Kerala
നയതന്ത്ര ബാഗേജിലൂടെ പാഴ്‌സല്‍ കൊണ്ടുവന്ന സംഭവത്തില്‍ കസ്റ്റംസ് കേസ്

കൊച്ചി | നയതന്ത്ര ബാഗേജിലൂടെ പാഴ്‌സല്‍ കൊണ്ടുവന്ന് വിതരണം ചെയ്ത സംഭവത്തില്‍ കസ്റ്റംസ് രണ്ട് കേസെടുത്തു. ഈന്തപ്പഴം കൊണ്ടുവന്ന സംഭവത്തിലും ഖുര്‍ആന്‍ കൊണ്ടുവന്ന സംഭവത്തിലുമാണ് കേസെടുത്തിരിക്കുന്നത്. നയതന്ത്ര ബാഗിലൂടെ കൊണ്ടുവരുന്നത് കൊണ്‍സുലേറ്റ് ആവശ്യത്തിനുള്ള സാധനങ്ങാണ്. ഇത് പുറത്ത് വിതരണം ചെയ്യണമെങ്കില്‍ രാജ്യത്തിന്റെ അനുമതി വേണം. ഇത് ലംഘിക്കപ്പെട്ടതിനാണ് കേസ്. കസ്റ്റംസിന്റെ കേസില്‍ യു എ ഇ കോണ്‍സുലേറ്റാണ് എതിര്‍കക്ഷി.
വിവാദങ്ങള്‍ തുടരുന്നതിനിടെ ആദ്യമായാണ് യു എ ഇ കോണ്‍സുലേറ്റിനെതിരെ ഒരു നീക്കം കസ്റ്റംസിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. കേസില്‍ മന്ത്രി കെ ടി ജലീലിനെയും ചോദ്യം ചെയ്യും. ഇന്നലത്തെ ചോദ്യം ചെയ്യലില്‍ ഖുര്‍ആന്‍ കൈപ്പറ്റിയത് കേന്ദ്രത്തെ എന്തുകൊണ്ട് അറിയിച്ചില്ല, എന്തുകൊണ്ട് മുന്‍കൂര്‍ അനുമതി തേടിയില്ലെന്ന എന്‍ ഐ എയുടെ ചോദ്യത്തിന് ജലീലിന് വ്യക്തമായ ഉത്തരം നല്‍കാനായില്ലെന്നാണ് എന്‍ ഐ എ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. എന്നാല്‍ മറ്റ് വിഷയങ്ങളില്‍ കൃത്യമായ മറുപടി മന്ത്രിയില്‍ നിന്നും ലഭിച്ചിട്ടുണ്ട്.
മന്ത്രിയുടെ മൊഴി പകര്‍പ്പ് ഇന്നലെ തന്നെ എന്‍ ഐ എ ഉദ്യോഗസ്ഥര്‍ കേന്ദ്ര ഓഫീസിന് കൈമാറിയിട്ടുണ്ട്. ഇത് പരിശോധിച്ചാകും തുടര്‍ നടപടികള്‍.