രാജ്യാന്തര മയക്കുമരുന്ന് മാഫിയാ തലവനെ ദുബൈ പോലീസ് പിടികൂടി

Posted on: September 18, 2020 6:30 am | Last updated: September 18, 2020 at 1:47 am

ദുബൈ കോടികളുടെ മയക്കുമരുന്ന് കേസുകളില്‍ ഇന്റര്‍പോള്‍ അന്വേഷിച്ച് വരികയായിരുന്ന രാജ്യാന്തര മാഫിയാ തലവന്‍ അല്‍ബേനിയക്കാരനായ ഡെനിസ് മതോഷിയെ ദുബൈ പോലീസ് പിടികൂടി. ‘ലോസ് ബ്ലാന്‍കോസ്’ എന്ന ഓപറേഷനിലൂടെയായിരുന്നു അറസ്റ്റെന്ന് പോലീസ് പറഞ്ഞു. തെക്കന്‍ അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങള്‍ക്കിടയില്‍ ഇയാള്‍ 35 കോടി യൂറോ (150 കോടി ദിര്‍ഹം) വിലമതിക്കുന്ന ലഹരി മരുന്ന് വ്യാപാരം നടത്തിയിരുന്നതായും അധികൃതര്‍ അറിയിച്ചു.

പത്ത് രാജ്യങ്ങള്‍ കേന്ദ്രീകരിച്ച് ഓപറേഷന്‍ ലോസ് ബ്ലാന്‍കോസ് എന്ന രാജ്യാന്തര ഓപറേഷനിലൂടെയാണ് ദുബൈ പോലീസ് പ്രതിയെ വലയിലാക്കിയത്. ലഹരിമരുന്ന് വ്യാപാരത്തിനും ഇതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിലും പ്രതിയായ ഇയാള്‍ക്ക് വേണ്ടി ഇറ്റാലിയന്‍ പോലീസ് തിരച്ചില്‍ നടത്തിവരികയായിരുന്നു. പത്ത് രാജ്യങ്ങളിലെ ലഹരിവിരുദ്ധ വിഭാഗങ്ങള്‍ ഓപറേഷനില്‍ പങ്കെടുത്തു.