കിക്കൊണ്ടിരിക്കുകയാണെന്നും ഇതിന് ചില കോര്‍പറേറ്റ് മാധ്യമങ്ങളുടെ പിന്തുണയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയറ്റ് യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കോടിയേരി.

ജനപക്ഷ നിലപാട് സ്വീകരിച്ചാണ് എല്‍ഡിഎഫ് പ്രവര്‍ത്തിക്കുന്നത്. 100 ദിവസം കൊണ്ട് 100 പദ്ധതികള്‍ നടപ്പാക്കാന്‍നുള്ള തീരുമാനം കേരളത്തിലെ എല്ലാ വീട്ടുകാര്‍ക്കും ആശ്വാസം പകരുന്നതാണ്. ഇത് യുഡിഎഫ് കേന്ദ്രങ്ങളെ അസ്വസ്ഥമാക്കിയെന്നും ഈ പദ്ധതികള്‍ തകര്‍ക്കാനാണ് യുഡിഎഫും ബിജെപിയും സമാന്തരമായി ഇറങ്ങിത്തിരിച്ചിരിക്കുതെന്നും കോടിയേരി വ്യക്തമാക്കി.

ബിജെപിയല്ല സിപിഐ എമ്മാണ് തങ്ങളുടെ ശത്രുവെന്നാണ് പി കെ കുഞ്ഞാലിക്കുട്ടി പരസ്യമായി പറഞ്ഞത്. മുസ്ലിം ലീഗ് തന്നെ ബിജെപിയുമായി അടുത്ത തെരഞ്ഞെടുപ്പില്‍ മുന്നണിയുണ്ടാക്കാന്‍ തയ്യാറാണെന്നാണ് അതിനര്‍ത്ഥം. മാറാട് കേസ് സിബിഐ ഏറ്റെടുത്തിട്ട് കുറേക്കാലമായെങ്കിലും അന്വേഷണ നടപടികള്‍ സിബിഐ മുന്നോട്ടു കൊണ്ടുപോകുന്നില്ല. മാറാട് കേസിന്റെ അന്വേഷണ നടപടികള്‍ സിബിഐ നടത്താത്തതും കുഞ്ഞാലിക്കുട്ടി സ്വീകരിച്ചിരിക്കുന്ന നിലപാടും തമ്മില്‍ ബന്ധമുണ്ടോയെന്ന് ലീഗ് വ്യക്തമാക്കണം. യുഡിഎഫിനും ഇന്ന് ബിജെപിയോട് വിരോധമില്ല. കോണ്‍ഗ്രസ് കേരളത്തില്‍ ബിജെപിയെ എതിര്‍ക്കാന്‍ തയ്യാറല്ല. സിപിഐ എം വിരുദ്ധ-ഇടതുപക്ഷ വിരുദ്ധ സഖ്യം രൂപപ്പെടുത്തിയെടുക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണ് ഇത്.

ബിജെപിയുടെയും യുഡിഎഫിന്റെയും സമരങ്ങള്‍ക്ക് ജനപിന്തുണയില്ല. ഇതോടെ സമരങ്ങള്‍ ഗുണ്ടായിസത്തിലേക്ക് മാറിയിരിക്കുന്നു. അറിയപ്പെടുന്ന ഗുണ്ടകളെ സമരത്തിലേക്ക് കോണ്‍ഗ്രസും ബിജെപിയും റിക്രൂട്ട് ചെയ്യുകയാണ്. മന്ത്രിമാര്‍ സഞ്ചരിക്കുന്ന ഘട്ടത്തില്‍ കൊലപ്പെടുത്താനും അക്രമിക്കാനും നടന്ന ശ്രമങ്ങള്‍ ഇതിന്റെ ഭാഗമാണ്. കെ ടി ജലീലിനും എ കെ ബാലനുമെതിരെ നടന്ന ആക്രമങ്ങള്‍ ആസൂത്രിതമാണ്. എന്നാല്‍ ഈ സമരങ്ങളെ ജനങ്ങള്‍ നേരിടും. സര്‍ക്കാരിനെതിരെ വരുന്ന എല്ലാ പ്രചരണങ്ങളെയും ജനങ്ങളെ അണിനിരത്തി നേരിടാന്‍ എല്‍ഡിഎഫിന് കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.